ല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വിവാഹദിനത്തിനായുള്ള കാത്തിരിപ്പുകള്‍ വധൂവരന്‍മാര്‍ക്ക് ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന ദിനങ്ങളാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ കേറ്റ് ഫോദറിങ്ഹാമിനും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഇരുവരുടെയും എല്ലാ പദ്ധതികളെല്ലാം  തകര്‍ത്തത് അവിടെ പെയ്ത പേമാരിയായിരുന്നു. 

ശനിയാഴ്ച തുടങ്ങിയ പെരുമഴയില്‍ കേറ്റും കുടുംബവും താമസിച്ചിരുന്ന വിങ്ഹാം എന്ന ചെറിയ പ്രദേശം മൊത്തം വെള്ളത്തിന് നടുവിലാകുകയായിരുന്നു. അവിടെ നിന്ന് പുറത്തേക്കുള്ള ഒരേയൊരു പാലമടക്കം വെള്ളത്തിലായതോടെ കേറ്റ് സങ്കടത്തിലായി. എന്നാല്‍ എമര്‍ജന്‍സി എയര്‍ലിഫ്റ്റിങ് വഴി വധു വിവാഹവേദിയില്‍ എത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് കേറ്റും വെയിന്‍ ബെല്ലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. 

'മൂന്ന് മാസത്തെ ഒരുക്കങ്ങളും കഴിഞ്ഞ് പന്ത്രണ്ട് മണിക്കൂര്‍ കൊണ്ട് അതെല്ലാം നാശമായാലോ, പിന്നീട് ആറ് മണിക്കൂര്‍ കൊണ്ട് എല്ലാം ശരിയായാലോ.'തന്റെ വിവാഹത്തെ പറ്റി കേറ്റ് ദി ഗാര്‍ഡിയനോട് പ്രതികരിക്കുന്നത് ഇങ്ങനെ. 

വിവാഹം നടന്നതെങ്ങനെയെന്നല്ലേ...' വെയിന്‍ എന്നോട് 50 മിനിറ്റിനുള്ളില്‍ റെഡിയാകാന്‍ പറഞ്ഞു. ഹെലികോപ്ടറില്‍ വിങ്ഹാം ഷോഗ്രൗണ്ടില്‍ ഇറങ്ങി. എല്ലാം വിചാരിച്ചതു പോലെ തന്നെ നടന്നു.' എന്നാല്‍ വധുവിന്റെ ബന്ധുക്കള്‍ക്കാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനായില്ല. എല്ലാവരും വള്ളപ്പൊക്കത്തില്‍ അകപ്പെട്ട് നഗരത്തിലായായിരുന്നു.

'ഭാവിയില്‍ മക്കളോട് പറയാനുള്ള ഒരു കഥയായി, ഇപ്പോഴും നടന്നതൊന്നും വിശ്വസിക്കാനാകുന്നില്ല. ഞങ്ങളിതെല്ലാം തരണം ചെയ്തുവെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ' കേറ്റ് പറയുന്നു. 

Content Highlights: A bride in Australia was airlifted to her wedding