ന്നും പതിവ് പോലെ സ്‌കൂള്‍ വിട്ട് വന്ന് കളിയ്ക്കാനൊരുങ്ങുകയായിരുന്നു പ്രിയാ ജംഗിഡ്. അപ്പോഴാണ് അമ്മ പറഞ്ഞത് അവളുടെ വിവാഹം നിശ്ചയിച്ചെന്ന്!!

അത് കേട്ടതും അവള്‍ കരയാന്‍ തുടങ്ങി. ശൈശവവിവാഹം നിയമവിരുദ്ധമാണെന്നതോ തുടര്‍ന്നു പഠിക്കാനാവില്ലെന്നതോ ഒന്നുമല്ല അവളെ വിഷമത്തിലാക്കിയത്. തനിക്ക് ഭക്ഷണം പാചകം ചെയ്യാന്‍  അറിയില്ലല്ലോ എന്നതായിരുന്നു ആ പത്ത് വയസ്സുകാരിയെ വിഷമിപ്പിച്ചത്. പിറ്റേന്ന് സ്‌കൂളിലെത്തിയപ്പോള്‍ തന്നെ അവള്‍ വിവാഹക്കാര്യം കൂട്ടുകാരോടും അധ്യാപകരോടും പറഞ്ഞു. അപ്പോഴവള്‍ ചിന്തിച്ചില്ല അതോടെ തന്റെ ജീവിതം മാറിമറിയാന്‍ പോവുകയാണെന്ന്.

പ്രിയ പറഞ്ഞതു കേട്ട് അധ്യാപകരിലൊരാള്‍ നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ ബച്പന്‍ ബചാവോ ആന്ദോളനില്‍ വിവരമറിയിച്ചു. അടുത്ത ദിവസം തന്നെ അവിടെനിന്നുള്ള പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രിയയെ കണ്ടു സംസാരിച്ചു. അപ്പോഴാണ് ശൈശവവിവാഹം നിയമവിരുദ്ധമാണെന്നും  ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തന്റെ വീട്ടുകാര്‍ ചെയ്യുന്നതെന്നും അവള്‍ക്ക് മനസ്സിലായത്. ഇത്ര ചെറുപ്പത്തില്‍ വിവാഹിതയായാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അതോടെ അവള്‍ ബോധവതിയായി.

പ്രിയയുടെ വീട്ടിലെത്തിയ പ്രവര്‍ത്തകര്‍ അവളുടെ അച്ഛനോട് സംസാരിച്ചു. എന്നാല്‍ മകളുടെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ അയാള്‍ തയ്യാറായില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോയെങ്കിലും പ്രിയയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഒടുവില്‍ വീട്ടുകാര്‍ക്ക് തോറ്റുകൊടുക്കേണ്ടി വന്നു. അച്ചനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതില്‍ അവള്‍ വിജയിച്ചു. അച്ഛനോട് പറഞ്ഞ് മുത്തശ്ശിയെ സമ്മതിപ്പിക്കാനും അവള്‍ക്കായി. മുത്തശ്ശിയ്ക്കായിരുന്നു അവളുടെ വിവാഹം നടത്തണമെന്ന് ഏറ്റവും നിര്‍ബന്ധം.

അങ്ങനെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അത് റദ്ദ് ചെയ്തു. അതോടെ പ്രിയയുടെ വീട്ടുകാര്‍ ഗ്രാമത്തില്‍ ഒറ്റപ്പെട്ടു. പക്ഷേ,തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന അവള്‍ ശൈശവവിവാഹത്തിനെതിരെ പോരാടാനിറങ്ങി. ബച്പന്‍ ബചാവോ ആന്ദോളന്റെ സഹായത്തോടെ സമപ്രായക്കാരായ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ തുടങ്ങി.

2015ല്‍ കൈലാഷ് സത്യാര്‍ഥിക്കൊപ്പം അമേരിക്ക സന്ദര്‍ശിക്കാനും ബരാക് ഒബാമയെയും മിഷേലിനെയും നേരിട്ട് കാണാനും പ്രിയക്ക് സാധിച്ചു. സെലിബ്രിറ്റിയായതോടെ പ്രിയയോടുള്ള നാട്ടുകാരുടെ മനോഭാവം മാറി. അവള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കി അവര്‍ ശൈശവവിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തുടങ്ങി.

ഇന്നിപ്പോള്‍ ആ പതിനഞ്ചുകാരി ജയ്പൂരിലെ ആള്‍വാര്‍ ഗ്രാമത്തിനാകെ ആ പെണ്‍കുട്ടി അഭിമാനമാണ്. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുറച്ച് മുന്നേറുകയാണ് പ്രിയ എന്ന പതിനൊന്നാം ക്ലാസ്സുകാരി.

courtesy:timesofindia