അമീര്‍ ഖാന്റെ മകള്‍ ഇറാ ഖാന്‍ വിഷാദത്തില്‍ നിന്ന് കരകയറിയതിനെ പറ്റി ഈ അടുത്ത് ഒരു വീഡിയോ പങ്കുവച്ചിരുന്നു. ക്ലിനിക്കല്‍ ഡിപ്രഷനില്‍ വീണുപോയതിനെ പറ്റിയും കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ജീവിത്തിലേക്ക് തിരിച്ചു വന്നതിനെ പറ്റിയും ഇതിനായി തന്നെ സഹായിച്ച ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയെ പറ്റിയുമെല്ലാം വിശദമായി പറഞ്ഞായിരുന്നു ആ വീഡിയോ. താരപുത്രി എന്ന ഭാവമൊന്നുമില്ലാതെ ഇറ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോള്‍ പുതുതായി മറ്റൊരു വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ് ഇറ. അമീര്‍ ഖാന്റെ മകളെന്ന പേരിലുള്ള ആനുകൂല്യങ്ങള്‍ തന്റെ ജീവിത്തെ എത്രമാത്രം സ്വാധീനിച്ചെന്നാണ് ഇറ പറയുന്നത്. ' ഞാന്‍ ആരോടും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. പ്രിവിലേജ് എന്നാല്‍ ഞാന്‍ കരുതിയത് എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ തന്നെ കൈകാര്യം ചെയ്യണമെന്നാണ്. അതിനി എത്ര വലുതായാലും. അങ്ങനെ ചെയ്യുമ്പോള്‍ 'എനിക്കറിയില്ല' എന്നതിനേക്കാള്‍ നല്ലൊരു ഉത്തരവും നമ്മള്‍ കണ്ടെത്തേണ്ടി വരും. എന്റെ വികാരങ്ങള്‍ അത്തരത്തിലുള്ളവയായിരുന്നു, മറ്റൊരാള്‍ക്ക് മനസ്സിലാകാത്തവ. ഞാനെന്താണ് ചെയ്യേണ്ടത്, എനിക്ക് എല്ലാം ഉണ്ട്. മറ്റുള്ളവര്‍ എന്ത് പറയും.. ഞാന്‍ എന്നോട് തന്നെ ഇതെല്ലാം ചോദിച്ചു കൊണ്ടിരുന്നു.' ഇറ വീഡിയോയില്‍ മനസ്സു തുറക്കുന്നത് ഇങ്ങനെയാണ്.
സാധാരണയില്‍ കൂടുതല്‍ ഉറങ്ങുന്നതും, ഒരു കാരണവുമില്ലാതെ കരയാന്‍ തോന്നുന്നതും, കൂട്ടുകാര്‍ക്കൊപ്പമുള്ള പ്ലാനുകള്‍ അവസാന നിമിഷം അവരെ ബുദ്ധിമുട്ടിക്കുമോ എന്ന സംശയം കൊണ്ട് ക്യാന്‍സല്‍ ചെയ്യുന്നതുമൊന്നും ആദ്യം സ്വയം മനസിലാക്കിയിരുന്നില്ലെന്നും ഇറ പറയുന്നു.
തന്റെ വിഷാദത്തിന്റെ കാരണങ്ങളെ പറ്റിയും ഇറ പങ്കുവയ്ക്കുന്നുണ്ട. 'ഇതുവരെ കാരണമൊന്നും തനിക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്റെ മാതാപിതാക്കളുടെ വിവാഹമോചനം എനിക്കൊരു മുറിപ്പാടും വരുത്തിയിട്ടില്ല. അതെന്റെ ജീവിതത്തിലെ ദുരന്തമൊന്നും ആയിരുന്നില്ല. അവര്‍ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഞങ്ങളുടേത് ഒരു തകര്‍ന്ന കുടുംബമല്ല.'
നടി കങ്കണ റാനൗട്ട് അമീര്‍ഖാന്റെ കുടുംബത്തെ തകര്‍ന്ന കുടുംബമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനൊരു മറുപടി കൂടിയാണ് ഇറയുടെ വീഡിയോ. ' വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും എനിക്കും ജുനൈദിനും രണ്ട് പേരും മാതാപിതാക്കളായി എപ്പോഴും ഉണ്ടായിരുന്നു. ആളുകള്‍ ഞങ്ങളുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞല്ലോ എന്ന് ചോദിച്ച് സഹതാപം കാണിക്കുമ്പോള്‍ അതിലെന്താണ് ഇത്ര പ്രശ്‌നം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതെനിക്ക് ഒരിക്കലും മുറിവുണ്ടാക്കിയിട്ടില്ല. ഒരു മോശം കാര്യമായിരുന്നില്ല അത്. ഞാന്‍ വിഷാദരോഗത്തില്‍ വീണതിന് പിന്നില്‍ അതൊരു കാരണമേയല്ല.' ഇറ വീഡിയോയിലൂടെ പറയുന്നത് ഇങ്ങനെയാണ്.
Content Highlights: Aamir Khan’s daughter Ira says her parents divorce didn’t traumatise her