വീട്ടുമുറ്റംനിറയെ ആമ്പലും താമരയുംകൊണ്ട് സൗന്ദര്യത്തിന്റെ വിസ്മയം സൃഷ്ടിക്കുകയാണ് ഷാര്‍ജയിലെ മലയാളി വീട്ടമ്മ. ചെടികളും പൂക്കളുംകൊണ്ട് പരിമിതിയുടെ ലോകത്ത് പരിമളമുണ്ടാക്കുന്നത് മലപ്പുറം വേങ്ങരസ്വദേശി ജാസ്മിന്‍ ഷാനവാസാണ്. ജല സസ്യങ്ങളോടുള്ള ഇഷ്ടംകൊണ്ട് വെറും വിനോദമായി തുടങ്ങിയതാണ് ജാസ്മിന്റെ ആമ്പല്‍, താമര വിപ്ലവം. ഇപ്പോള്‍ അതവരുടെ ജീവിതത്തിന്റെ ഭാഗമായി.

ശുദ്ധജലത്തിലും പൊയ്കയിലും കാണപ്പെടുന്ന ആമ്പല്‍ (വാട്ടര്‍ ലില്ലി) ചെടിയുടെ 42 വര്‍ഗങ്ങള്‍ ജാസ്മിന്‍ വില്ലയുടെ മുറ്റത്ത് വെള്ളം സംഭരിച്ച് വളര്‍ത്തി പരിപാലിക്കുന്നു. വെള്ളയും ചുവപ്പുമായി രാത്രിയില്‍ പൂക്കുകയും പകല്‍ച്ചൂടില്‍ കൂമ്പുകയും ചെയ്യുന്ന ആമ്പല്‍ ഭംഗി കുടുബത്തോടെ ആസ്വദിക്കുകയാണ് ഈ വീട്ടമ്മ. ആവശ്യമായ ജലാംശം ആഗിരണം ചെയ്യാന്‍ പാകത്തില്‍ പ്ലാസ്റ്റിക്കിന്റെ വിസ്താരമുള്ള ചെറുപാത്രങ്ങളില്‍ ആമ്പല്‍ വളര്‍ത്തുന്നു. ദുബായില്‍നിന്നും മറ്റും സസ്യങ്ങള്‍ കൊണ്ടുവന്നാണ് ജാസ്മിന്‍ വീട്ടുമുറ്റത്ത് പൂക്കള്‍ വിരിയിക്കുന്നത്. പപ്പിള്‍ ജോയ്, ദുബാന്‍, വാനവിസ, കാര്‍ലസ് ഔന്‍ഷൈന്‍ തുടങ്ങിയവയെല്ലാം ജാസ്മിന്റെ ആമ്പല്‍ കുളങ്ങളിലുണ്ട്. കൂടാതെ ആസ്ട്രേലിയന്‍ ആമ്പലും വളരുന്നു. രാത്രി വിരിഞ്ഞ് രാത്രിയില്‍ തന്നെ കൊഴിഞ്ഞുപോകുന്ന 'നൈറ്റ് ബ്ലൂമര്‍' പുഷ്പത്തിന്റെ രണ്ടുവര്‍ഗവും ഇവിടെയുണ്ട്.

അഞ്ചുദിവസത്തോളം വിരിഞ്ഞുനില്‍ക്കുന്ന താമരയുടെ വിവിധയിനങ്ങളും ഇവിടെ പരിപാലിക്കുന്നുണ്ട്. പിങ്ക് ക്ലൗഡ്, അമേരി കമീലിയ, ബോള്‍ ലോട്ടസ്, ഡ്രോപ്പ് ബ്ലഡ്, വൈറ്റ് ലോട്ടസ് എന്നിവയെല്ലാം ജീവിതത്തില്‍ എന്നും സന്തോഷം തരുന്നതായി ജാസ്മിന്‍ പറയുന്നു. കൂടാതെ കുളവാഴ, വാട്ടര്‍ ലോട്ടസ്, അസോള, വാട്ടര്‍ പോപ്പി, ജെപ്പോണിക്ക എന്നിങ്ങനെ 15 തരം മറ്റ് ജലസസ്യങ്ങളുമുണ്ട്. ജലസസ്യങ്ങളിലുണ്ടാവുന്ന കൊതുകുകളെ നശിപ്പിക്കാനായി ഗപ്പി, മോളി, പ്ലാറ്റി തുടങ്ങി നിരവധി ചെറുമീനുകളും കുഞ്ഞന്‍ കുളങ്ങളില്‍ വളര്‍ത്തുന്നുണ്ട്.

മീനുകളും കോഴി, താറാവ് എന്നിവയെല്ലാം ഇവിടെ ജീവിക്കുന്നു. കോവിഡ് തുടങ്ങിയ 2020 ആദ്യമാസം മുതലാണ് ജാസ്മിന് ഇത്തരത്തില്‍ വേറിട്ട ആശയം മനസ്സിലുദിച്ചത്. ഒന്നില്‍ തുടങ്ങി ഇപ്പോള്‍ വില്ലയുടെ ചുറ്റിലും ജലസസ്യങ്ങളാണ്. ഭര്‍ത്താവ് ഷാനവാസ് ഷാര്‍ജയില്‍ ഗാരേജ് നടത്തുകയാണ്. ഫര്‍ഹാന്‍, ഫായിക്, അന്‍ഷീദ്, റാബിയ, നാഫിഹ് എന്നിവരാണ് മക്കള്‍. ഫര്‍ഹാന്‍ ഇപ്പോള്‍ നാട്ടിലാണ്.  എട്ടുവര്‍ഷമായി ഈ കുടുംബം ഷാര്‍ജ കുവൈത്തി ആശുപത്രിക്കടുത്തുള്ള വില്ലയിലാണ് താമസം.

Content Highlights: About inspiring women jasmine