ചെയ്തു തീര്‍ക്കാനുള്ള, നേടാനുള്ള ആഗ്രഹങ്ങളുടെ ലിസ്റ്റ് എല്ലാവര്‍ക്കുമുണ്ടാവും. അതിപ്പോള്‍ എത്ര പ്രായമായാലും. ജൂണില്‍ 103-ാം പിറന്നാള്‍ ആഘോഷിച്ച ഡോറോത്തി പൊളാക്ക് എന്ന മുത്തശ്ശി തന്റെ ആഗ്രഹ പട്ടികയിലെ ഒരുകാര്യം നടന്നതിന്റെ സന്തോഷത്തിലാണ്. വേറൊന്നുമല്ല. തന്റെ കൈത്തണ്ടയിലൊരു കുഞ്ഞു പച്ചത്തവളയുടെ ടാറ്റൂ. 

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അതെന്ന് ഡോറോത്തി മുത്തശ്ശി പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മുത്തശ്ശിയുടെ പിറന്നാള്‍ മിഷിഗണിലെ ഒരു നഴ്‌സിങ് ഹോമിലായിരുന്നു. ഇതിനൊപ്പം കൊറോണ ഭീതിയെ തുടര്‍ന്നുള്ള ഐസൊലേഷനിലും. എല്ലാം കൊണ്ടും മുത്തശ്ശി ആകെ സങ്കടത്തിലായിരുന്നു എന്ന് മുത്തശ്ശിയുടെ നഴ്‌സ് പറയുന്നു. 

'മുത്തശ്ശിയെ ഞങ്ങള്‍ക്ക് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല, അതുകൊണ്ട് അവരുടെ അവസ്ഥ എന്താണെന്നറിയാതെ ടെന്‍ഷനിലായിരുന്നു ഞങ്ങള്‍. കേള്‍വിശക്തിക്കും കുഴപ്പമുള്ളതിനാല്‍ ഫോണ്‍ വിളിക്കാനും സാധിച്ചിരുന്നില്ല.' കൊച്ചുമകളായ തെരോസ സാവിറ്റ് ജോണ്‍സ് സി.എന്‍.എന്നിനോട് പറഞ്ഞു. 

നഴ്‌സിങ് ഹോമില്‍ നിന്ന് വീട്ടിലെത്തി ഒന്ന് രണ്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് മുത്തശ്ശിയുടെ ടാറ്റൂ മോഹം പൂവണിഞ്ഞത്. കൈത്തണ്ടയില്‍ പച്ചനിറമുള്ള ചെറിയൊരു തവളയെയാണ് മുത്തശ്ശി പച്ചകുത്തിയത്. 

'വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കൊച്ചുമകന്‍ എന്നോട് ടാറ്റൂ ചെയ്ത് നോക്കാന്‍ പറഞ്ഞിരുന്നു. അന്ന് താല്‍പര്യം തോന്നിയില്ല. എങ്കില്‍ ഇപ്പോഴാവട്ടെ എന്ന് കരുതി. എനിക്ക് തവളകളെ വലിയ ഇഷ്ടമാണ്, അതു തന്നെ ടാറ്റൂ ഡിസൈനാക്കാന്‍ തീരുമാനിച്ചു. ' ഡോറോത്തി മുത്തശ്ശി തന്റെ ടാറ്റൂവിനെ പറ്റി പറയുന്നത് ഇങ്ങനെ. 

'ഇത്രയും പ്രായമേറിയ കസ്റ്റമര്‍ വരുന്നത് ആദ്യമായിട്ടാണ്. അവര്‍ക്ക് വേദനിക്കുമോ എന്നായിരുന്നു എന്റെ പേടി. എന്നാല്‍ മുത്തശ്ശി വലിയ ആവേശത്തിലായിരുന്നു...' ടാറ്റൂ ആര്‍ട്ടിസ്റ്റായ റേ റീസണര്‍ പറയുന്നു.

Content Highlights: 103-yr-old woman fulfills lifelong dream of getting a tattoo