കൊച്ചി: ലോക്ഡൗണില്‍ വീട്ടിലിരുന്ന മലയാളി പുട്ടുണ്ടാക്കുന്നതിലും വേഗത്തില്‍ പഠിച്ചത് കേക്കുണ്ടാക്കാനാണ്. അതുകൊണ്ടുതന്നെ കേക്കും കേക്കുണ്ടാക്കലും അത്ര പുത്തരിയല്ലാതായി. എന്നാല്‍, കേക്ക് കരകൗശലപ്പണിയായി കരുതുന്ന ഒരു കേക്ക് ആര്‍ട്ടിസ്റ്റായാലോ...? എറണാകുളം സിറ്റി ഹോസ്പിറ്റലിലെ എംബ്രിയോളജിസ്റ്റായ തസ്‌നി വാഹിദാണ് അതിശയിപ്പിക്കുന്ന രൂപങ്ങളില്‍ കേക്കുകളുണ്ടാക്കുന്നത്.

കേക്കുതന്നെയാണോ ഇതൊക്കെയെന്ന് ആരും സംശയിക്കും. പൂവും പാവയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമൊക്കെ കേക്കില്‍ സുപരിചിതമാണ്. എന്നാല്‍, ഹാന്‍ഡ്ബാഗും ബര്‍ഗറും കുടുക്ക ബിരിയാണിയും ആപ്പിള്‍ ഐഫോണുമൊക്കെ മുന്നില്‍വെച്ചാലോ. പറഞ്ഞാല്‍ത്തീരുന്നതല്ല തസ്‌നിയുടെ മധുരരൂപങ്ങള്‍. ഒരു ഡിസൈനും തസ്‌നി പിന്നീട് ആവര്‍ത്തിക്കില്ല.

എട്ടുവര്‍ഷം മുന്‍പ് വെറുമൊരിഷ്ടത്തിന് തുടങ്ങിയതാണ് കേക്കുണ്ടാക്കല്‍. മകന്റെ പിറന്നാളിന് വ്യത്യസ്തമായ കേക്ക് കിട്ടാത്തതാണ് തന്നെ കേക്ക് ആര്‍ട്ടിസ്റ്റാക്കിയതെന്ന് തസ്‌നി.

''അടുക്കള എനിക്കൊരു ലാബ് പോലെയാണ്. എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യണമെന്ന ആലോചനയാണ് ഓരോ കേക്കിന്റെ പിന്നിലുമുള്ള പ്രചോദനം. വരയ്ക്കുമെന്നല്ലാതെ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അറിയില്ലായിരുന്നു'' -തസ്‌നി പറയുന്നു.

ഒരു കേക്ക് ചെയ്യാന്‍ മൂന്നു ദിവസമെടുക്കും. തിരക്കുപിടിച്ച് ഓര്‍ഡറുകളെടുത്ത് തന്റെ കേക്കിന്റെ തനിമ കളയാന്‍ തസ്‌നിയില്ല. കേക്കിന്റെ രുചിയും രൂപവും ഓര്‍ത്താണ് വീണ്ടും ആളുകളെത്തുന്നത്. സോഷ്യല്‍ മീഡിയയിലും തസ്‌നിയുടെ കേക്കുകള്‍ക്ക് ആരാധകരുണ്ട്. ആളുകള്‍ പറയുന്ന തീമില്‍ സ്വന്തം ആശയങ്ങളും ചേര്‍ത്താണ് ഓരോ കേക്ക് രൂപങ്ങളും തസ്‌നിയുടെ കൈകള്‍ വാര്‍ത്തെടുക്കുന്നത്.

തൃശ്ശൂരില്‍ റേഡിയോളജിസ്റ്റായ ഷെഫീക്കാണ് തസ്നിയുടെ ഭര്‍ത്താവ്. ഫുഡ് ഫൊട്ടോഗ്രഫിയില്‍ താത്പര്യമുള്ള അദ്ദേഹമാണ് തന്റെ കേക്ക് നിര്‍മാണത്തിലും ജോലിയിലും പ്രചോദനമെന്ന് തസ്‌നി പറഞ്ഞു.

താരിഖും നൗറീനും മക്കളാണ്. 'കേക്ക്സ്ട്രോമിക്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ തസ്‌നിയുടെ കേക്കുകള്‍ കാണാം.

 Content Highlights: About Thasni wahid cake artist