യാത്രയെയും നിറങ്ങളെയും മാത്രം പ്രണയിക്കുക.  തന്റെ 83-ാം വയസ്സിലും ആ പ്രണയം ഒരു തരിപോലും ചോരാതെ ഹൃദയത്തോടടുക്കി പിടിക്കുക. പി.എസ് പത്മിനി എന്ന ഈ പഴയകാല ചരിത്ര അധ്യാപികയ്ക്ക്  ചിത്രകല വെറും നേരം പോക്കുമാത്രമല്ല. സ്വയം കണ്ടെത്തല്‍ കൂടിയാണ്. റിട്ടയറായാല്‍ ഇനി വെറുതേ ഇരിക്കാം എന്ന് കരുതുന്നവരുടെ ഇടയിലാണ് പത്മിനി ടീച്ചര്‍ തന്റെ ചിത്രരചനാ പഠനവും പ്രദര്‍ശനങ്ങളുമായി ഇറങ്ങിത്തിരിച്ചത്. ഇപ്പോഴിതാ ഒരു പാവപ്പെട്ട കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം നടത്തുന്നതിന്റെ തിരക്കിലും. 

കുട്ടികളുടെ ക്രാഫ്റ്റുകള്‍ നോക്കിപ്പഠിച്ച ടീച്ചര്‍

'അറുപത്തിരണ്ടിലാണ് ഞാന്‍ അധ്യാപികയാവുന്നത്. അന്നുമുതലേ ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യും. പണ്ട് സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ എക്‌സിബിഷനുകള്‍ക്ക് വേണ്ടി കയറുകൊണ്ടും മറ്റും ക്രാഫ്റ്റുകള്‍ ചെയ്യുമായിരുന്നു.'  ക്രാഫ്റ്റ് ആര് ചെയ്താലും അത് നോക്കി പഠിക്കാനുള്ള ഇഷ്ടം തന്നെയാണ് ടീച്ചറിനെ വ്യത്യസ്തയാക്കുന്നത്. 'കുട്ടികള്‍ എക്‌സിബിഷന് വേണ്ടി ചെയ്യുന്ന വ്യത്യസ്തമായ ക്രാഫ്റ്റുകളൊക്കെ ഞാന്‍ നോക്കി പഠിക്കും. ചെയ്തു നോക്കും.'  ടീച്ചറിന്റെ വാക്കുകളിലും ആ കുട്ടിത്തം നിറയുന്നു.

women

'കോട്ടയമാണ് എന്റെ സ്വദേശം. അച്ഛന്‍ ശങ്കരന്‍ ആശാരി കോട്ടയത്തെ പണ്ടത്തെ ആര്‍കിടെക്ടായിരുന്നു. പഴയ അറയും നിരയുമുള്ള വീടുകളായിരുന്നു അദേഹം ചെയ്തിരുന്നത്. അക്കാലമാണെന്ന് ഓര്‍ക്കണം. വീടുകളുടെ മരപ്പണികളും കൊത്തുപണികളൊക്കെ നമ്മുടെ വീടിന് മുന്നിലിരുന്നാണ് ചെയ്യുക. അവ കണ്ടാണ് വളര്‍ന്നത്.'  പിന്നീട് വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഗോപിനാഥനും ക്രാഫ്റ്റ് ചെയ്യാന്‍ കട്ട സപ്പോര്‍ട്ടുമായി കൂടെനിന്നെന്ന് ടീച്ചര്‍. ഇപ്പോള്‍ മക്കളായ ദീപയും പ്രകാശും ഒപ്പം മരുമക്കളും 'അമ്മ പോയി വരച്ചോ' എന്ന് പറഞ്ഞ് എപ്പോഴും എല്ലാ സഹായവുമായി ഒപ്പമുണ്ട്.' 

ഒരു ചെറിയ കാരുണ്യമാണ് ഈ ചിത്ര പ്രദര്‍ശനം

ഒരു ചിത്രപ്രദര്‍ശനത്തിന്റെ തിരക്കിലാണ് ടീച്ചറിപ്പോള്‍. ഈ കൊറോണക്കാലത്തോ എന്ന് മുഖം ചുളിക്കേണ്ട. വീടില്ലാത്ത ഒരു ഒമ്പതാം ക്ലാസ്‌കാരിക്ക് വീട് നിര്‍മിക്കാനുള്ള ചെറിയൊരു നന്മ. വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്തിന്റെ ആവശ്യപ്രകാരമാണ് ടീച്ചര്‍ ചിത്രപ്രദര്‍ശനം നടത്തുന്നത്. 

