രു തലവേദന, അല്ലെങ്കില്‍ ചെറിയൊരു പനി. എന്തായാലും സൈന വീട്ടിലിരുന്ന് ഒന്ന് നീട്ടി വിളിച്ചാല്‍ മതി, ആറ് ഡോക്ടര്‍മാര്‍ അതിവേഗം പറന്നെത്തി സൈനയെ പരിചരിക്കും. ഇത്രയും ഡോക്ടര്‍മാരുടെ സ്നേഹം കിട്ടാന്‍ സൈന സ്വന്തമായി ആസ്പത്രിയൊന്നും നടത്തുന്നില്ല. പിന്നെങ്ങനെയെന്ന് അല്ലേ. അതൊരു വലിയ കഥയാണ്. ആറുപെണ്‍മക്കളെയും പഠിപ്പിച്ച് ഡോക്ടര്‍മാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ. അഞ്ചാംക്ലാസില്‍ വെച്ച് പഠനംനിര്‍ത്തുകയും പന്ത്രണ്ടാം വയസ്സില്‍ കല്യാണം കഴിക്കേണ്ടി വരികയും ചെയ്ത പെണ്‍കുട്ടി മുതിര്‍ന്ന് അമ്മയായപ്പോള്‍ തനിക്കുണ്ടായ ആറ് പെണ്‍മക്കളെയും ഡോക്ടര്‍മാരാക്കിയ പോരാട്ടത്തിന്റെ ആ ഏടുകള്‍ അറിയണമെങ്കില്‍ അങ്ങ് നാദാപുരം വരെ ഒന്ന് പോയിനോക്കണം. അങ്ങാടിക്ക് അടുത്തുതന്നെയാണ് സൈനയുടെ താഴെവയല്‍ പുതിയോട്ടില്‍ വീട്. ഇവിടേക്ക് ഭര്‍ത്താവ് ടി.വി.പി. അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയുടെ കൈയും പിടിച്ച് സൈന കയറി വരുമ്പോള്‍ അഞ്ചാംക്ലാസില്‍നിന്ന് പഠിത്തംനിര്‍ത്തേണ്ടി വന്ന സങ്കടമായിരുന്നു കൂട്ട്. ബാപ്പയുടെ പെങ്ങളുടെ മകന്‍ കൂടെയായിരുന്നു ഭര്‍ത്താവ്.

''മൂപ്പര്‍ക്കന്ന് മദ്രാസില്‍ ബിസിനസ്സായിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചായപ്പോ ഞങ്ങള്‍ക്കൊരു മോള് ജനിച്ചു. അതുകഴിഞ്ഞ് മൂപ്പര് ഖത്തറിലേക്ക് പോയി. അവിടെയൊരു പെട്രോളിയം കമ്പനിയില്‍ ജോലി കിട്ടി.  ഞങ്ങളെയും അങ്ങോട്ടേക്ക് കൊണ്ടുപോവാമെന്ന് പറഞ്ഞാണ്  പോയത്. അപ്പോള്‍ എനിക്കും പൂതി വെച്ചു. ഞാന്‍ മനസ്സില്‍ കുറെ കിനാവ് കണ്ടു''സൈന ആ പഴയകൗമാരക്കാരിയെ ഓര്‍ത്ത് ചിരിച്ചു. അപ്പോഴേക്കും അവരെയും കൊണ്ടുള്ള ഗള്‍ഫ് എയര്‍ വിമാനം അറബിക്കടലിന്റെ മുകളിലൂടെ ഖത്തറിലേക്ക് പറക്കുകയായിരുന്നു.

