പ്രിയ സുഹൃത്ത് ലക്ഷ്മി ടീച്ചർ ദീർഘനാളത്തെ ലീവിനു ശേഷം വീണ്ടും സ്കൂളിൽ എത്തിച്ചേർന്നു. ബാങ്ക് മാനേജറായ ഭർത്താവ് രമേഷേട്ടൻ ട്രാൻസ്ഫർ ആയപ്പോൾ നീണ്ട ലീവെടുത്ത് അദ്ദേഹത്തോടൊപ്പം പോയതായിരുന്നു. 

ലക്ഷ്മി ടീച്ചർ പഴയ പടി തന്നെ ! ചുമലിലെ ബാഗ് ഒരാഭരണം പോലെ എന്നും സന്തത സഹചാരിയായി കൂടെയുണ്ട്. തിളക്കമാർന്ന ക്ലോസപ്പ് ചിരിക്കും യാതൊരു മാറ്റവുമില്ല.

 കയ്യിൽ തൂക്കിപ്പിടിച്ചിരിക്കുന്ന ചെറിയ സഞ്ചി തുറന്നാൽ ആർക്കും സ്വാദൂറും ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ പാകത്തിൽ റെഡി. കണ്ണട മറവി പണ്ടേ ടീച്ചർക്കുള്ളതാണ്. സ്കൂൾ കോറിഡോർ കയറി വരുമ്പോൾ ബാഗിനുള്ളിൽ കണ്ണട ഭദ്രമായി വച്ചിട്ടില്ലേ എന്നുറപ്പു വരുത്തുന്നതും ശ്രദ്ധിച്ചു.
 എന്തായാലും ലക്ഷ്മി ടീച്ചർ തിരിച്ചെത്തിയല്ലോ. ചിരിച്ചു കൊണ്ട് 'കലപില' സംസാരിക്കുന്ന ടീച്ചറില്ലാത്ത സ്റ്റാഫ് റൂം കുറച്ചു കാലം എവിടെയൊക്കെയോ മരവിപ്പിക്കുന്ന ശൂന്യത പടർത്തിയിരുന്നു.

  കാലങ്ങൾക്കു ശേഷം ലക്ഷ്മി ടീച്ചറെ കണ്ടപ്പോൾ ഞാൻ എന്റെ കൈ വിരലുകൾ ശ്രദ്ധിച്ചു. മോതിരം അവിടെത്തന്നെയില്ലേ എന്ന് ഉറപ്പു വരുത്തി.

അതൊരു കഥയാണ്! ഓർക്കുമ്പോൾ ദൈവാനുഗ്രഹവും അത്യാശ്ചര്യവും ആഹ്ളാദവും തിരതല്ലുന്ന സംഭവം.
 
ആദ്യ വിവാഹ വാർഷികത്തിന് എനിക്ക് ഭർത്താവ് ഒരു വിലപ്പെട്ട സമ്മാനം വാങ്ങിച്ചു തന്ന് എന്റെ പ്രണയം സമ്പാദിച്ചു. മനോഹരമായ ഒരു ആനവാൽ മോതിരം! 
പാരിതോഷികങ്ങൾ തന്ന് ഇഷ്ടം വാങ്ങുന്നതിൽ ഒട്ടും താല്പര്യം കാണിക്കാത്ത ഭർത്താവിൽ നിന്നും  പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു സമ്മാനം. വിവാഹവാർഷികമോ പിറന്നാളോ ആഘോഷങ്ങളോ എന്തുമായിക്കാള്ളട്ടെ, അവയെല്ലാം സമ്മാനങ്ങളിലും മറ്റും ഒതുക്കി സന്തോഷിക്കുന്നതിനോട് അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ലെന്ന് ഒരു വർഷം കൊണ്ട് മനസ്സിലാക്കിയിട്ടുണ്ട്. നമുക്കാവശ്യമുള്ള ഇഷ്ടങ്ങൾ എപ്പോൾ വേണമെങ്കിലും വാങ്ങാം എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. 

ഒരു പരസ്യം ശ്രദ്ധിച്ചതു മുതൽക്കാണ് ഈ ആനവാൽ മോതിര പ്രണയം തുടങ്ങിയതും ഒരു സംസാരത്തിനിടയിൽ അദ്ദേഹത്തോടു സൂചിപ്പിച്ചതും. 

