ഓഫീസ് ജോലിയും വീട്ടുജോലിയുമൊക്കെയായി തിരക്കിനിടയില്‍ ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ മടിക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ നാല് സ്ത്രീകളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി എന്‍.എഫ്.എച്ച്.എസ്.(2015-16) നടത്തിയ പഠനത്തില്‍ പറയുന്നു. നഗരപ്രദേശങ്ങളിലെ അപേക്ഷിച്ച് ഗ്രാമീണമേഖലകളിലുള്ള സ്ത്രീകളാണ് പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകള്‍ ഏറെയും അനുഭവിക്കുന്നതെന്ന് പഠനം കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഏതാനും ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

1. ചീര

ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയവയാണ് ചീര. ചീരയില്‍ കൂടിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ആര്‍ത്തവത്തിന് മുമ്പ് സ്ത്രീകളില്‍ അനുഭവപ്പെടുന്ന നടുവേദന, തലവേദന, വയറിലെ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും എല്ലുകളെ ബലപ്പെടുത്തുകയും ചെയ്യും. 

2. ധാന്യങ്ങള്‍

ഏറെ പോഷകങ്ങള്‍ അടങ്ങിയവയാണ് ധാന്യങ്ങള്‍. ഏറ്റവും കൂടുതല്‍ പ്രോട്ടീനടങ്ങിയ സസ്യആഹാരങ്ങളിലൊന്നാണ് ധാന്യങ്ങള്‍. നാല്‍പത് വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ നിര്‍ബന്ധമായും ആഹാരത്തിലുള്‍പ്പെടുത്തേണ്ടവയാണ് ധാന്യങ്ങള്‍. ഓരോ ധാന്യങ്ങളിലും വ്യത്യസ്തമായ അളവിലാണ് ഓരോ പോഷകങ്ങളും അടങ്ങിയിരിക്കുന്നത്. അതിനാല്‍ അവയോരോന്നും ഓരോ ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തണം.

3. ഓട്‌സ്

ആരോഗ്യപ്രദമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയവയാണ് ഓട്‌സ്. അതിനാല്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം ഓട്‌സ് ശീലമാക്കുന്നതിലൂടെ ലഭിക്കും. മറ്റ് ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. 

4. പാല്‍

പ്രായം നാല്‍പതിനോടുക്കുമ്പോള്‍ സ്ത്രീകളില്‍ എല്ലുകളുടെ ബലം കുറയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കംപ്യൂട്ടറിനുമുന്നിലിരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ എല്ലുതേയ്മാനം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. എന്നാല്‍, പാലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം ഇതിനൊരു പരിഹാരമാണ്. പാലിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, ഫോസ്ഫറസ്. വിറ്റാമിന്‍ ബി കോപ്ലക്‌സ്, പോട്ടാസ്യം തുടങ്ങിയവ സ്ത്രീകളനുഭവിക്കുന്ന ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയാണ്. 

5. ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും ബീറ്റ്‌റൂട്ട് ഉത്തമമാണ്. 

Content highlights: 5 healthy foods for keeping women healthy and strong