women
കോഫീപെയിന്റിങ്‌

കോഫീ പെയിന്റിങില്‍ വിരിഞ്ഞ നെഹ്‌റുവും, ഗാന്ധിജിയും വിവേകാനന്ദനും അടക്കം 165 ഓളം ചിത്രങ്ങളാണ് ചിത്രപ്രദര്‍ശനത്തില്‍ ടീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഇതുവരെ ടീച്ചര്‍ നാല് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ജൂലൈ 6 നാണ് ഈ ഓണ്‍ലൈന്‍ എക്‌സിബിഷന്‍ തുടങ്ങിയത്. ആളുകളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് പത്മിനി ടീച്ചറിന്റെ മക്കള്‍ പറയുന്നു. സാധാരണ നടത്തുന്ന ചിത്രപ്രദര്‍ശനങ്ങളേക്കാള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് ഇനിയുള്ള കാലത്ത് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഇത് വിജയമായാല്‍ ഇനിയും ഓണ്‍ലൈനില്‍ പ്രദര്‍ശനങ്ങള്‍ നടത്തണമെന്ന പ്ലാനിലാണ് പത്മനി ടീച്ചര്‍.

ഒരുപാട് ചിത്രങ്ങള്‍ വരച്ചു, ഇനിയും വരയ്ക്കണം

ജോലിയില്‍ നിന്ന് പിരിഞ്ഞതിന് ശേഷമാണ് ടീച്ചര്‍ ഫുള്‍ടൈം വരയിലേക്ക് തിരിഞ്ഞത്. 'ചിത്രം വരയ്ക്കാന്‍ പണ്ടുമുതലേ ഇഷ്ടമാണ്. പണ്ടൊന്നും പഠിക്കാന്‍ പറ്റിയില്ല. ഓരോരുത്തര്‍  വരക്കുന്നതു കണ്ടാണ് അന്നൊക്കെ പഠിച്ചത്. റിട്ടയറായതോടെ വെറുതേ വീട്ടിലിരിക്കാതെ മുഴുവന്‍ സമയവും ഇതിനൊപ്പമായി. ഇവിടെ ചിത്രകല പഠിപ്പിക്കുന്ന ഒരു അധ്യാപകനുണ്ട്, ജോര്‍ജ് ഫര്‍ണാണ്ടസ്. ഗ്രാസ് കൊണ്ടുള്ള ക്രാഫ്റ്റ്, മ്യൂറല്‍, അക്രിലിക് പോലെ പലതരം പെയിന്റിങുകള്‍, നെറ്റിപ്പട്ടം പോലുള്ളവയുടെ ക്രാഫ്റ്റ് എന്നിങ്ങനെ പലതും അവിടെ പഠിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിനടുത്ത് എത്തിയതോടെ ചിത്രകലയിലെ പലപല മേഖലകളോട് ഇഷ്ടം തോന്നിത്തുടങ്ങി. അങ്ങനെ 18 വര്‍ഷത്തോളമായി അവിടെ പഠനവും വരയും എല്ലാമായി കൂടിയിട്ട്.' 

women
ക്ലോത്ത് ആര്‍ട്ട്, സാന്‍ഡ് പെയിന്റിങ്, പേപ്പര്‍ എംബ്രോയിഡറി

പെയിന്റിങ് മാത്രമല്ല, പാഴ്‌വസ്തുക്കള്‍, മണല്‍, കടലാസ്.. എന്നിവയുടെ സമ്മിശ്രരൂപമാണ് ടീച്ചറിന്റെ വര്‍ക്കുകള്‍.  ഡയമെന്‍ഷണല്‍ ആര്‍ട്ട്, ഡികോപേജ് ആര്‍ട്ട്, അക്രിലിക് പെയിന്റിങ്, ടെക്‌സ്ചര്‍ വര്‍ക്ക്, ഗ്ലാസ് ആര്‍ട്ട്, ക്രയോണ്‍ ആര്‍ട്ട്, എംബോസ്ഡ് പെയിന്റിങ്, ഫോയില്‍ എംബോസിങ്, സി.ഡി ആര്‍ട്ട്, ചൈനീസ് ബ്രഷ് പെയിന്റിങ്, ഡസ്റ്റ് പെയിന്റിങ്, പേപ്പര്‍ ആര്‍ട്ട്, ക്ലോത്ത് ആര്‍ട്ട്... ഇതൊരു നീണ്ട പട്ടികയാണ്. ഇങ്ങനെ ചിത്രകലയിലെ എല്ലാ രീതികളും തന്നെ ടീച്ചര്‍ പരീക്ഷിക്കുന്നുണ്ട്. 'എല്ലാ ആര്‍ട്ട് വര്‍ക്കുകളോടും വലിയ ഇഷ്ടമാണ്.' അതില്‍ വേര്‍തിരിവൊന്നുമില്ലെന്ന് ടീച്ചര്‍. 