saina
ഭർത്താവിനൊപ്പം സൈന

''എന്റെ ബാക്കി കഥ കേട്ട് ഇങ്ങള് ചിരിക്കരുത്'' ആദ്യത്തെ മുന്‍കൂര്‍ ജാമ്യമെടുത്ത് സൈന അടുത്ത കഥയിലേക്ക് നീങ്ങി.''വിമാനമിറങ്ങി പുറത്തെത്തിയപ്പോള്‍ തലയില്‍ കുത്തുന്ന ചൂട്. മുന്നിലെ സ്ഥലം ചൂണ്ടിക്കാട്ടി മൂപ്പര് പറഞ്ഞു 'ഇതാണ് ഖത്തര്‍, നീ നല്ലോണം കണ്ടോ' ആ വാക്കുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ അനിയന്‍മാര്‍ ഞങ്ങളെയും കൂട്ടി മുറിയിലേക്ക് പോയി. അപ്പോഴും ഞാന്‍ വിചാരിക്കുന്നത് നമ്മള്‍ ഇവിടെ ഒരു ജോലിയും ചെയ്യേണ്ട, എല്ലാം മുന്നിലെത്തുമെന്നാണ്. പക്ഷേ ഇളയ അനിയന്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് കണ്ട് ഞാന്‍ അന്തംവിട്ടു.' ഇതെല്ലാം മുന്നിലേക്ക് വരില്ലേ' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അന്തംവിട്ടത് ഓനാണ്. 'ഏട്ന്ന് വരാന്‍ അമ്മായി. ഇതൊക്കെ നമ്മള് ഉണ്ടാക്കണം.'  എന്റെ ഉള്ളിലെ ചീട്ട് കൊട്ടാരം താഴെ വീണ് തവിട് പൊടിയായി.''സൈന ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു.
 
ആദ്യത്തെ അങ്കലാപ്പും പരിഭ്രമവും മാറിയതോടെ സൈന കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളേറ്റെടുത്തു. അഹമ്മദ് കുഞ്ഞമ്മദ് കുട്ടിക്ക് പെട്രോളിയം കമ്പനി ജോലിയായിരുന്നെങ്കിലും വായനയും പുസ്തകങ്ങളുമായിരുന്നു മൂപ്പരുടെ ലഹരി.

''മൂപ്പര്‍ പൊതുവിജ്ഞാനം ധാരാളമുള്ള ആളാണ്. എപ്പോഴും വായിക്കും. ലോകത്തിന്റെ ഏത് ഭാഗത്തുള്ള കഥ ചോദിച്ചാലും പറയും. ''ഭര്‍ത്താവിന്റെ കഥകളിലൂടെ സൈനയും ലോകത്തെ കണ്ടു. അപ്പോഴേക്കും അവര്‍ക്കിടയിലേക്ക് കുറെ പെണ്‍പുഷ്പങ്ങള്‍ വിരിഞ്ഞിരുന്നു. ഇടയ്ക്കൊരു ആണ്‍കുട്ടിയെ മോഹിച്ചെങ്കിലും സൈനയ്ക്ക് പിറന്നതെല്ലാം തങ്കക്കുടങ്ങളായ പെണ്‍കുരുന്നുകള്‍. മൂത്തവള്‍ ഫാത്തിമ, രണ്ടാമത് ഹാജറ, മൂന്നാമത് ആയിഷ, നാലാമത് ഫായിസ, അഞ്ചാമത് രഹ്നാസ്, ഏറ്റവും ഇളയവള്‍ അമീറ.

' ഞാന്‍ പ്രസവിക്കുമ്പോള്‍ നാട്ടിലെ പെണ്ണുങ്ങള്‍ അത്ഭുതത്തോടെ പറയുമായിരുന്നു. സൈന വീണ്ടും പെറ്റ്. കുട്ടി പെണ്ണ്. ഇവളീ പെണ്‍കുട്ട്യോളെയൊക്കെ എങ്ങനെ വളര്‍ത്തും.'' ഒറ്റ പെണ്‍കുട്ടി ജനിച്ചാല്‍ പോലും ആധി നിറയുന്ന മാതാപിതാക്കളുള്ള ലോകത്തിന്റെ ഉത്കണ്ഠ. പക്ഷേ അതില്‍ യാതൊരു ആശങ്കയുമില്ലാത്ത ഒരാളെ അന്ന് ഭൂമി മലയാളത്തിലുണ്ടായിരുന്നുള്ളു.മറ്റാരുമല്ല, സൈന തന്നെ.