എന്തായാലും ഞാനിത്തരം നിമിഷങ്ങൾ അമൂല്യമായി കരുതുന്നതു കൊണ്ടോ, സമ്മാനങ്ങളിൽ സംതൃപ്തിയുള്ളവളാണെന്നറിഞ്ഞു കൊണ്ടോ എന്തോ ആനവാൽ മോതിരം ഞാനാഗ്രഹിച്ചതു പോലെ തന്നെ ലഭിച്ചു. പ്രതീക്ഷിക്കാതെ ലഭിച്ച വിവാഹ വാർഷിക സമ്മാനം ഞാൻ കൈ വിരലിലണിഞ്ഞ് സംതൃപ്തിപ്പെട്ടു. മറ്റു മോതിരങ്ങളേക്കാൾ പ്രാധാന്യം നൽകി അമൂല്യ നിധിപോലെ സൂക്ഷിച്ചു.

 
വർഷങ്ങൾക്കു ശേഷം ലക്ഷ്മി ടീച്ചറെ കണ്ട മാത്രയിൽ ആനവാൽ മോതിരത്തിന്റെ വിസ്മയകരമായ ഫ്ലാഷ്ബാക്ക്‌ മനസ്സിന്റെ ഭിത്തിയിൽ തെളിഞ്ഞു.


 

എന്റെ വിവാഹം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടു. മോന്റെ ഒന്നാം പിറന്നാളിന്റെ തലേന്ന് കോഴിക്കോട് തൊണ്ടയാടുള്ള നാരകത്ത് ഭഗവതി ക്ഷേത്രത്തിൽ പോയി മനസ്സു നിറഞ്ഞ് തൊഴുതു. വീടിനു സമീപമുള്ള ദേവീ ക്ഷേത്രമാണ്. ദീപാരാധന വേളയിൽ ചുവന്ന പട്ടു ധരിച്ച ദേവിയ്ക്ക് ചുറ്റും ഒരു ചൈതന്യ ധാര കൂടുതലുള്ളതു പോലെ അനുഭവപ്പെട്ടു.

തിരിച്ച് വീട്ടിലെത്തി. മകന്റെ ഒന്നാം പിറന്നാൾ പ്രമാണിച്ച് ഞങ്ങളുടെ കുടുംബാംഗങ്ങൾ മിക്ക പേരും എത്തി ചേർന്നിട്ടുണ്ട്. അവരോടുള്ള കുശലാന്വേഷണത്തിനു ശേഷം വൈകീട്ട് ഏഴു മണിക്ക് ഒപ്പം ജോലി ചെയ്യുന്ന ഒരു ടീച്ചറുടെ വീട്ടിൽ പോയി. അവരുടെ മകളുടെ കല്യാണത്തിന് മുന്നോടിയായി ആശംസകൾ അറിയിക്കുവാൻ ലക്ഷ്മി ടീച്ചറും ഞാനും  ലക്ഷ്മിടീച്ചറുടെ കാറിലാണ് പോയത്. കല്യാണ വീട്ടിലെ സന്തോഷത്തിൽ പങ്കു ചേർന്ന് തിരിച്ചു വന്നു. രാത്രി കിടക്കുവാൻ നേരം ... കൈവിരലിലെ ഒഴിവ് മനസ്സിൽ ഒരു ഞെട്ടലുളവാക്കി. എനിക്ക് ഭർത്താവ് സമ്മാനിച്ച ആദ്യ പ്രണയ സമ്മാനം നഷ്ടപ്പെട്ടിരിക്കുന്നു !

അതുവരെ കൊണ്ടു നടന്ന സന്തോഷമെല്ലാം പമ്പ കടന്നു. വീടുമുഴുവൻ തിരഞ്ഞു. രാത്രി കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.

എവിടെപ്പോയി ആ സ്നേഹ സമ്മാനം ?

ക്ഷേത്രനടയിൽ ... നടവഴിയിലെങ്ങാനും ...അതോ കല്യാണ വീട്ടിൽ കയറുമ്പോഴോ ... ആലോചിച്ച് ഒരെത്തുംപിടിയും കിട്ടിയില്ല.

