തിരുവനന്തപുരം: അവസാനവര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ് എസ്.അനില. കോവിഡ് തകര്‍ത്തെങ്കിലും തിരിച്ചുകയറി ജീവിതം തിരികെപ്പിടിച്ചവരില്‍ ഒരാള്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയില്‍ ജോലി ചെയ്ത് വരുമാനം കണ്ടെത്തി മുന്നോട്ടുപോകുന്നു. ഒപ്പം നിയമപഠനവും.

കായംകുളം നൂറനാട് പടനിലം സ്വദേശിയായ അനിലയുടെ ജീവിതത്തില്‍ 'പണം' നിയമപ്രശ്നമായത് വളരെ വേഗമായിരുന്നു. ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം വൃക്കരോഗം മൂലം അമ്മ ശോഭ മരിച്ചു.

ദുബായില്‍ സുരക്ഷാജീവനക്കാരനായ അച്ഛന്‍ ജോലി നഷ്ടപ്പെട്ട് വീട്ടില്‍ തിരികെയെത്തി. പേരൂര്‍ക്കട ലോ അക്കാദമിയില്‍ അവസാനവര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിനിയായ അനിലയ്ക്ക് ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ പോലും സാധിക്കാത്ത സാഹചര്യം. ലോക്ഡൗണ്‍ കാരണം അച്ഛന്‍ മധുസൂദനനും പുതിയ തൊഴില്‍ കിട്ടിയില്ല. പഠനത്തോടൊപ്പം ജോലിക്കായി പലയിടത്തും നേരിട്ട് അന്വേഷിച്ചു. അതിനിടയില്‍ ഹോസ്റ്റല്‍ ഫീസും പരീക്ഷാ ഫീസും ചെലവും കൂടിക്കൂടി വന്നു. അമ്മയെ ചികിത്സിക്കാന്‍ വാങ്ങിയ കടം പെരുകി. അനില ആരോടും പറഞ്ഞില്ല, തലസ്ഥാന നഗരത്തിലേക്ക് തിരികെയെത്തി. ഓണ്‍ലൈന്‍ ഡെലിവറി ഗേളായി സൊമാറ്റോയില്‍ കയറി.

അമ്മയുടെ ചികിത്സയ്ക്കായി വാങ്ങിയ കടം മാസംതോറും അടച്ചുതീര്‍ക്കുന്നു. വണ്ടിയുടെ സി.സി.യും അടച്ചു.

ജോലിക്കു പോകാന്‍ എളുപ്പത്തില്‍ പേരൂര്‍ക്കടയില്‍ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുന്നു. മാസം 15,000-ല്‍ ഏറെ രൂപ സമ്പാദിക്കാന്‍ സാധിക്കുന്നു. ജൂണ്‍ 22-ന് അവസാന സെമസ്റ്റര്‍ എല്‍എല്‍.ബി. പരീക്ഷ ആരംഭിക്കും. പഠിക്കാനും സാധിക്കും. സ്വാതന്ത്ര്യവും ധാരാളം. ഭക്ഷണവിതരണത്തിനിടെ വലിയ പ്രശ്നങ്ങളൊന്നും ഇതുവരെയായി ഉണ്ടായിട്ടില്ല. ചിലര്‍ ടിപ് നല്‍കാറുണ്ട്. വഴിയില്‍ പ്രയാസപ്പെട്ട് കഴിയുന്നവരെ കാണുമ്പോള്‍ അവര്‍ക്കത് കൈമാറും. അവരും ജീവിക്കട്ടേയെന്ന് പറഞ്ഞ് നിഷ്‌കളങ്കമായി ഈ പെണ്‍കുട്ടി പോകുമ്പോള്‍ നമുക്കും പറയാം, ഈ മഹാമാരിയിലും ജീവിതം മുന്നോട്ടൊഴുകും...

Content Highlights: About food delivery women Anila