''എനിക്ക് പെണ്‍കുട്ടികളായിപ്പോയല്ലോ എന്നൊരു ചിന്ത ഒരിക്കലുമുണ്ടായിട്ടില്ല. മക്കളൊരു ഭാരമാവുമോ എന്നും ആലോചിച്ചിട്ടില്ല. മക്കള്‍ നന്നായി പഠിക്കണമെന്നും അവരെ നന്നായി പഠിപ്പിക്കണമെന്നും ഞങ്ങള്‍ക്ക് വാശിയായി. സ്‌കൂളിലെ പഠനം മാത്രം പോരാ ,പൊതുവിജ്ഞാനവും വേണം എന്ന് പറഞ്ഞുകൊണ്ട് എല്ലാ പുസ്തകങ്ങളും മൂപ്പര് കുട്ടികള്‍ക്ക് വാങ്ങി കൊടുക്കും. ഞാന്‍ അഞ്ചാംക്ലാസ് വരെയാണ് പഠിച്ചതെന്ന് പറഞ്ഞല്ലോ. അന്ന് ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് ഞാന്‍. അധ്യാപകര്‍ക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. ഈയടുത്ത് ഞാനെന്റെ കണക്ക് മാഷിന്റെ (കിഴക്കയില്‍ അഹമ്മദ് മാഷ്.)ഭാര്യ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അപ്പോ മാഷ് എന്റെ ചുമലില്‍ കൈവെച്ച് ചോദിച്ചു. 'നിനക്ക് പഠിച്ചൂടായിരുന്നോ' എന്ന്. എന്റെ കണ്ണില്‍ നനവ് പടര്‍ന്നത് മാഷ് കണ്ടില്ല. ഞാനോര്‍ത്തത് എന്റെ സ്‌കൂള്‍ കാലമാണ്. അന്ന് എന്നെയാരും  പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചില്ല. ഉമ്മയും ബാപ്പയുമൊക്കെ അവരുടെ തിരക്കുകളിലായിരുന്നു. ബാപ്പയെ കുറച്ച് ഭയത്തോടെയാണ് ഞങ്ങള്‍ കണ്ടിരുന്നത്. അന്ന് ഇത്തിരി വലുതായാല്‍ കല്യാണം കഴിക്കുക എന്നൊരു പറച്ചിലേ ഉണ്ടായിരുന്നുള്ളു. ഒരു ദിവസം സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ നാളെ നിന്റെ കല്യാണമാണെന്ന് കേട്ടപ്പോള്‍ ഉള്ളിലൊരു അസ്വസ്ഥത ഉണ്ടായി. എന്തോ ഒരു നല്ല കാര്യം ഞാന്‍ ഉപേക്ഷിച്ച് പോവുന്നു എന്നൊരു തോന്നലായിരുന്നു. അതെന്നെ ഇടയ്ക്കിടെ അലട്ടി. കല്യാണം കഴിഞ്ഞ് കുറെക്കാലം ഞാന്‍ ഭര്‍ത്താവിന്റെ അടുത്ത് പറയുമായിരുന്നു. നിങ്ങള്‍ക്കെങ്കിലും എന്നെയൊന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിക്കാമായിരുന്നില്ലേ എന്ന്. അപ്പോ മൂപ്പരെന്നെ സമാധാനിപ്പിക്കും. 'നമുക്ക് മക്കളെ നന്നായി പഠിപ്പിക്കാം. 'അങ്ങനെ മക്കളുടെ പഠനമായി ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം, സന്തോഷവും.''

saina
 സൈന മക്കൾക്കൊപ്പം


 നമ്മള്‍ ചെയ്യുന്ന ജോലി കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണം വേണം. അതിന് പറ്റിയൊരു തൊഴിലാണ് വൈദ്യവൃത്തിയെന്ന് സൈനയുടെ ഉള്ളില്‍ പതിഞ്ഞിരുന്നു. അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയുടെ കാഴ്ചപ്പാടും ഇതുതന്നെയായിരുന്നു. മക്കളെയെല്ലാം ഡോക്ടര്‍മാരാക്കുക എന്ന ലക്ഷ്യത്തില്‍ അവരിരുവരും ഒരു മെയ്യായി ഉറച്ചുനിന്നു.