women
എംബോസ്ഡ് ആര്‍ട്ട്

'അവിടെ എന്റെ അതേ പ്രായമുള്ള ധാരാളം സ്ത്രീകള്‍ ആര്‍ട്ട് വര്‍ക്കുകള്‍ പഠിക്കാന്‍ വരുന്നുണ്ട്. പലരും അതിനോട് ഇഷ്ടവും കഴിവുമുണ്ടായിട്ടും നല്ല പ്രായത്തില്‍ ചെയ്യാന്‍ പറ്റാത്തവരാണ്. ഇപ്പോള്‍ ആ ഇഷ്ടങ്ങളെ പൊടി തട്ടി എടുക്കുന്നവര്‍. ക്രാഫ്റ്റ് പഠിപ്പിക്കുന്ന അധ്യാപകര്‍ എത്ര ക്ഷമയോടെ ആണെന്നോ ഓരോന്നും പഠിപ്പിക്കുന്നത്. അതുതന്നെയാണ് അവിടെ പഠിക്കാനുള്ള പ്രചോദനവും.'  ആദ്യമായി സ്‌കൂളിലെത്തിയ കുട്ടിയുടെ ആവേശമുണ്ട് ഇപ്പോള്‍ ഈ പഴയ അധ്യാപികയുടെ സ്വരത്തില്‍.

യാത്ര വലിയ സന്തോഷമാണ് 

ചിത്രം വര കഴിഞ്ഞാല്‍ പിന്നെയുമില്ലേ ധാരാളം സമയം. എല്ലാവരെയും കൂട്ടി ബാഗ് പായ്ക്കു ചെയ്യുകയായി. പിന്നെ യാത്രകളാണ്. 'യാത്രകള്‍ റിട്ടയര്‍മെന്റിന് മുമ്പേയുണ്ട്. ഇന്ത്യമുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്.  ഹിമാലയം ഹരിദ്വാര്‍, ബദരിനാഥ്.. പിന്നെ കുളിരുന്ന കുളുമണാലി എല്ലായിടത്തും പോയിട്ടുണ്ട്. കാശിയും ദ്വാരകയുമെല്ലാം ഭര്‍ത്താവുള്ളപ്പോള്‍ രണ്ട് തവണ പോയ ഇടങ്ങളാണ്. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷവും യാത്രകള്‍ തുടര്‍ന്നു, മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം. 

women
പത്മിനി ടീച്ചര്‍ കുടുംബത്തോടൊപ്പം

ഇന്ത്യക്കു വെളിയിലെ യാത്രകളാണ് കൂടുതല്‍ ഓര്‍മകള്‍ നല്‍കുന്നതെന്ന് പത്മിനി ടീച്ചര്‍ പറയുന്നു. 'ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ ജോര്‍ദാനിലെ പെട്ര, സഹാറാ മരുഭൂമിയിലെ മരുപ്പച്ചയിലേക്കുളള ഒട്ടകപ്പുറത്തെ യാത്ര, ചാവുകടല്‍ കാണാന്‍ പോയത്, മലേഷ്യ, ലങ്കാവി, നേപ്പാള്‍, ഭൂട്ടാന്‍...' ടീച്ചര്‍ യാത്രപോയ ഇടങ്ങളെല്ലാം ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്. 'യാത്ര വലിയ സന്തോഷമാണ്. ധാരാളം യാത്ര ചെയ്യണം. അതാണ് ആഗ്രഹം.'  കൊറോണ മുടക്കിയ യാത്രകളുടെ നിരാശയുണ്ട്  ടീച്ചറുടെ ശബ്ദത്തില്‍. 

റിട്ടയര്‍മെന്റ് കാലം ഇനിയെന്ത് ചെയ്യണം എന്ന്കരുതി ഇരിക്കുന്നവരോട് പത്മിനി ടീച്ചറിന് പറയാന്‍ ഒന്നുണ്ട്. ' ഒരു നിമിഷം പോലും വെറുതേ കളയരുത്. കിട്ടുന്ന സമയങ്ങള്‍ യാത്ര ചെയ്യുക, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. '  

(പത്മിനി ടീച്ചറിന്റെ ചിത്ര പ്രദര്‍ശനം കാണാം)

Content Highlights: 83 year old retired teacher conduct online art exhibition for construct a home for poor girl