കാലങ്ങളെത്ര കടന്നാലും നല്ല വഴി പറഞ്ഞു തരുന്നവരായി നമ്മുടെ സമൂഹം എന്നും കാണുന്നത്  മുത്തശ്ശന്‍മാരെയും മുത്തശ്ശിമാരെയുമൊക്കെ തന്നെയാണ്. തൊണ്ണൂറ്റെട്ടു വയസ്സുള്ള ഹെലന്‍ എന്ന മുത്തശ്ശിയുടെ ഒരു നിര്‍ദേശം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.  മനോഹരമായ പുഞ്ചിരിയോടെ കൈയില്‍ തന്റെ ആവശ്യമെഴുതിയ ബോര്‍ഡും പിടിച്ചിരിക്കുന്ന മുത്തശ്ശിയുടെ ചിത്രം സമൂഹമാധ്യമമായ റെഡിറ്റിലാണ് പ്രചരിക്കുന്നത്. 

'ഇന്നത്തെ യുവതലമുറയോടുള്ള എന്റെ അഭ്യര്‍ത്ഥന, എല്ലാവരോടും നന്നായി പെരുമാറുക.' എന്നാണ് ബോര്‍ഡിലെ വാക്കുകള്‍. റെഡ്റ്റില്‍ മെയ്ഡ് മീ സ്‌മൈല്‍ എന്ന അക്കൗണ്ടിലാണ് ഈ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. ഹെലന്‍ ബോര്‍ഡില്‍ അഭ്യര്‍ത്ഥനയ്‌ക്കൊപ്പം തന്റെ പേരും പ്രായവും എഴുതിയിട്ടുണ്ട്. 

നിരവധിപ്പേരാണ് ഹെലന്‍ മുത്തശ്ശിയുടെ ആവശ്യത്തെ അഭിനന്ദിച്ചും അംഗീകരിച്ചും രംഗത്തെത്തിയിരിക്കുന്നത്. എല്ലാ തലമുറയ്ക്കും വേണ്ടിയുള്ള ഉപദേശമാണ് ഇതെന്നാണ് ഒരാളുടെ കമന്റ്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ പുഞ്ചിരി എന്നാണ് മറ്റൊരാളുടെ അഭിപ്രായം. നിങ്ങളുടെ ആഗ്രഹം ഞങ്ങള്‍ നിറവേറ്റും, നിങ്ങള്‍ക്ക് അഭിമാനിക്കാം എന്ന് ഹെലന്‍ മുത്തശ്ശിക്ക് വാക്കു നല്‍കുന്നവരുമുണ്ട്.

Content Highlights: 98-year-old woman’s advice for youth strikes in social media