'നാദാപുരത്തൊരു കുഞ്ഞാലിക്കുട്ടി ഡോക്ടറുണ്ടായിരുന്നു. അദ്ദേഹം ഇവിടെ മുസ്ലിം കുടുംബത്തിലുള്ള ആദ്യത്തെ ഡോക്ടറാണ്. പിന്നെ എന്റെ ബാപ്പയുടെ അനിയനും ഡോക്ടറാണ്. ഇവര്‍ക്കൊക്കെ സമൂഹം വലിയ ആദരവ് കൊടുക്കുന്നത് കാണുമ്പോള്‍ തന്നെ ഡോക്ടറാണ് സമൂഹത്തില്‍ വലിയ ആളെന്നൊരു തോന്നല്‍ ഞങ്ങളിലുമുണ്ടായി. ' സൈന അന്നത്തെ ദിനങ്ങള്‍ ഓര്‍ത്തു.

saina
രണ്ടാമത്തെ മകൾ ഡോ.ഹാജറയ്ക്കും മകനുമൊപ്പം

വീട്ടിലെ വൈകുന്നേരങ്ങള്‍ രണ്ടാമത്തെ മകള്‍ ഡോ. ഹാജറയ്ക്ക് ഇപ്പോഴും ഓര്‍മയുണ്ട്.'' എല്ലാവരെയും വിളിച്ചിരുത്തി ഉമ്മ ഒറ്റക്കാര്യമേ പറയൂ,നിങ്ങള്‍ പഠിച്ചേ മതിയാവൂ. വേറെ ഒരു രക്ഷയുമില്ല. ഞങ്ങള്‍ പത്താംക്ലാസ് കഴിയുമ്പോള്‍ ബാപ്പ ചോദിക്കും, പ്ലസ് ടു കഴിഞ്ഞാല്‍ എന്താണ് പ്ലാന്‍ 'എല്ലാവര്‍ക്കും ഡോക്ടറായാല്‍ മതി. കാരണം മുന്നേ നടക്കുന്നവരെ കണ്ടാണ് ഓരോരുത്തരും പഠിക്കുന്നത്. ഞാനെന്റെ ചേച്ചിയെ കണ്ടാണ് ഈ വഴി തിരഞ്ഞെടുത്തത്. അനിയത്തിമാരും ഇതേ ട്രാക്കില്‍ തന്നെ വന്നു. ഞങ്ങള്‍ക്ക് വേറൊന്നിനെക്കുറിച്ചും ആലോചിക്കാനുണ്ടായിരുന്നില്ല.''
മക്കളെല്ലാവരും എം.ബിബിഎസ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ സൈനയുടെ ഉള്ളില്‍ അളവറ്റ സന്തോഷം നിറഞ്ഞുപൊന്തി.''മൂന്നാമത്തെ മോള്‍ ആയിഷക്ക് എല്‍.എല്‍.ബി.ക്ക് പോവാനൊരു ആഗ്രഹമുണ്ടായി. അപ്പോള്‍ ഞാന്‍ പറഞ്ഞു,ആദ്യം ഡോക്ടറാവാം. അതുകഴിഞ്ഞ് നിനക്ക് വേണമെങ്കില്‍ വീണ്ടും പഠിക്കാമല്ലോ എന്ന്. വക്കീലായാല്‍ കല്യാണം കഴിഞ്ഞാല്‍ ജോലിക്ക് പോവേണ്ട എന്ന് ചിലപ്പോള്‍ ഭര്‍ത്താവ് പറയും. പക്ഷേ ഡോക്ടര്‍ ജോലിക്ക് ആ പ്രശ്നം വരില്ല. മാത്രമല്ല ലോകത്തെവിടെ ചെന്നാലും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി ഈ മേഖലയില്‍ ജോലി ചെയ്യാം. ഞാന്‍ മോളോട് പറഞ്ഞു 'ഞാനൊരു വെറും വീട്ടമ്മയായി. അതുപോലെ നിങ്ങളാവണ്ട. ഉപ്പാന്റെ ആഗ്രഹവും എന്റെ തീരുമാനവും നീ ഡോക്ടറാവണമെന്നാണ്.'' ഉമ്മയുടെ സംസാരം കേട്ടതോടെ ആയിഷയ്ക്ക് സ്വന്തം ആഗ്രഹം തിരുത്തിവരയ്ക്കാന്‍ ഏതാനും സെക്കന്റേ വേണ്ടി വന്നുള്ളൂ.

