പല്ലില്ലാത്ത മോണകാട്ടി, പച്ചപ്പാടത്തിനിടയില്‍ നിഷ്‌കളങ്കമായ ചിരിയോടെ പാപ്പിയമ്മ ഫോട്ടോകള്‍ക്കായി പോസു ചെയ്യുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് 98 കാരിയായ പാപ്പിയമ്മയെ തന്റെ ചിത്രങ്ങള്‍ക്ക് മോഡലായി കണ്ടെത്തിയത്.
വൈക്കത്തിനടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്താണ് പാപ്പിയമ്മയുടെ വീട്. വീടെന്ന് പറയാനാവില്ല. ആസ്ബറ്റോസ് ഷീറ്റുകളും ടര്‍പ്പായയും കൊണ്ട് കെട്ടിമറച്ച ഒരു കുടില്‍. ഈ പ്രായത്തിലും വയറു നിറയ്ക്കാന്‍ വയലില്‍ കൊയ്യാനും വീട്ടുപണികള്‍ക്കുമായി പാപ്പിയമ്മ പോകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
തേവലക്കാട് എന്ന സ്ഥലത്ത് ഫോട്ടോഷൂട്ടിന് വേണ്ടി ലൊക്കേഷന്‍ ഹണ്ടിനെത്തിയപ്പോഴാണ് പാപ്പിയമ്മയെ മഹാദേവന്‍ തമ്പി കണ്ടെത്തിയത്. പാപ്പിയമ്മയുടെ മേക്കോവര്‍ ഷൂട്ടൊന്നുമല്ല അപ്പോള്‍ മനസ്സില്‍ വന്നതെന്ന് മഹാദേവന്‍ തമ്പി. 'ഗ്രാമീണതയും അതിന്റെ നിഷ്‌കളങ്കതയും പുതിയ തലമുറയെ കാണിച്ചുകൊടുക്കാന്‍ പാപ്പിയമ്മയെ അങ്ങനെ തന്നെ ഫ്രെയ്മിലാക്കുകയായിരുന്നു ലക്ഷ്യം. പാപ്പിയമ്മയുടെ ഒരു ദിനം, അത് ചിത്രങ്ങളിലൂടെ ഫോട്ടോ സ്‌റ്റോറിയായി പകര്‍ത്താനായിരുന്നു തങ്ങളുടെ ശ്രമം.'
''ആദ്യമായാണ് ഇത്രയും പ്രായമായ ഒരാളെ ഞാന്‍ മേക്കപ്പ് ചെയ്യുന്നത്. പാപ്പി അമ്മയ്ക്ക് മേക്കോവര്‍ വരുത്തുകയല്ല, പകരം ഫീച്ചേഴ്‌സ് എന്‍ഹാന്‌സ് ചെയ്യുന്ന തരം മേക്കപ്പാണ് നല്‍കിയത്.' ഫോട്ടോഷൂട്ട് മേക്കപ്പ് ടീമിലെ ജോഷി പറയുന്നു.
വൈദ്യുതിയില്ലാത്ത ആ കുടില്‍ മണ്ണണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പാപ്പിയമ്മയുടെ ജീവിതം. ആ കുഞ്ഞു വീടിന് ഒരു കതക് വച്ച് സുരക്ഷിതമായി ഉറങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ആ ആഗ്രഹം നടപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്നാണ് മഹാദേവന്‍ തമ്പിയുടെ വാഗ്ദാനം.
Content Highlights: A day with Pappy Amma Mahadevan Thampi Photoshoot