മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കുളം ബസാറിലെയും പരിസരങ്ങളിലെയും വ്യാജമദ്യവില്‍പ്പനയ്‌ക്കെതിരെയും പരസ്യമദ്യപാനത്തിനെതിരെയും ഒറ്റയാള്‍പ്പോരാട്ടവുമായി ഒരു വീട്ടമ്മ. മുഴപ്പിലങ്ങാട് എ.കെ.ജി. റോഡിലെ കളത്തില്‍ പ്രമോദന്റെ ഭാര്യ ഷാജിമ (50) ആണ് കുളം ബസാറില്‍ പ്രതിഷേധസൂചകമായി കുത്തിയിരിപ്പു നടത്തിയത്. അധികൃതര്‍ പ്രദേശത്തെ സാമൂഹികതിന്മയ്‌ക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്ന പോസ്റ്ററുമായി ചൊവ്വാഴ്ച രാവിലെയാണ് ഷാജിമ കുത്തിയിരിപ്പു തുടങ്ങിയത്. മുഴപ്പിലങ്ങാടിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
 
ഭര്‍ത്താവില്‍നിന്നുള്ള അനുഭവമാണ് ഇങ്ങനെ പൊതുജനമധ്യത്തില്‍ ഇറങ്ങാന്‍  പ്രേരിപ്പിച്ചതെന്ന് ഷാജിമ പറയുന്നു. ഒരു കസേരയുമായി കുളം ബസാറിലെ ബീച്ച് റോഡരികില്‍ സമരവുമായി എത്തിയ ഷാജിമയെ ആദ്യം ചില മദ്യപര്‍ തടയാന്‍ ശ്രമിച്ചതായി പറയുന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ചില സംഘടനകളും  എത്തിയതോടെ നാട്ടുകാര്‍ ചുറ്റും കൂടി. 

രാവിലെ ആറുമണിമുതല്‍ കുളം ബസാറിലും പരിസരങ്ങളിലും വ്യാജമദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന് ഷാജിമ പറഞ്ഞു. ആദ്യം ആരാണ് വിറ്റുതീര്‍ക്കുക എന്ന രീതിയില്‍ മത്സരമാണത്രെ. പോലീസില്‍ പലതവണ പരാതിപ്പെട്ടതായും അവര്‍ പറഞ്ഞു. പകല്‍ മുഴുവനും മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നവര്‍ കുളം ബസാറില്‍ ധാരാളമുണ്ട്. വിവിധ രാഷ്ട്രീയസാമൂഹികമഹിളാ സംഘടനാനേതാക്കളും യുവജനസംഘടനകളും സ്ഥലത്തെത്തി പിന്തുണ അറിയിച്ചു. അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാവുന്നതുവരെ സമരം  തുടരുമെന്ന് ഷാജിമ പറഞ്ഞു.

മുഴപ്പിലങ്ങാട്ടെ മദ്യപര്‍ക്ക് വിമുക്തി വേണ്ടേ?

മുഴപ്പിലങ്ങാട്: വ്യാജമദ്യവില്‍പ്പനയ്‌ക്കെതിരെയും സമൂഹത്തെ ബോധവത്കരിക്കുന്നതിനുമായാണ് സര്‍ക്കാര്‍ വിമുക്തി എന്ന പദ്ധതിക്ക് തുടക്കമിട്ടത്. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലങ്ങോളമിങ്ങോളം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും ബോധവത്കരിച്ചും വകുപ്പ് മുന്നേറുന്നുണ്ട്. എന്നാല്‍ മുഴപ്പിലങ്ങാട് പ്രദേശത്തെ വ്യാജമദ്യവില്‍പ്പനയ്‌ക്കെതിരെ കാര്യമായ നടപടികളുണ്ടാവുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്. 

കുളം ബസാര്‍ കേന്ദ്രീകരിച്ചാണ് വ്യാജമദ്യവില്‍പ്പന നടക്കുന്നത്. കുപ്പികളിലും പാക്കറ്റുകളിലും മദ്യം ഇവിടെ  സുലഭമാണെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ മുതല്‍ കടവരാന്തകളിലും റോഡരികിലും  വില്പന തകൃതിയില്‍ നടക്കുന്നുണ്ട്. ദേശീയപാതയോരത്തിനു പുറമെ ഗ്രാമത്തിന്റെ ഉള്‍ഭാഗത്തും അനധികൃത വില്പന നടക്കുന്നുണ്ടത്രെ. മദ്യപിച്ചെത്തുന്നവര്‍ വീട്ടില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണെങ്കിലും പല സ്ത്രീകളും മൗനം പാലിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചില്‍ സന്ധ്യയായാല്‍ മദ്യപരുടെ വിളയാട്ടമാണ്. ബീച്ചില്‍ വെളിച്ചമില്ലാത്തതും ഇക്കൂട്ടര്‍ക്ക് സഹായകമാവുന്നു. ടൂറിസം വികസനത്തിന് പരസ്യമദ്യപാനവും സമൂഹദ്രോഹികളുടെ ശല്യവും തടസ്സമാവുന്നതായും നാട്ടുകാര്‍ പറയുന്നു.

അധികൃരുടെ ഉറപ്പില്‍ ഷാജിമ സമരം നിര്‍ത്തി

മുഴപ്പിലങ്ങാട്: കുളംബസാറിലെയും പരിസരങ്ങളിലെയും വ്യാജമദ്യ വില്‍പ്പനയ്‌ക്കെതിരെ ഒറ്റയാള്‍ സമരം നടത്തിയ ഷാജിമ വൈകുന്നേരത്തോടെ പ്രതിഷേധ പരിപാടി നിര്‍ത്തി. എക്‌സൈസ് വകുപ്പും പോലീസും പഞ്ചായത്തധികൃതരും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തിവെക്കുന്നതെന്ന് ഷാജിമ പറഞ്ഞു. അതിനിടെ എക്‌സൈസും എടക്കാട് പോലീസും ചേര്‍ന്ന് മുഴപ്പിലങ്ങാട്ടും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തി. ചിലരെ താക്കീത്‌ചെയ്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കണ്ടമ്പേത്ത് അറിയിച്ചു. വൈകുന്നേരം എക്‌സൈസ് വകുപ്പിന്റെ വിമുക്തി ടീം അംഗങ്ങളുടെ ഫ്‌ലാഷ് മോബുമുണ്ടായി.