വടകര: 1934 ജനുവരി 14... ഹരിജനോദ്ധാരണത്തിന് ഫണ്ട് കണ്ടെത്താനുള്ള യാത്രയ്ക്കിടെ വടകരയിലെത്തിയ മഹാത്മാഗാന്ധി കോട്ടപ്പറമ്പില്‍ തിങ്ങിനിറഞ്ഞ സദസ്സിനുമുമ്പാകെ പ്രസംഗിക്കുകയാണ്. സര്‍വാഭരണവിഭൂഷിതരായ സ്ത്രീകളെ നോക്കി ഗാന്ധിജി പറഞ്ഞു. ''നിങ്ങളിവിടെ ആവശ്യത്തിലേറെ ആഭരണങ്ങളണിഞ്ഞാണ് വന്നിരിക്കുന്നത്. അധികമെന്ന് നിങ്ങള്‍ക്ക് ബോധ്യമുള്ള ആഭരണങ്ങളുടെ പങ്ക് എന്നെ ഏല്‍പ്പിക്കുക...'' -പ്രസംഗം അവസാനിച്ച് അല്പനിമിഷങ്ങള്‍ക്കുള്ളില്‍ കൗമുദിയെന്ന പതിനാറുകാരി വേദിയിലേക്കുകയറി തന്റെ സ്വര്‍ണവള ഊരി ഗാന്ധിജിയെ ഏല്‍പ്പിച്ചു. പിന്നെ മറ്റൊരു വള, മാല, കമ്മല്‍... മനസ്സുനിറഞ്ഞ ഗാന്ധിജി അവളോടു പറഞ്ഞു... ''നിന്റെ ത്യാഗം നീ ഇപ്പോള്‍ ഉപേക്ഷിച്ച ആഭരണങ്ങളേക്കാള്‍ വിലയേറിയ ആഭരണമാണ്...'' ഗാന്ധിജിയും രാജ്യവും ആ ത്യാഗത്തെ വാഴ്ത്തി. അതിലൂടെ വടകരയുടെ പേരും ചരിത്രത്തില്‍ തിളങ്ങി...

പക്ഷേ, അധികം വാഴ്ത്തപ്പെടാതെപോയ ഒരു സംഭവംകൂടിയുണ്ടായിരുന്നു അന്നത്തെ ചടങ്ങില്‍. കോട്ടപ്പറമ്പില്‍ ചക്കരവില്‍ക്കാനെത്തിയ ഒരു സ്ത്രീ ഗാന്ധിജിയുടെ വാക്കുകേട്ട് തന്റെ വലിയ കമ്മല്‍ (തോട) അഴിച്ച് ഗാന്ധിജിക്ക് സമര്‍പ്പിച്ചു. അതേക്കുറിച്ച് അന്നത്തെ ചടങ്ങില്‍ പങ്കെടുത്ത സ്വാതന്ത്ര്യസമരസേനാനി കെ. കുഞ്ഞിരാമക്കുറുപ്പ് 'ഒരു സോഷ്യലിസ്റ്റിന്റെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെ. '... കൗമുദിക്കുട്ടി തന്റെ സ്വര്‍ണാഭരണങ്ങള്‍ ഊരി ഗാന്ധിജിക്ക് സമര്‍പ്പിച്ചു... അപ്പോഴേക്കും ചന്തയില്‍ ചക്കര വില്‍ക്കാന്‍വന്ന ഒരു മധ്യവയസ്‌ക തന്റെ കാതിലെ പണ്ടം ഊരി ഗാന്ധിജിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു...'

ഗാന്ധിജിയുടെ വടകര സന്ദര്‍ശനം 87 വര്‍ഷം പിന്നിടുമ്പോള്‍ വടകര തേടുന്നത് അവരെയാണ്... ആരാണ് ആ ചക്കരവില്‍പ്പനക്കാരി...? കുഞ്ഞിരാമക്കുറുപ്പിനു പുറമേ അന്ന് സംഭവത്തിന് സാക്ഷിയായ വടകരയിലെ വാഴയില്‍ കണാരന്‍ മാസ്റ്ററും ഇതേക്കുറിച്ച് പലവേദികളിലും മറ്റും പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മകന്‍ കുട്ടികൃഷ്ണന്‍ നാരായണനഗരം ഓര്‍ക്കുന്നു.

''അച്ഛന്‍ പറഞ്ഞ ഓര്‍മവെച്ച് ചക്കര വില്‍ക്കാന്‍വന്ന മാണിക്കാമ്മ എന്നുപേരുള്ള സ്ത്രീ അന്ന് ഗാന്ധിയെക്കാണാന്‍ വേദിയുടെ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. കൗമുദിയുടെ സല്‍പ്രവൃത്തി കണ്ടയുടന്‍ തന്റെ ആകെയുള്ള സമ്പാദ്യമായ സ്വര്‍ണത്തോട കാതില്‍നിന്ന് ഊരിയെടുത്ത് ഗാന്ധിജിയുടെ കാല്‍ക്കല്‍വെച്ചു... പതിനേഴ് വയസ്സായിരുന്നു അന്ന് അച്ഛന്... അച്ഛന്‍ പലവേദികളിലും വികാരഭരിതനായി ഈ സംഭവം വിശദീകരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്...''

വടകര, പുതുപ്പണം ഭാഗത്തെവിടെയോ ആണ് ഇവരുടെ ദേശമെന്നാണ് സംശയം. വടകരയില്‍ മുമ്പ് തെങ്ങിന്‍ചക്കര ഉണ്ടാക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. വടകരയിലെ ആഴ്ചച്ചന്തയിലാണ് ചക്കര വിറ്റിരുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ് ഭൂരിഭാഗം പേരും.

അത്തരമൊരു സ്ത്രീ ഗാന്ധിജിയുടെ വാക്കുകേട്ട് സ്വന്തം തോട ഊരിക്കൊടുത്തത് വലിയ ത്യാഗം തന്നെയാണെന്നാണ് വിലയിരുത്തല്‍. ചരിത്രകാരന്‍ പി. ഹരീന്ദ്രനാഥ് ഉള്‍പ്പെടെയുള്ളവര്‍ ഈ സ്ത്രീയെക്കുറിച്ചറിയാന്‍ കുറെ ശ്രമിച്ചെങ്കിലും വിശദവിവരം കിട്ടിയിട്ടില്ല.

Content Highlights: About Koumudi teacher and maanikaama