കൊച്ചി: ഇരുട്ടിലും തെളിഞ്ഞു കത്തുന്ന പ്രകാശനാളമാണു രശ്മി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗങ്ങളുള്ള ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെും രക്ഷിതാക്കളുടെയും പ്രതീക്ഷയാണു തമ്മനത്തെ ജീവനീയവും ഡോ. രശ്മി പ്രമോദും.ലോക്ഡൗണിലും ഓണ്‍ലൈനിലൂടെ ചികിത്സ തുടരുകയാണു ജീവനീയം ആയുര്‍വേദ റിസര്‍ച്ച് ഹെഡ് ഡോ. രശ്മി.

വെളിച്ചമാണ് ജീവിതം
ചുറ്റുമുള്ള ഇരുട്ടിനെ പ്രകാശമാക്കിയാണു രശ്മിയുടെ ജീവിതം. 2003-ല്‍ പെട്ടെന്നു കാഴ്ച നഷ്ടപ്പെട്ടു. മനസിലെ വെളിച്ചം സേവന വഴിയില്‍ കരുത്തായി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ വെളിച്ചം പകരാനുള്ള നിയോഗം സന്തോഷത്തോടെ ഏറ്റെടുത്തതാണു താനെന്നു രശ്മി പറയും.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന താത്പര്യമാണ് ഓട്ടിസം ബാധിച്ച കുട്ടികളിലേക്കെത്തിച്ചത്. ആയുര്‍വേദ രംഗത്ത് 18 വര്‍ഷത്തിലധികം പ്രവര്‍ത്തനപരിചയമുണ്ട് രശ്മിക്ക്.

കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍നിന്നു 2002-ല്‍ പഠനം പൂര്‍ത്തിയാക്കി. തൊട്ടടുത്തവര്‍ഷം കാഴ്ച നഷ്ടപ്പെട്ടെങ്കിലും സ്വപ്നങ്ങളും ലക്ഷ്യങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ചില്ല. അങ്ങനെയാണു ജീവനീയത്തിന്റെ പിറവി. രണ്ടുമുതല്‍ പന്ത്രണ്ടു വയസു വരെയുള്ള കുട്ടികള്‍ക്കാണു ജീവനീയത്തില്‍ പരിശീലനം.

സ്പീച്ച് തെറാപ്പി, സ്പെഷ്യല്‍ എജ്യുക്കേഷന്‍, ഒക്യുപേഷണല്‍ തെറാപ്പി, സെന്‍സറി ഇന്റര്‍ഗ്രേഷന്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നിവ ആയുര്‍വേദവുമായി സമന്വയിപ്പിച്ചാണ് ചികിത്സ. മാതാപിതാക്കള്‍ക്കു വേണ്ട യോഗയും കൗണ്‍സലിങ്ങും നല്‍കും.

സംഗീതം മരുന്നാണ്
പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ മരുന്നുകളും യോഗയും സംഗീതവും സംയോജിപ്പിച്ച രീതി രശ്മിയുടെ ഗവേഷണത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിനുവേണ്ടി കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിലെ പ്രൊഫസര്‍ ഡോ. കെ.എസ്. ദിനേഷും രശ്മിയും ചേര്‍ന്നാണു ഇതില്‍ ഗവേഷണം നടത്തിയത്. ഔഷധങ്ങളുടെ കൂട്ടും പ്രത്യേക യോഗാസനങ്ങളും ചില രാഗങ്ങളില്‍ ഊന്നിയുള്ള സംഗീത ചികിത്സയും ഉള്‍പ്പെട്ടതാണിത്. ഗവേഷണഫലം അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവനീയത്തെ ലോകോത്തര സ്ഥാപനമാക്കുകയാണു രശ്മിയുടെ സ്വപ്നം. പിന്തുണയുമായി ഭര്‍ത്താവ് അഡ്വ. പ്രമോദ് ടി.പി.യും മകള്‍ ദിയയുമുണ്ട്.

Content Highlights: About Dr Reshmi Pramod