മക്കളെ ഡോക്ടറാക്കാന്‍ തീരുമാനിക്കുന്നതിന് പിന്നില്‍ ചുറ്റിലും നടക്കുന്ന ചില കാര്യങ്ങളും സൈനയെ സ്വാധീനിച്ചിരുന്നു. മനസ്സില്‍ അടിയുറച്ചുപോയ ചില കാഴ്ചകള്‍. അതൊന്ന് തിരുത്തി എഴുതണമെന്നുള്ള നിശ്ചയദാര്‍ഢ്യവും. ''ഞങ്ങളുടെ ഇടയില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. പക്ഷേ ഒരു കുഴപ്പമുണ്ട്. അക്കരെ എത്താന്‍ നേരം ചുക്കാന്‍ വിടുക എന്ന ചൊല്ലുപോലെയാണ് കാര്യങ്ങള്‍. പഠിച്ചോണ്ട് ഇരിക്കുമ്പോള്‍ പിടിച്ച് കല്യാണം കഴിപ്പിക്കും. പെണ്‍കുട്ടികളെ കഷ്ടപ്പെടുത്തുന്ന എല്ലാ പണിയുമെടുക്കും. എനിക്കറിയാവുന്ന പെണ്‍കുട്ടികളുണ്ട്. ബി.ഡി.എസ് രണ്ടുവര്‍ഷമൊക്കെ എത്തുമ്പോഴേക്കും കല്യാണം കഴിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം ഗര്‍ഭിണി ആയി. പിന്നെ പ്രസവം. ഇപ്പോള്‍ വീട്ടിലിരിപ്പ്. ഇതൊന്നും എന്റെ മക്കള്‍ക്ക് വേണ്ടെന്ന് ഞാനങ്ങ് മനസ്സില്‍ ഉറപ്പിച്ചു''
 
മുപ്പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സൈനയും അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടിയും നാട്ടിലെത്തുമ്പോള്‍ മൂത്തവര്‍ രണ്ട് പേരും ഡോക്ടര്‍മാരായിരുന്നു. ഡോ. ഫാത്തിമയും ഡോ. ഹാജറയും. മൂന്നാമത്തെയും നാലാമത്തെയും മക്കള്‍ എം.ബി.ബിഎസ് പഠനത്തിലും. ഇളയവര്‍ സ്‌കൂളിലും. ആ സമയത്താണ് സൈനയുടെ ജീവിതത്തില്‍ ഏറ്റവും വലിയ ദുരന്തമുണ്ടാവുന്നത്.

'' മക്കളുടെ പഠിപ്പ് തീരുന്നത് വരെ ഖത്തറില്‍ തന്നെ നില്‍ക്കാനായിരുന്നു മൂപ്പര് പറഞ്ഞത്. പക്ഷേ പത്തുമുപ്പത് കൊല്ലം അന്യനാട്ടില്‍ നിന്നതല്ലേ. ഇനി കുറച്ചെങ്കിലും നമ്മുടെ മണ്ണില്‍ ജീവിക്കേണ്ടെ എന്നും പറഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ ഞാനാണ് നിര്‍ബന്ധിച്ചത്. നാട്ടിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞുകാണും. ഒരു ദിവസം മൂപ്പര്‍ക്ക് പെട്ടെന്നൊരു നെഞ്ചുവേദന വന്നു. പിന്നാലെ മൂപ്പര് പോയി.''ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നഷ്ടപ്പെട്ട വേദനയില്‍ സൈന തരിച്ചുനിന്നു. ആ ആഘാതം അവര്‍ക്ക് എളുപ്പത്തില്‍ മറികടക്കാന്‍ പറ്റുന്നതായിരുന്നില്ല.