ആരേയും അറിയിച്ചില്ല. പിറ്റേന്ന് സന്തോഷകരമായ ഒരു കാര്യം നടക്കാനുള്ളതല്ലേ ...


മോന്റെ പിറന്നാൾ കെങ്കേമമായി ആഘോഷിക്കുമ്പോഴും ആനവാൽ മോതിരത്തിന്റെ പ്രതീക്ഷ കൈവെടിഞ്ഞില്ല. പിറന്നാൾ സദ്യ കഴിഞ്ഞ് വൈകീട്ട് കുടുംബാംഗങ്ങൾ പലരും തിരിച്ചു പോയപ്പോൾ ഭർത്താവിനോട് കാര്യം സൂചിപ്പിച്ചു.  കളഞ്ഞുപോയ മോതിരത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടെന്നും പിന്നീട് വേറൊന്നു വാങ്ങാമെന്നും പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. 

എങ്കിലും എന്റെ നിർബന്ധപ്രകാരം നാരകത്ത് ഭഗവതി ക്ഷേത്രത്തിലേക്ക് മോതിരം തിരച്ചിലിനായി കൂട്ടു വന്നു. അദ്ദേഹം ക്ഷേത്ര നടയിൽ തൊഴുതുമടങ്ങുമ്പോഴും , ഞാൻ ഗെയ്റ്റ് മുതൽ ക്ഷേത്രത്തിലേക്കുള്ള കയറ്റം വരെ തിരച്ചിൽ തുടരുകയാണ്.

 ഭഗവതീ.... എനിക്കു അദ്ദേഹം തന്ന ആദ്യ പ്രണയ സമ്മാനം.

 

എന്റെ തിരച്ചിൽ കണ്ട്   ഒട്ട് തമാശയായി അദ്ദേഹത്തിൽ നിന്ന് ആത്മഗതം പുറത്തു വന്നു.

"എന്തായാലും നാലഞ്ചു വട്ടം ക്ഷേത്രത്തിലേക്കുള്ള കയറ്റം കയറിയിറങ്ങിയില്ലേ? അറിഞ്ഞോ അറിയാതെയോ ചെയ്തു പോയിട്ടുള്ള തെറ്റുകൾ ഭഗവതി ക്ഷമിക്കും."

ചെറിയ  ദുഃഖമോ രോഷമോ എന്തെന്നറിയില്ല ... സമ്മിശ്ര വികാരങ്ങളുടെ തള്ളിച്ചയെ ഞാൻ നടയിൽ തൊഴുത് സംയമനം നേടിയെടുത്തു.

 ആ അധ്യായം അവിടെ അവസാനിപ്പിച്ചു. വീട്ടിൽ, സ്കൂളിൽ , അടുത്ത സുഹൃത്തുക്കൾ ആരോടും സംഭവം പറഞ്ഞില്ല. സ്വയം വേദനിക്കുന്നതും മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമായ കാര്യങ്ങൾ ആവർത്തിച്ചു ഓർത്തും പറഞ്ഞും ദു:ഖം ക്ഷണിച്ചു വരുത്തേണ്ടല്ലോ.

ആഴ്ചകൾ പിന്നിട്ടു. ആനവാൽ മോതിരത്തിന്റെ കാര്യമേ കുറച്ചു ദിവസങ്ങളിൽ മറന്നു പോയി. അന്ന് യാത്രകൾ ഞങ്ങളുടെ വിനോദോപാധിയായിരുന്നു. എനിക്കദ്ദേഹം ഒരു ക്യാമറ വാങ്ങിത്തന്നു. ഫോട്ടോ എടുക്കുന്നതും ആൽബമാക്കി മാറ്റി അടിക്കുറിപ്പുകളെഴുതി ഒറ്റയ്ക്കിരുന്ന് ആസ്വദിക്കുന്നതും എന്റെ ഇഷ്ട വിനോദമാണെന്ന് അദ്ദേഹം കണ്ടെത്തിയിരിക്കാം. രണ്ടു യാത്രകൾ പോയി ഫോട്ടോയെടുത്ത് ആസ്വദിക്കുമ്പോഴും ആനവാൽ മോതിരം ഇടയ്ക്ക് തികട്ടി തികട്ടിവരും.
 അങ്ങനെ മൂന്നു മാസം കടന്നുപോയി.

