കോതമംഗലം: ''ഞാനന്ന് ജോലിക്ക് കയറിയിട്ടേയുള്ളു... മേലുദ്യോഗസ്ഥന്‍ പറഞ്ഞു, കഞ്ചാവ് പ്രതിയെ പിടിക്കാനുണ്ട്, സുധയും കൂടി പൊയ്‌ക്കോ. കാടൊക്കെ നന്നായി അറിയുന്നയാളല്ലേ... എന്ന്. സത്യത്തില്‍ കഞ്ചാവ് പ്രതി ഭാര്യക്കൊപ്പമായിരുന്നു ഗുഹയില്‍ താമസം. അയാളുടെ ഭാര്യയെ പിടിക്കുമ്പോള്‍ വനിതാ ഉദ്യോഗസ്ഥരാരെങ്കിലും വേണമല്ലോ എന്നതു കൊണ്ടാണ് എന്നെ കൂട്ടിയത്. പകല്‍ പോയാല്‍ ആളെ കിട്ടില്ലെന്നറിയാവുന്നതു കൊണ്ട് വെളുപ്പിന് രണ്ടു മണിക്കായിരുന്നു കാടുകയറ്റം. പൂയംകുട്ടി വനത്തിലൂടെ ആറു കിലോമീറ്ററോളം ഇരുട്ടില്‍ തപ്പിത്തടഞ്ഞ് നടന്നു. കല്ലേലിമേട് ഭാഗത്തെ ഗുഹയില്‍നിന്ന് അയാളെ പിടികൂടി ആറ്് ഉദ്യോഗസ്ഥര്‍ക്കൊപ്പം കാടിറങ്ങുമ്പോള്‍ വല്ലാത്തൊരു അഭിമാനമായിരുന്നു...'' -രണ്ടു പതിറ്റാണ്ടിന്റെ കാടോര്‍മകളിലേക്ക് സുധ വാതില്‍ തുറക്കുന്നു.

പി.എസ്.സി. പരീക്ഷയെഴുതുന്നവര്‍ക്ക് പരിചിതമായ പേരാണ് പി.ജി. സുധ. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ ഫോറസ്റ്റ് ഗാര്‍ഡ്. പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്‌കാരവും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പുരസ്‌കാരവും നേടിയ സുധയുടെ വിരമിക്കല്‍ ദിനമായിരുന്നു വെള്ളിയാഴ്ച.

കോതമംഗലത്തെ പിണവൂര്‍കുടി വെളിയത്തുപറമ്പിലാണ് സുധയുടെ വീട്. ''നന്നേ ചെറുപ്പത്തിലെ കല്യാണം കഴിഞ്ഞു. 1988-ല്‍ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചു. മൂന്ന് കുട്ടികളെയും നന്നായി വളര്‍ത്തണം എന്നതു മാത്രമായിരുന്നു മനസ്സില്‍...''

അങ്കണവാടി അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ സുധ 2002-ല്‍ വനംവകുപ്പില്‍ ഗാര്‍ഡ് ആയി. കുട്ടമ്പുഴ റേഞ്ചിലായിരുന്നു നിയമനം. വെള്ളിയാഴ്ച സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്ന തസ്തികയില്‍ നിന്ന് വിരമിച്ചതും ഇതേ റേഞ്ചില്‍ നിന്നുതന്നെ.

''വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നായ തുണ്ടം-ഇടമലായാര്‍ ആനവേട്ട കേസിലെ പ്രതികളെ പിടികൂടാനുള്ള സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതൊരു വലിയ അനുഭവമായിരുന്നു...'' -ജോലിക്കൊപ്പം സ്വന്തം സമൂഹത്തിന് വേണ്ടി ജീവിക്കാനാണ് സുധ ശ്രമിച്ചത്.

കിലോമീറ്ററുകളോളം കാടിനുള്ളിലൂടെ സഞ്ചരിച്ചാല്‍ മാത്രം എത്തുന്ന തേര, വാരിയം, കുഞ്ചിപ്പാറ, തലവച്ചപ്പാറ, ഉറിയംപെട്ടി, വെള്ളാരംകുത്ത് ഭാഗങ്ങളിലെ നൂറുകണക്കിന് ആദിവാസി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു. ഇതിനൊപ്പം ആദിവാസികളുടെ ആരോഗ്യം, തൊഴില്‍ പരിശീലനം എന്നിവയിലും ശ്രദ്ധവെച്ചു.

ആദിവാസികളുടെ സഹായത്തോടെ വനത്തിലെ കഞ്ചാവ് കൃഷി നശിപ്പിച്ച് അവിടെ വനവത്കരണം നടത്തുന്നതിലും വാറ്റുകേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനും സുധ മുന്‍നിരയിലുണ്ടായിരുന്നു. ഈ പ്രവര്‍ത്തന മികവിന് അംഗീകാരമായി 2006-ല്‍ മുഖ്യമന്ത്രിയുടെ 'ബെസ്റ്റ് ഫോറസ്റ്റ് ഗാര്‍ഡ്' മെഡലിന് അര്‍ഹയായി.

ആദിവാസി മേഖലയിലെ വെളിയിട മലമൂത്ര വിസര്‍ജനം അവസാനിപ്പിക്കാന്‍ നേതൃത്വം നല്‍കിയതിനാണ് 'പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം' ലഭിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഒമ്പത് ആദിവാസി ഊരുകളിലെ 500 ശൗചാലയങ്ങള്‍ സുധയുടെ നേതൃത്വത്തിലാണ് നിര്‍മിച്ചത്. കുഞ്ചിപ്പാറ ആദിവാസി ഊരിലെ വാറ്റ് കേന്ദ്രങ്ങള്‍ അവസാനിപ്പിച്ചതിനും സുധയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

സുധയുടെ മൂന്ന് മക്കളില്‍ മൂത്തയാളായ ജോമോന്‍ ഇടമലയാര്‍ റേഞ്ചിലെ മലക്കപ്പാറ സ്റ്റേഷനില്‍ ഫോറസ്റ്ററാണ്. രണ്ടാമത്തെയാള്‍ ജീമോന്‍ അങ്കമാലി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ്. ഇളയമകന്‍ ഗിരീഷ്‌കുമാര്‍ കര്‍ഷകനാണ്.

''വനംവകുപ്പില്‍ നിന്നേ വിരമിക്കുന്നുള്ളു, വനത്തില്‍ നിന്ന് വിരമിച്ചിട്ടില്ല. കാടിന്റെ മകളായി ഞാനുണ്ടാകും കാടോരങ്ങളില്‍'' -സുധ പറയുന്നു.

Content Highlights: About forest guard sudha