saina
സൈന

''മൂപ്പര് മരിക്കുമ്പോള്‍ രണ്ടുമക്കളുടെ കല്യാണമേ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവര്‍ പഠിക്കുന്നു. ഒരിക്കല്‍ എന്റെ കുടുംബത്തിലുള്ള ഒരു സ്ത്രീ വന്ന് പറഞ്ഞു. ഞങ്ങളൊന്നും മക്കളെ ഡോക്ടറാക്കാന്‍ നില്‍ക്കാത്തത് അവര് പഠിക്കാത്തത് കൊണ്ടല്ല. നമ്മളൊരു പത്തറുപത് വയസ്സാവുമ്പോള്‍ മരിച്ചങ്ങ് പോവും. അന്നേരം ഈ കുട്ടികള്‍ ഒന്നുമല്ലാതായിപ്പോവും. അതുകൊണ്ട് വേഗം പിടിച്ച് കല്യാണം കഴിപ്പിച്ചു. ഞാന്‍ മക്കളെ പഠിപ്പിക്കാന്‍ നിന്നതുകൊണ്ട് ഭര്‍ത്താവ് പോയപ്പോള്‍ പെട്ടുപോയി എന്നാണ് അവര് ഉദ്ദേശിക്കുന്നത്. ഞാനൊന്നും മിണ്ടിയില്ല. മൂപ്പര് പോയ ഷോക്കില്‍ എന്ത് മിണ്ടാനാ. അപ്പോഴും മക്കളെക്കൊണ്ട് ഞാനിവിടെ പെട്ടു പോയല്ലോ എന്ന തോന്നലൊന്നുമുണ്ടായിട്ടില്ല.''

പക്ഷേ ഭര്‍ത്താവിന്റെയും തന്റെയും സ്വപ്നങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാനുള്ള ആവേശം സൈനയില്‍ ബാക്കിയുണ്ടായിരുന്നു. അവരുടെ മനസ്സ് അതില്‍ വാശിയെന്ന ഇന്ധനം നിറച്ചു. ദാമ്പത്യജീവിതത്തിലെ നല്ല ഓര്‍മകളും സൈനയ്ക്ക് കൂട്ടായി.

''കുടുംബജീവിതത്തില്‍ ഒരു തവണ പോലും ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ല. ഞങ്ങള്‍ ഒരേപോലെയാണ് തീരുമാനമെടുത്തത്. എല്ലാവരും പറയും ഈ ഒത്തൊരുമയാണ് നിങ്ങളുടെ കുടുംബജീവിതത്തിന്റെ വിജയമെന്ന്. മക്കളും ഇതുകണ്ടാണ് വളര്‍ന്നത്. അതാവും അവര്‍ക്കും നല്ലോണം പഠിക്കാന്‍ പറ്റി. വീട്ടില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അതൊക്കെ മക്കളുടെ പഠനത്തെ ബാധിക്കുമല്ലോ.''
ഇപ്പോള്‍ സൈനയുടെ മക്കളില്‍ മൂത്തവര്‍ നാലുപേരും ഡോക്ടര്‍മാരാണ്.(മൂത്തമകള്‍ ഫാത്തിമ അബുദാബി മിലിറ്ററി ഹോസ്പിറ്റലില്‍ ഡോക്ടര്‍. ഭര്‍ത്താവ് ഡോ.റിഷാദ് റഷീദ് അല്‍ അഹല്യ ഹോസ്പിറ്റലില്‍. രണ്ടാമത്തെ മകള്‍ ഡോ. ഹാജറയും യു.എ.ഇയിലാണ്. ഭര്‍ത്താവ് ഡോ. അജ്നാസ് മുഹമ്മദ് അലി യു.എ.ഇ. അഹല്യ ആസ്പത്രിയില്‍. മൂന്നാമത്തെ മകള്‍ ആയിഷ, കൊടുങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണ്. ഭര്‍ത്താവ് ഡോ. അബ്ദുള്‍ റഹ്മാന്‍. നാലാമത്തെയാള്‍ ഡോ. ഫൈസയും ഭര്‍ത്താവ് ഡോ. അജാസ് ഹാറൂണും കൊച്ചിയില്‍ ജോലി ചെയ്യുന്നു. അഞ്ചാമത്തെ മകള്‍ റെയ്ഹാന ചെന്നൈയില്‍ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി. ഇളയമകള്‍ അമീറ ഇപ്പോള്‍ മംഗലാപുരത്ത് ഒന്നാംവര്‍ഷ എം.ബി.ബി.എസിന് പഠിക്കുന്നു.)