ഒരു ഉച്ചയ്ക്കുള്ള ഇടവേള . സ്റ്റാഫ് റൂമിൽ ഞങ്ങളുടെ സുഹൃത്ത് ലതിക തലേന്നു ആഘോഷിച്ച വിവാഹ വാർഷിക വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ്.
ചന്തമേറിയ റൂബി പതിച്ച മോതിരം ഭർത്താവ് സമ്മാനമായി നൽകിയത് ലതിക ടീച്ചർ വാചാലയായി പറഞ്ഞു.

"എനിക്കും കിട്ടിയിരുന്നു അങ്ങനെയൊരെണ്ണം ... ആനവാൽ മോതിരം. " ഇടനെഞ്ചിലെ തേങ്ങൽ അറിയാതെ പുറത്തുചാടി.

 താൻ സഞ്ചിയിൽ കൊണ്ടുവന്ന ഭക്ഷണ വിഭവങ്ങൾ എല്ലാവർക്കും വീതിക്കുന്ന ലക്ഷ്മി ടീച്ചർ എന്റെ ആത്മ രോദനം കേട്ടെന്നു തോന്നുന്നു.

" രജനി എന്താ പറഞ്ഞത് ?" വിളമ്പുന്ന സ്പൂൺ കയ്യിൽ പിടിച്ച് മറു കൈ കൊണ്ട് കണ്ണട ശരിയാക്കി ലക്ഷ്മി ടീച്ചർ എന്റെയടുത്തെത്തി.

"എന്റെ നഷ്ടപ്പെട്ട ഒരു ആനവാൽ മോതിരത്തിന്റെ കാര്യം, ഭർത്താവ് എനിക്ക് ആദ്യമായി തന്ന വിവാഹ വാർഷിക സമ്മാനം... അതിനെക്കുറിച്ച് പറയുകയായിരുന്നു. " ഞാൻ നിരാശയോടെ പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു.

"എന്ന് നഷ്ടപ്പെട്ടു??" ടീച്ചറുടെ ശബ്ദത്തിൽ ഉദ്വേഗം .

"ഏകദേശം ഒരു മൂന്നര മാസം ആയിക്കാണും. നമ്മളന്ന് ഇന്ദിര ടീച്ചറുടെ മകളുടെ കല്യാണത്തലേന്ന് പോയതോർമയുണ്ടോ ? അന്ന് നഷ്ടപ്പെട്ടു. "

നിമിഷങ്ങൾ ... ലക്ഷ്മി ടീച്ചർ പിറകോട്ട് സഞ്ചരിക്കുന്നതു പോലെ തോന്നി.

 

" എന്റെ നാരകത്ത് ഭഗവതീ..." എന്നൊരു നീണ്ട വിളി വിളിച്ചു ടീച്ചർ എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു.  ടീച്ചറുടെ കൈയിലെ സ്പൂൺ താഴെ വീണു.

" ഞാനന്ന് നാരകത്ത് ഭഗവതി ക്ഷേത്രത്തിലും പോയിരുന്നു ടീച്ചർ. പക്ഷേ, ഭഗവതി കനിഞ്ഞില്ല. "

" ദേവി കനിഞ്ഞില്ലെന്ന് എങ്ങനെ പറയും ?" ദേവിയുടെ ഭക്തയായ ലക്ഷ്മി ടീച്ചർ ചോദിക്കുകയാണ്.

" മോതിരത്തിന്റെ ഉടമസ്ഥയെ തിരഞ്ഞ് കാണാഞ്ഞ് നാരകത്ത് ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയിൽ ഇന്ന് ആ ആനവാൽ മോതിരം കൊണ്ടിടാൻ നിൽക്കായിരുന്നു. ഇന്നലേം പ്രാർത്ഥിച്ചു ദേവിയോട് ... മോതിരത്തിന്റെ ഉടമസ്ഥയെ കാട്ടിത്തരണേ എന്ന്. ഇനിയും കണ്ടില്ലെങ്കിൽ നാളെ വൈകീട്ട് ഞാനത് ഭഗവതിയ്ക്ക് സമർപ്പിക്കും എന്നും പറഞ്ഞിരുന്നു. ഭഗവതിയ്ക്കത് വേണ്ട. "

ലക്ഷ്മി ടീച്ചറുടെ വാചാലതയിൽ സ്തബ്ധയായി നിൽക്കുകയാണ് ഞാനും മറ്റു അധ്യാപകരും.

