ഹൈസ്‌കൂളും കോളേജും ഒന്നും പാസാകുന്നത് ഇപ്പോള്‍ വലിയ കാര്യമൊന്നുമല്ല. എന്നാല്‍ പണ്ട് കാലത്ത് അങ്ങനെയായിരുന്നില്ല, പ്രത്യേകിച്ചും സ്ത്രീകളുടെ ജീവിതത്തില്‍. സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും അന്നത്തെ സമൂഹം കണക്കാക്കിയിരുന്നില്ല. 93 വയസ്സുള്ള വെര്‍ജീനിയ സ്വദേശിനി എലീന്‍ ഡെലാനെയും അക്കാലഘട്ടത്തില്‍ ജീവിച്ചുവളര്‍ന്നയാളാണ്. പഠനം പൂര്‍ത്തിയാക്കാനാവാതെ ഹൈസ്‌കൂള്‍ വിട്ടു. എന്നാല്‍ തന്റെ 93-ാം പിറന്നാളിന് വീണ്ടും ഹൈസ്‌കൂള്‍ ഡിപ്ലോമ നേടിയിരിക്കുകയാണ് എലീന്‍, അതും 75 വര്‍ഷം മുമ്പ് പടിയിറങ്ങിയ അതേ സ്‌കൂളില്‍ നിന്നു തന്നെ. 

ന്യൂയോര്‍ക്കിലെ പോര്‍ട്ട് റിച്ചമണ്ട് ഹൈസ്‌കൂളില്‍ നിന്നാണ് 75 വര്‍ഷം മുമ്പ് എലീന്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി പോരേണ്ടി വന്നത്. അന്ന് കുടുംബത്തിന് താങ്ങായി നില്‍ക്കാന്‍ മുഴുവന്‍ സമയ ജോലിയിലേക്ക് തിരിയേണ്ടി വന്നു എലീന്. 

എലീന് 12 വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. എലീന്‍ മുത്തശ്ശിയുടെ പതിനാലാം വയസ്സില്‍ പിതാവ് വേറെ വിവാഹം കഴിച്ചു. അതോടെ സ്വന്തം കാര്യങ്ങള്‍ സ്വയം നോക്കേണ്ട അവസ്ഥയായി അവര്‍ക്ക്. ഒപ്പം കുടുംബത്തിന്റെ കാര്യങ്ങളും രണ്ടാനമ്മയുടെ നിര്‍ബന്ധം കൊണ്ട് എലീന് ഏറ്റെടുക്കേണ്ടി വന്നു. അതോടെ പഠനം ഉപേക്ഷിച്ച് ന്യൂയോര്‍ക്ക് ടെലികോം കമ്പനിയില്‍ ജോലി തേടി. എങ്കിലും സ്‌കൂളില്‍ തനിക്കൊപ്പം പഠിച്ച സുഹൃത്തുക്കളുമായുള്ള ബന്ധം എലീന്‍ ഉപേക്ഷിച്ചിരുന്നില്ല. 

എലീന്റെ മകള്‍ മൗറീനാണ് അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ തീരുമാനിച്ചത്. മകളുടെ നിര്‍ദേശപ്രകാരം എലീനിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നൂറ് കണക്കിന് ആശംസാകാര്‍ഡുകള്‍ ഈ സമയത്ത് എലീന് അയച്ചു. ഇതില്‍ ഇവരുടെ ആറ് മക്കളും എട്ട് കൊച്ചുമക്കളും അവരുടെ മക്കള്‍ അഞ്ച് പേരും ഉള്‍പ്പെടും. ഒടുവില്‍ പോസ്റ്റ്മാന്‍ വരെ ചോദിച്ചു ആരാണ് ഇവര്‍ക്ക് ഇത്രയും ആശംസാ കാര്‍ഡുകള്‍ അയക്കുന്നതെന്ന്. 

സ്‌കൂളില്‍ നിന്ന് പോന്നെങ്കിലും അവിടുത്തെ അലുമിനി മീറ്റിങുകളിലെല്ലാം എലീന്‍ സജീവമായി പങ്കെടുത്തിരുന്നു. എലീന്റെ സഹോദരന്റെ മകള്‍ക്ക് പോര്‍ട്ട് റിച്ച്മണ്ട് ഹൈസ്‌കൂളിലെ പ്രിന്‍സിപ്പാളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ വഴിയാണ് എലീന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 

സര്‍ട്ടിഫിക്കറ്റ് കണ്ട് എലീന്‍ അത്ഭുതപ്പെട്ടു. പിറന്നാളിന് സര്‍പ്രൈസ് സമ്മാനമായാണ് മകള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കൊറോണക്കാലമായതിനാല്‍ ജന്മദിന പാര്‍ട്ടി സൂം കോള്‍ വഴിയായിരുന്നു. 'അമ്മയുടെ ഈ അവസാന നാളുകളില്‍ ഇതിലും വലിയ സന്തോഷം ഞങ്ങള്‍ക്ക് നല്‍കാനാകുമോ...' ഹൈസ്‌കൂള്‍ ഡിപ്ലോമയെ പറ്റി മൗറീന്‍ പറയുന്നത് ഇങ്ങനെ.

Content Highlights: 93 year old Virginia woman gets diploma as her birthday gift 75 years after she was quit high school