പ്രസവം അടുക്കാറാകുമ്പോഴേക്കും വലിയ പണികളൊന്നും ചെയ്യാതെ വിശ്രമത്തിനൊരുങ്ങുന്നവരുണ്ട്. ചിലരുടെ കാര്യത്തിൽ ഇത് ഡോക്ടർമാർ നിർബന്ധിതമായി നിർദേശിക്കുന്നതുമാവാം. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്ന വീഡിയോയും ഒരു ​ഗർഭിണിയുടേതാണ്. ഒമ്പതാം മാസത്തിൽ 1.6 മീറ്റർ ഓടിത്തീർത്ത് താരമായിരിക്കുകയാണ് ഒരു യുവതി. അതും വെറും അഞ്ചുമിനിറ്റ് കൊണ്ട്. 

മൈക്കൽ മൈലർ എന്ന യുവാവാണ് തന്റെ ഭാര്യ മകെന്ന ഓടുന്നതിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. മൈലറും മകെന്നയും തമ്മിൽ നടന്ന ഒരു ബെറ്റാണ് എല്ലാത്തിനും പിന്നിൽ. മകെന്നയുടെ രണ്ടാംമാസത്തിലാണ് മൈലർ ബെറ്റിനെക്കുറിച്ച് പറയുന്നത്. ഒമ്പതാം മാസത്തിൽ 1.6 കി.മീ ഓടിത്തീർക്കണമെന്നതായിരുന്നു വെല്ലുവിളി. ബെറ്റ് ജയിച്ചാൽ 100 ഡോളറാണ് മൈലർ ഭാര്യക്ക് സമ്മാനിക്കാമെന്ന് വാ​ഗ്ദാനം നൽകിയത്. അന്നുതന്നെ സമ്മതം മൂളിയ മകെന്ന ഏഴുമാസങ്ങൾക്കിപ്പുറം അതു പ്രാവർത്തികമാക്കുകയും ചെയ്തു. 

ഭാര്യ ഓടുന്നതിന്റെ വീഡിയോയും മൈലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് മകെന്നയുടെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇതാണ് പെണ്ണിന്റെ ശക്തിയെന്നും, ഉരുക്കുവനിതയെന്നുമൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്. 

ഇതിനിടയിൽ ഒമ്പതാം മാസത്തിൽ ഓടുന്നതിലെ ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെട്ട് കമന്റ് ചെയ്യുന്നവരുമുണ്ട്. എന്നാൽ കോളേജ് കാലം തൊട്ട് ട്രാക്കിൽ ഓടിയ പരിചയം മകെന്നയ്ക്കുണ്ടെന്നും ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഓടിയതെന്നുമാണ് ഇതിന് ഭർത്താവ് നൽകുന്ന മറുപടി. 

Content Highlights: 9-month pregnant woman runs 1.6 kms in just over 5 minutes