മേരിക്കയില്‍ നിന്നുള്ള ഈ പതിനൊന്നു വയസ്സുകാരി പെണ്‍കുട്ടിയുടെ ധൈര്യത്തിനെ അഭിനന്ദിക്കുകയാണ് സൈബര്‍ ലോകമിപ്പോള്‍.  തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച് അക്രമിയെ ധൈര്യപൂര്‍വം തുരത്തിയാണ് ഈ പെണ്‍കുട്ടി താരമായത്. 

സമീപത്തുള്ള വീടിന്റെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്. ഫ്‌ളോറിഡയിലെ വെസ്റ്റ് പെന്‍സകോളയില്‍ രാവിലെ ഏഴ് മണിക്കാണ് സംഭവം. സ്‌കൂള്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. കാറില്‍ നിന്ന് ഇറങ്ങിയ അജ്ഞാതന്‍ അവളെ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. കാറിനടുത്തേക്ക് ഏകദേശം വലിച്ചു കൊണ്ടുവന്നെങ്കിലും പെണ്‍കുട്ടി ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ശക്തമായി തൊഴിക്കുകയും ഇടിക്കുകയും പ്രതിരോധിക്കുകയും ചെയ്തതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെട്ടു. 

'രക്ഷപ്പെടാനായി അവള്‍ എല്ലാ വഴികളും നോക്കി. അവള്‍ നന്നായി പൊരുതി, വിട്ടുകൊടുക്കാതെ. അവള്‍ വളരെ ധൈര്യശാലിയാണ്.' മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ അഭനന്ദിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ. 

പിന്നീട് പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. ഇയാള്‍ മറ്റ് പലകേസുകളിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഇയാള്‍ ഇതേ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു. 

Content Highlights: 11-year-old girl waiting for school bus bravely fights off kidnapper