വഴിയരികിലൊരാൾ വീണുകിടന്നാൽപ്പോലും ഒന്നു താങ്ങിയെടുക്കാൻ മടിയുള്ളവർ ഇന്നുമുണ്ട്. വാഹനാപകടങ്ങളിൽ ചോരയൊലിച്ചു കിടക്കുന്ന ശരീരത്തിന് മുന്നിൽ കൂസലില്ലാതെ നിന്ന് ചിത്രം പകർത്തുന്നവരെയും ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഏതു ജീവിക്കും അതിന്റെ ജീവൻ വിലപ്പെട്ടതാണെന്നും അവനവനെക്കൊണ്ട് കഴിയുമെങ്കിൽ അതിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും തെളിയിക്കുന്നൊരു കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിയ സ്രാവിനെ രക്ഷിച്ച് താരമായിരിക്കുകയാണ് ഒരു പതിനൊന്നുകാരി.
ഓസ്ട്രേലിയയിൽ നിന്നുള്ള ബില്ലി റിയ എന്ന പെൺകുട്ടിയാണ് മനുഷ്യത്വം തുളുമ്പുന്ന പ്രവൃത്തിയിലൂടെ വൈറലായി മാറിയത്. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ സ്രാവിനെ രക്ഷിക്കുന്ന ബില്ലിയുടെ വീഡിയോ സമൂഹമാധ്യമത്തില് തരംഗമാണിപ്പോൾ. ടാസ്മാനിയയിലെ കിങ്സ്റ്റൺ ബീച്ചിൽ നിന്നാണ് സംഭവം അരങ്ങേറിയത്.
A 11-year-old girl rescues a trapped draughtboard shark and guides it to sea in Tasmania pic.twitter.com/MY5c3aq0nV
— Reuters (@Reuters) November 24, 2020
പാറയുടെ വശങ്ങളിലായി കുടുങ്ങിക്കിടന്ന സ്രാവിനെ ജാഗ്രതയോടെ പുറത്തെടുത്ത് വെള്ളത്തിൽ ഒഴുക്കിവിടുന്ന ബില്ലിയാണ് വീഡിയോയിലുള്ളത്. സ്രാവിനോട് സാരമില്ല എന്ന് ബില്ലി പറയുന്നതും വീഡിയോയിൽ കേൾക്കാം. സ്രാവിനെ രക്ഷിച്ച ബില്ലിയെ അമ്മ അഭിനന്ദിക്കുന്നതും ഒഴുക്കിവിട്ടതിനുശേഷം ജീവൻ രക്ഷിച്ച ആഹ്ലാദത്തിൽ ബില്ലി നിൽക്കുന്നതും വീഡിയോയിൽ കാണാം.
മകളെ സ്രാവ് ഉപദ്രവിക്കുമോ എന്നോർത്ത് ഭയം തോന്നിയിരുന്നില്ലെന്നും നനഞ്ഞ പാറക്കെട്ടുകൾക്കിടയിലൂടെ നടക്കുമ്പോൾ വീഴുമോ എന്നതു മാത്രമായിരുന്നു ആശങ്ക എന്നും അമ്മ ആബി ഗിൽബെർട്ട് പറയുന്നു. നിരവധി പേരാണ് ബില്ലിയുടെ വീഡിയോക്ക് കീഴെ അഭിനന്ദനവുമായി എത്തിയത്.
ഇതുപോലുള്ളവർ ലോകത്ത് ധാരാളം ഉണ്ടായിരുന്നെങ്കിൽ എന്നും മുതിർന്നവരേക്കാൾ മനുഷ്യത്വത്തോടെ ചിന്തിക്കാൻ കുട്ടികൾക്ക് കഴിയുന്നുവെന്നും മകളെ സ്രാവിനെ രക്ഷിക്കാൻ അനുവദിച്ച ധീരശാലിയായ അമ്മയെയും അഭിനന്ദിക്കണം എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: 11-year-old girl rescues shark caught between rocks