എന്നെ ഒളികണ്ണിട്ടു നോക്കി ലക്ഷ്മി ടീച്ചർ തുടർന്നു. "ഒരാൾക്ക് ആദ്യ വിവാഹ സമ്മാനം കിട്ടിയതല്ലേ.. .അതും വിലപ്പെട്ട സമ്മാനം.നമുക്കൊരുമിച്ച് ഇന്ന് വീട്ടിലേക്കു പോകാം . ആ ആനവാൽ മോതിരം കൈയോടെ ഏൽപ്പിക്കാമല്ലോ. "

ഇടവേള കഴിഞ്ഞുള്ള മണി മുഴങ്ങി. 

"ബാക്കി കഥ നാളെ പറയാം. സംഭവ ബഹുലമാണ്. "ലക്ഷ്മി ടീച്ചർ പറച്ചിലിൽ നാടകീയത കലർത്തി ചിരിച്ചു കൊണ്ട് സ്പൂൺ എടുത്ത് കഴുകുവാൻ പോയി.

സത്യമായിരിക്കുമോ? ആ ആനവാൽ മോതിരം തന്നെയായിരിക്കുമോ ? ടീച്ചർ ഇനി എന്നെ സന്തോഷിപ്പിക്കാൻ ...ങ്ഹാ, എന്തായാലും വൈകീട്ട് അറിയാമല്ലോ.

ഞാൻ കോഴിക്കോട് ചിൻമയ വിദ്യാലയത്തിനു സമീപമുള്ള ലക്ഷ്മി ടീച്ചറുടെ വീട്ടിൽ പോയി.
 ഞാനും ടീച്ചറും റൂമിൽ കയറി. ടീച്ചർ അലമാറ തുറന്നു. ഒരു കുഞ്ഞു ഡപ്പി പുറത്തെടുത്തു. സൂക്ഷ്മതയോടെ തുറന്നു. ചിരിച്ചു കൊണ്ട് എനിക്കു നേരെ നീട്ടി. "എന്റെ പ്രിയപ്പെട്ടവൻ എനിക്കു സമ്മാനിച്ച ആദ്യവിവാഹ വാർഷിക സമ്മാനം. എന്റെ ആനവാൽ മോതിരം. "

 ചിപ്പിയ്ക്കുള്ളിലെ മുത്തു പോലെ ഞാൻ കുഞ്ഞു ഡപ്പി ഭദ്രമായി അടച്ചു. ലക്ഷ്മി ടീച്ചറുടെ കൈയിൽ ഒരു മുത്തം നൽകി. ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ  ടീച്ചർ സരസമായി കഥ വിവരിച്ചു.


ഇന്ദിര ടീച്ചറുടെ വീട്ടിലെ കല്യാണാഘോഷത്തിൽ പങ്കെടുത്ത ശേഷം ഏകദേശം രണ്ടു മാസം കഴിഞ്ഞ് ലക്ഷ്മി ടീച്ചർ കാർ വാഷ് ചെയ്യാൻ കൊടുത്തു. കൊടുക്കുന്നതിനു മുൻപ് കാറിലെ അല്ലറ ചില്ലറ സാധനങ്ങൾ എടുത്തുമാറ്റി, മാറ്റ് എടുത്തൊന്ന് കുടഞ്ഞു. 


'ണിം ' എന്ന ശബ്ദത്തോടെ എന്തോ ഒന്ന് മാറ്റിൽ നിന്ന് തെറിച്ചു വീണു.  ടീച്ചറുടെ മകൻ ഒരു ആനവാൽ മോതിരം നിലത്തു നിന്നെടുത്ത് ടീച്ചർക്ക് നൽകി. ടീച്ചറും മകളും കൂടി മകനെ കളിയാക്കുകയും ചെയ്തു. വട്ടം കുറവുള്ള ഈ മോതിരം അവന്റെ ഗേൾഫ്രണ്ടിന്റേതാകാം എന്ന നിഗമനങ്ങളിൽ വരെയെത്തി നിന്നു.

