ഒഡിഷയിലെ ഗോത്രവര്‍ഗത്തില്‍ നിന്ന് ആദ്യ കോമേഴ്ഷ്യല്‍ പൈലറ്റെന്ന ബഹുമതി നേടിയിരിക്കുകയാണ് 27 കാരിയായ അനുപ്രിയ മധുമിത. ഒഡീഷയില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മാല്‍ക്കന്‍ഗിരി സ്വദേശിനിയായ അനുപ്രിയയ്ക്ക് ഇത് നീണ്ടകാലത്തെ സ്വപ്നസാഫല്യമാണ്. കഴിഞ്ഞ മാസം അവസാനമാണ് അനുപ്രിയ ഇൻഡിഗോ എയര്‍ലൈന്‍സില്‍ സഹപൈലറ്റായി ജോലിക്ക് കയറിയത്. പിതാവ് മരിനിയാസ് ലാര്‍ക്ക പോലീസ് കോണ്‍സ്റ്റബിളാണ്.
പലതരത്തിലുള്ള വെല്ലുവിളികളും അതിജീവിച്ചാണ് അനുപ്രിയ തന്റെ ലക്ഷ്യത്തിലെത്തിയത്. മകളുടെ നേട്ടത്തെക്കുറിച്ച് ചോദിച്ചാൽ അമ്മ ജീമാജി വാചാലയാകും. തന്റെ മകള്‍ കുടുംബത്തിന് മാത്രമല്ല ഒരു സംസ്ഥാനത്തിന് മുഴുവന്‍ അഭിമാനമാണെന്ന് ഈ മാതാവ് പറയുന്നു. അവള് മറ്റു മാതാപിതാക്കള്‍ക്ക് തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് കാരണമാകും. മകള്‍ എല്ല പെണ്‍കുട്ടികള്‍ക്കും ഒരു പ്രചോദനമാകണമെന്നാണ് എന്റെ ആഗ്രഹം-ജീമാജി യാഷ്മിന്‍ പറഞ്ഞു.
എഞ്ചിനീയറിങ് പഠനത്തിനു ചേര്‍ന്നപ്പോഴാണ് അനുപ്രിയ തനിക്ക് താല്പര്യം വ്യോമയാനരംഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ എഞ്ചിനിയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഭൂവനേശ്വരിലെ ഗവ. ഏവിയേഷന്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു (GATI) ഏഴുവര്‍ഷത്തെ പഠനത്തിന് പിതാവിന്റെ വരുമാനം മാത്രം പോരായിരുന്നു. വായ്പ എടുത്തും ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയും പഠനം തുടര്‍ന്നു. കമേഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാനായി അനുപ്രിയ നിരവധി പരീക്ഷകള്‍ എഴുതി. എന്നിരുന്നാലും എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിച്ചും മകളുടെ സ്വപ്നം സാധിച്ചുകൊടുക്കണമെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്ന് മാതാവ് പറയുന്നു.
ഒഡിഷയിലെ 4.2 കോടി ജനസംഖ്യയില്‍ 22.95 ശതമാനം പേര് ഗോത്രവര്‍ഗക്കാരാണ്. ഒഡിഷയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗക്കാരുള്ള ജില്ലയാണ് മാല്‍ക്കന്‍ഗിരി. ഇവിടെ 57.4 ശതമാനം ഗോത്രവര്ഗക്കാരാണുള്ളത്. 73 ശതമാനം സാക്ഷരതയുള്ള ഓഡീഷയില്‍ 41.20 ശതമാനം ഗോത്രവര്‍ഗ സ്ത്രീകളാണ് സാക്ഷരത നേടിട്ടുള്ളത്.
Content Highlights: 27-year-old from Odisha becomes first tribal woman to fly commercial plane