തേഞ്ഞിപ്പലം: 'അര്‍ജുനന് പത്തു പേരുകള്‍ ലഭിച്ചതെങ്ങനെയാണെന്നറിയുമോ കുട്ടികളേ? മഹിഷാസുരമര്‍ദിനിയെന്ന് ദുര്‍ഗാഭഗവതിയെ വിളിക്കാന്‍ കാരണമെന്താണ് മക്കളേ ?' പുരാണകഥകള്‍ കുട്ടികള്‍ക്കുവേണ്ടി ലളിതമനോഹരമായി ഗൂഗിള്‍ പോഡ്കാസ്റ്റ് വഴി അവതരിപ്പിക്കുന്ന 'ശങ്കരലീല' (sankaraleela podcast) അമ്പത് അധ്യായങ്ങള്‍ പിന്നിട്ടിരിക്കുന്നു.

ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും ഉള്ളിലെ വെളിച്ചം കഥാരൂപത്തില്‍ കുട്ടികളിലേക്കെത്തിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നു വിരമിച്ച അസിസ്റ്റന്റ് രജിസ്ട്രാര്‍ രേണുക വാരിയരാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് വിരസത മാറ്റുന്നതിനൊപ്പം കുട്ടികള്‍ക്ക് അറിവേകുകകൂടി ലക്ഷ്യമിട്ട് ഓണ്‍ലൈനിലെ കഥപറച്ചില്‍ തുടങ്ങിയത്. മൂവായിരത്തിലധികംപേര്‍ കേള്‍വിക്കാരായുണ്ടെന്ന് രേണുക പറഞ്ഞു.

കഥ തിരഞ്ഞെടുത്ത് കുട്ടികള്‍ക്കു രസിക്കുന്ന രീതിയില്‍ അതു പറയാനും എഡിറ്റ് ചെയ്യാനുമായി രണ്ടുദിവസമെങ്കിലും വേണം. ഡിജിറ്റല്‍ ആക്സസിബിള്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ഡെയ്സി) എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് എഡിറ്റിങ്. ആഴ്ചയില്‍ ഒന്ന് എന്നരീതിയിലാണ് അപ്ലോഡ് ചെയ്യുന്നത്. 'ഗണപതി പ്രാതല്‍' ആയിരുന്നു ആദ്യകഥ.

രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണങ്ങളിലെ വായിച്ചറിഞ്ഞ കഥകളും കുട്ടിക്കാലത്ത് മുത്തശ്ശിയില്‍നിന്നു കേട്ട കഥകളുമെല്ലാമാണ് ഉള്ളടക്കം. ഭാവിയില്‍ ഭാരതീയ ക്ലാസിക് കഥകള്‍കൂടി പോഡ്കാസ്റ്റ് വഴി കുട്ടികളിലേക്ക് എത്തിക്കാനാണ് ആഗ്രഹമെന്ന് രേണുക പറഞ്ഞു.

സര്‍വകലാശാലാ ജീവനക്കാരിയായിരിക്കെ കാഴ്ചയില്ലാത്തവര്‍ക്കായി ഓഡിയോ പുസ്തകങ്ങള്‍ തയ്യാറാക്കിക വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കാഴ്ചലഭിക്കാന്‍ ഏഴുവയസ്സിനിടെ ഏഴ് ശസ്ത്രക്രിയകള്‍ക്കു വിധേയമായിട്ടുണ്ട്. ഇരുപത്തിയേഴാം വയസ്സില്‍ പൂര്‍ണ കാഴ്ചശക്തി നഷ്ടപ്പെട്ടു. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചതോടെയാണ് ജീവിതം കൂടുതല്‍ സര്‍ഗാത്മകമായത്.തൃശ്ശൂര്‍ പഴുവില്‍ ഇടക്കുനി വാരിയത്തെ കെ. ശങ്കരവാരിയരുടെയും റിട്ട. അധ്യാപികയായ ലീല വാരസ്യാരുടെയും മകളാണ്. സഹോദരിയും കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍നിന്നു വിരമിച്ച അധ്യാപികയുമായ സുചിത്രയ്‌ക്കൊപ്പം പഴുവിലെ വീട്ടിലാണ് താമസം.

Content Highlights: About Shashikala inspiring women