എന്റെ കൈ വിരലുകൾക്ക് വണ്ണം കുറവാണെന്നും അത് എന്റെ ഭർത്താവ് എനിക്ക് സ്നേഹപൂർവം സമ്മാനിച്ചതാണെന്നും എനിക്കല്ലേ അറിയൂ. 

കഥയും കേട്ട് ലക്ഷ്മി ടീച്ചറോട് നന്ദി പറഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി.ഉല്ലാസവതിയായി മൂളിപ്പാട്ടും പാടി നടന്നു. 

അന്ന് അദ്ദേഹം വന്നത് അപ്രതീക്ഷിത സമ്മാനവു മായിട്ടാണ്. വന്ന ഉടനെ ഒരു ബോക്സ് എനിക്കു തന്നിട്ടു പറഞ്ഞു.

"നല്ല ആനവാൽ മോതിരം കിട്ടിയില്ല. എങ്കിലും ഒരു മോതിരമാണ്. പ്രദീപിന്റെ ആവശ്യത്തിന് അവന്റെ കൂടെ  ജ്വല്ലറിയിൽ കയറിയതാണ്. നല്ലൊരു മോതിരമെന്നു തോന്നി. വാങ്ങി. "

ഞാൻ ബോക്സ് തുറന്നു നോക്കി. വെള്ളയും ചുവപ്പും കല്ലുവെച്ച മോതിരം.

മനസ്സിൽ ആഹ്ളാദത്തിമർപ്പ്.

 ഞാൻ അദ്ദേഹത്തോടു പറഞ്ഞു.

"മോതിര പ്രിയയായ എനിക്ക് നാരകത്ത് ഭഗവതി തന്നതാ രണ്ടു മോതിരവും. "

" രണ്ടു മോതിരമോ ?" അദ്ദേഹത്തിനൊന്നും മനസ്സിലായില്ല.

" മനമുരുകി വിളിച്ചാൽ അവരുടെ ആഗ്രഹം ഭഗവതി സാധിച്ചു കൊടുക്കുമെന്ന് ഞാൻ പറയാറില്ലേ. നമുക്കൊന്ന് കുളിച്ച് നാരകത്ത് ക്ഷേത്രത്തിൽ പോകാം . " ഞാൻ പറഞ്ഞു.


നടയിൽ കൈകൂപ്പി നിൽക്കുമ്പോൾ ദേവിയെന്നോടു പറയുന്നുണ്ടായിരുന്നു.

"ആനവാൽ മോതിരവും  കല്ലുവെച്ച മോതിരവും കിട്ടിയില്ലേ ? സന്തോഷായല്ലോ. ഇനി ഓരോ വാർഷികത്തിനും സമ്മാനം പ്രതീക്ഷിക്കാനൊന്നും പാടില്ല. ഇപ്പോൾ കുട്ടിയല്ല ; അമ്മയായി. ഉത്തരവാദിത്തമുള്ള അമ്മ. "

നാരകത്ത് ദേവീ ....

ലക്ഷ്മി ടീച്ചറാണ് സ്കൂളിൽ  തിരിച്ചെത്തിയിരിക്കുന്നത് ! എന്റെ ഭർത്താവിന്റെ സ്നേഹ സമ്മാനം എനിക്കു തിരിച്ചു നൽകിയ പ്രിയ ടീച്ചർ !

താമസമുണ്ടായില്ല ...

 ചിരിയുടെ  പൂത്തിരികളും മാലപ്പടക്കങ്ങളുമായി സ്റ്റാഫ് റൂം വീണ്ടും സജീവമായി.

വർഷങ്ങൾ പലതു കടന്നുപോയി. ഇന്നും   സ്കൂളിലെ  പ്രിയ സുഹൃത്തും ചേച്ചിയും വഴികാട്ടിയും അങ്ങനെ അങ്ങനെ എന്തെല്ലാമോ ആണ് നാരകത്ത്ദേവി ഭക്തയായ ലക്ഷ്മി ടീച്ചർ !!

ഇന്ന് മഹാനവമി...ഭഗവതിയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ് ലക്ഷ്മി ടീച്ചറും ഞാനും .

കോവിഡ് ശമിച്ച് സ്കൂൾ തുറക്കുമ്പോൾ  ലക്ഷ്മി ടീച്ചറെ വീണ്ടും കാണാമല്ലോ എന്നത് വലിയൊരാശ്വാസമാണ് !