2019 ലാണ്, ഒരു പതിനാലുകാരി കൊച്ചുപെണ്‍കുട്ടി ടെഡ് ടോക്ക്‌സില്‍ അതിഥിയായി എത്തിയത്. അന്ന് അവളെ പരിചയപ്പെടുത്താന്‍ അവിടെ രണ്ട് ആളുകളുണ്ടായിരുന്നു. അതിലൊരാള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനും. 'ഇവള്‍ ഗീതാജ്ഞലി റാവു, അമേരിക്ക നല്‍കുന്ന പ്രമുഖരായ പുതുതലമുറ ശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ് നേടിയ പെണ്‍കുട്ടി. ഫോര്‍ബ്‌സ് മാഗസിന്റെ 2019 ലെ 30 അണ്ടര്‍ 30 ലിസ്റ്റില്‍ ഒരാള്‍, ആറ് കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍മൈന്‍ഡ്'... ഇങ്ങനെയായിരുന്നു ഷാരൂഖ് ഖാന്‍ ഗീതാജ്ഞലിയെ കാഴ്ച്ചക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. ഇന്ന് ലോകം ഗീതാജ്ഞലിയെ അറിയുന്നത് മറ്റൊരു നേട്ടത്തിന്റെ പേരിലാണ്. ടൈം മാഗസിന്റെ ഫസ്റ്റ് കിഡ് ഓഫ് ദി ഇയറും ടൈമിന്റെ പുതിയ മുഖചിത്രവുമായ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണ് ഗീതാജ്ഞലി. അമേരിക്കയില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട 5000 പേരില്‍ നിന്നാണ് ഗീതാജ്ഞലി ഈ നേട്ടം കൈവരിച്ചത്.
ഗീതാജ്ഞലിയുടെ മാതാപിതാക്കളായ ഭാരതി റാവുവും റാം റാവുവും മകളുടെ ശാസ്ത്രത്തോടുള്ള താല്‍പര്യത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. പത്ത് വയസ്സുള്ളപ്പോള്‍ തന്നെ കാര്‍ബണ്‍ നാനോട്യൂബ് സെന്‍സര്‍ ടെക്‌നോളജിയെപറ്റി പഠിക്കാന്‍ ഡെന്‍വര്‍ വാട്ടര്‍ ക്വാളിറ്റി റിസേര്‍ച്ച് ലാബില്‍ പോകണമെന്ന് ഗീതാജ്ഞലി ആവശ്യപ്പെട്ടത് അവര്‍ ഓര്‍മിക്കുന്നു. സമൂഹത്തിന്റെ മാറ്റത്തിനായി ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഉപയോഗിക്കണമെന്നാണ് ഗീതാജ്ഞലിയുടെ ആഗ്രഹം.
വെള്ളത്തിലെ ലെഡിന്റെ അളവ് കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമായിരുന്നു ഗീതാജ്ഞലിയുടെ ആദ്യ കണ്ടുപിടുത്തം. ഇതിന് 2017 ലെ ഡിസ്‌കവറി എഡ്യൂക്കേഷന്‍ ത്രീഎം യംങ് സൈന്റിസ്റ്റ് ചലഞ്ച് അവാര്‍ഡ് ലഭിച്ചു. എഐ ടെക്‌നോളജിയുടെ സഹായത്തോടെ നിര്‍മിച്ച ക്രോം എക്‌സറ്റന്‍ഷനും ശ്രദ്ധ നേടിയിരുന്നു. സൈബര്‍ബുള്ളിയിങ് കണ്ടെത്തുന്നതിനുള്ള ആപ്പ് ആയിരുന്നു അത്.
മാര്‍വലിന്റെ ഹീറോ പ്രോജക്ട് എന്ന വെബ്‌സീരിസില്‍ കഥാപാത്രമായും ഈ കൊച്ചുപെണ്‍കുട്ടിയുണ്ട്. 'ശാസ്ത്രജ്ഞന്‍മാര്‍ സൂപ്പര്‍ ഹീറോസിനെപ്പോലെയാണ്, സൂപ്പര്‍ഹീറോസ് സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്നവരല്ലേ, ശാസ്ത്രജ്ഞന്‍മാരും ചെയ്യുന്നത് അത് തന്നെയാണ്.' വെബ്‌സീരിസിനെ പറ്റി ഗീതാജ്ഞലി പ്രതികരിച്ചത് ഇങ്ങനെ.
സയന്‍സ് മാത്രമല്ല ഗീതാജ്ഞലിയുടെ ഇഷ്ടവിഷയങ്ങള്‍. ഒമ്പത് വയസ്സുമുതല്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്, ഒപ്പം ക്ലാസിക്കല്‍ നൃത്തവും. നീന്തലും ഫെന്‍സിങും ഹോബിയാണെങ്കിലും കൊറോണക്കാലത്ത് മറ്റൊരു വിനോദം കൂടി ഗീതാജ്ഞലി കണ്ടെത്തി, ബേക്കിങ്. ടൈം മാഗസിനുള്ള അഭിമുഖത്തിലാണ് ഗീതാജ്ഞലിയുടെ ഈ വെളിപ്പെടുത്തല്‍. ബേക്കിങിനോട് ഇഷ്ടം തോന്നാനുള്ള കാരണം മറ്റൊന്നുമല്ല, ബേക്കിങിലും ഉള്ളത് ശാസ്ത്രമാണല്ലോ എന്നാണ് മറുപടി.
Content Highlights: 15-Year-Old Indian-American Gitanjali Rao Becomes TIME's First-ever Kid of the Year