പ്രായം അറുപതിലേക്കെത്തുമ്പോഴേക്കും വാർധക്യമായി, ഇനി വിശ്രമിക്കാം എന്നു കരുതുന്നവരുണ്ട്. അത്തരക്കാർക്ക് മുന്നിൽ സ്വപ്നങ്ങൾക്ക് പ്രായമില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് സുധാ മഹാലിം​ഗം എന്ന സ്ത്രീ. എഴുപതാം വയസ്സിലും യാത്ര ചെയ്ത് കൊതിതീർന്നിട്ടില്ല സുധാ മഹാലിം​ഗത്തിന്. ബെം​ഗളൂരു സ്വദേശിയായ സുധ ഇതിനകം അറുപത്തിയാറോളം രാജ്യങ്ങൾ കണ്ടുകഴിഞ്ഞു.  

ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു സുധയുടെ വിവാഹം കഴിഞ്ഞത്. പക്ഷേ തനിച്ചുള്ള ആദ്യയാത്രയ്ക്കായി പിന്നെയും ഇരുപതു വർഷം കാത്തിരിക്കേണ്ടി വന്നു. ആദ്യമൊക്കെ യാത്രകളുടെ ചെലവോർത്താണ് മടിച്ചു നിന്നതെന്ന് സുധ പറയുന്നു. മാ​ഗസിനുകളിലും മറ്റും വരുന്ന സ്ഥലങ്ങളുടെ ചിത്രം നോക്കി കൊതിച്ചുനിന്നിട്ടുണ്ട്. രണ്ടായിരത്തിൽ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥനായ ഭർത്താവിനൊപ്പം സ്വീഡനിലേക്ക് പറന്നതാണ് ജീവിത യാത്രകളിൽ വഴിത്തിരിവായത്. 

രണ്ടുമാസത്തെ അസൈൻമെന്റിനായി സ്വീഡനിലേക്ക് പറന്ന ഭർത്താവിനൊപ്പം സുധയും പോവുകയായിരുന്നു. ഭർത്താവ് ജോലിത്തിരക്കിൽ മുഴുകുമ്പോൾ വെറുതേയിരുന്നു മടുത്ത സുധ സ്ഥലങ്ങൾ കാണാനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഫിൻലന്റ്, നോർവേ, ഡെൻ‌മാർക്, ബെർലിൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. 

തുടർന്നങ്ങോട്ട് തനിച്ചു യാത്ര ചെയ്യാനുള്ള അവസരങ്ങളൊന്നും സുധ പാഴാക്കിയില്ല. ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടും സുധയ്ക്കുണ്ട്. സ്കൂളിലും കോളേജിലും പോകുന്നതും ജോലി നേടുന്നതും വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതും മാത്രമല്ല ജീവിതം. ആ ജീവിതം നമ്മുടെ വളർച്ചാകാലത്ത് നമ്മെ പഠിപ്പിക്കുന്നതു മാത്രമാണ്. അതല്ലാതെ വ്യക്തി​ഗതമായി നേടിയെടുക്കാവുന്ന മറ്റനേകം കാര്യങ്ങളുണ്ട്- സുധ പറയുന്നു.