women
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

മക്കളുടെ വിവാഹത്തെക്കുറിച്ചൊന്നും ഒരുകാലത്തും സൈനയ്ക്ക് ടെന്‍ഷനുണ്ടായിട്ടില്ല. സ്ത്രീധനം ചോദിച്ച് വരുന്നവരുമായി നമുക്ക് യാതൊരു ബന്ധവും വേണ്ടെന്ന അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയുടെ തിയറി തന്നെയാണ് അക്കാര്യത്തിലും സൈനയുടെ പാഠപുസ്തകം.

''ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന് ഒരാള്‍ വിളിച്ചു. മോള്‍ക്കൊരു കല്യാണാലോചന. നിങ്ങള്‍ എന്ത് കൊടുക്കും എന്നയാള്‍ ചോദിച്ചു. ഞാന്‍ ഒന്നും കൊടുക്കില്ലെന്ന് പറഞ്ഞു. അങ്ങനെ ചെയ്യാന്‍ പറ്റുമോ എന്ന് അയാള്‍ അത്ഭുതപ്പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു, എന്താ നിങ്ങളുടെ ഉദ്ദേശമെന്ന്. 'എനിക്കൊരു മോളും മോനുമാണ്. മോന് സ്ത്രീധനം വാങ്ങി വേണം മോളുടെ കല്യാണം നടത്താന്‍'. ഞാന്‍ അവരോട് ഒറ്റവാക്കേ പറഞ്ഞുള്ളൂ. ''ഞാനെന്റെ മോളെ കച്ചവടത്തിന് വെച്ചിട്ടില്ല''ഇങ്ങനെ തുറന്നടിച്ച് കാര്യങ്ങള്‍ പറയുന്നിടത്താണ് സൈനയുടെ വിദ്യാഭ്യാസം വലിയ ബിരുദങ്ങള്‍ക്ക് തുല്യമാവുന്നത്.

''മൂത്തമകള്‍ ഫാത്തിമയുടെ എം.ആര്‍.സി.പി.  ഗ്രാജ്വേഷന്‍ ചടങ്ങ് അടുത്തുതന്നെ ലണ്ടനില്‍ വെച്ച് നടക്കും. എന്നോടും കൂടെ ചെല്ലാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഉമ്മയല്ലേ ഈ സ്വപ്നങ്ങളുടെ ക്യാപ്റ്റന്‍ എന്ന് അവള്‍ ഇടയ്ക്കിടെ പറയാറുണ്ട്.'' സൈന ഇപ്പോള്‍ പു
തിയൊരു സന്തോഷത്തിലാണ്. ലണ്ടനിലേക്കുള്ള വിമാനത്തിന്റെ അരികിലെ സീറ്റിലിരിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നത് എന്താവും.?. ''സ്ത്രീകള്‍ സ്വപ്നങ്ങള്‍ പേറുന്ന തുമ്പികളാവണം. അതിരില്ലാതെ, ആകാശത്ത് പാറിപ്പറക്കുന്ന തുമ്പികള്‍.'' ഇതല്ലാതെ മറ്റെന്താവാന്‍.

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: A mother's dedication to her daughters' education