രു പ്രായം കഴിഞ്ഞാൽ പിന്നെ വിശ്രമമാണ് എന്നു പറയുന്നവരുണ്ട്, ഏതാണാ പ്രായം എന്ന് മറുചോദ്യം ഉയർത്തുന്നവരുമുണ്ട്. ശരീരത്തിന് പ്രായമായെന്നു കരുതി സ്വപ്നങ്ങൾക്ക് വിലക്കിടേണ്ടതില്ലെന്നത് തെളിയിക്കുന്ന നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. തൊണ്ണൂറുകളിൽ ബേക്കറി സംരംഭത്തിന് തുടക്കം കുറിച്ച മുത്തശ്ശിയുടെ വാർത്ത വന്ന് അധികമായില്ല. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും അത്തരത്തിലൊരു വീഡിയോ ആണ്. പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് കുത്തനെയുള്ള പടവു‍കൾ കയറി ഹരിഹർക്കോട്ട സന്ദർശിക്കുന്ന അറുപത്തിയെട്ടുകാരിയാണ് വീഡിയോയിലുള്ളത്. 

മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതി ചെയ്യുന്ന ഹരിഹർകോട്ട അതിസാഹസികത നിറഞ്ഞ ട്രെക്കിങ് അനുഭവമാണ് പകരുക. സമുദ്രനിരപ്പില്‍ നിന്ന് 3676 അടിഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഫോര്‍ട്ടിനു മൊത്തം 117പടികള്‍ ആണുള്ളത്. ആശാ അംബാഡെ എന്ന ഊർജസ്വലയായ വയോധികയാണ് ഈ പടവുകൾ അസാമാന്യം കീഴടക്കിയത്.  

വെള്ളസാരിയുടുത്ത്  നിശ്ചയദാർഢ്യത്തോടെ പടവുകൾ കയറുന്ന ആശയാണ് വീഡിയോയിലുള്ളത്. കോട്ടയ്ക്ക് മുകളിലുള്ളവർ മുത്തശ്ശിയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ‍ കാണാം. ട്രക്കിങ്ങിന് സ്ഥിരമായി പോകുന്ന മക്കൾക്കൊപ്പം വ്യായാമം ചെയ്യാറുള്ള ആശ ഇതാദ്യമായാണ് കുത്തനെയുള്ള കോട്ട കീഴടക്കാൻ മക്കൾക്കൊപ്പം കൂടിയത്. 

നിരവധി പേരാണ് ആശയുടെ ധീരതയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഇത്രകുത്തനെയുള്ള പടവുകൾ യാതൊരു ഭയവുമില്ലാതെ കീഴടക്കിയ മുത്തശ്ശിക്ക് നൂറു സല്യൂട്ട് എന്നും പ്രായത്തിന്റെ പേരിൽ മോഹങ്ങളെ തളച്ചിടാനാവില്ല എന്നും പ്രായം വെറും നമ്പർ മാത്രമാണെന്നതിന് മറ്റെന്തു തെളിവ് വേണം എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: 68-YO Aaji Climbs Steep Steps Of Harihar Fort