ഒരു പതിനഞ്ചുകാരിയുടെ കുറുമ്പും കുസൃതിയുമുള്ള സാധാരണ പെണ്‍കുട്ടി... അതാണ്, മാലു ത്രെവോഹോ എന്ന ക്യൂബന്‍ അമേരിക്കന്‍ പാട്ടുകാരി. ക്യൂബന്‍ അമേരിക്കന്‍ എന്നത് അത്ര ശരിയല്ല. കാരണം, മാലുവിന്റെ അമ്മ മാത്രമാണ് ക്യൂബക്കാരി. അച്ഛന്‍ സ്‌പെയിന്‍ വംശജന്‍ ആണ്. മാരിയ ലൂയി എന്ന പേരിന്റെ ആദ്യക്ഷരങ്ങളില്‍ നിന്നുമാണ് മാലു എന്ന പേരായി പിന്നീട് മാറിയത്.

ജനിച്ചത് ക്യൂബയിലാണെങ്കിലും മാലു വളര്‍ന്നത് സ്‌പെയിനിലാണ്. സ്പാനിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുവാന്‍ മാലുവിനു ഇതുമൂലം സാധിച്ചു. പന്ത്രണ്ടാം വയസ്സില്‍ മാലു അമ്മയോടൊപ്പം അമേരിക്കയിലെ മിയാമിയിലെത്തി. പിന്നീടുള്ള ജീവിതം അത്ര സുഖമായിരുന്നില്ല എന്നാണ് മാലുവിന്റെ അഭിപ്രായം.

ഒന്നാമത് മാലുവിന്റെ ഇംഗ്ലീഷ് ആര്‍ക്കും മനസ്സിലാകുന്നില്ല. രണ്ടാമത്തെ കാരണം വംശീയത തന്നെ. മാലുവിന്റെ 'ലാറ്റിനോ ലുക്ക്' തന്നെ 'സ്പാനീഷ് ലുക്ക്' കലര്‍ന്നതായതിനാല്‍ ആര്‍ക്കും അത്രയ്ക്കങ്ങ് സുഖിച്ചില്ല. പലപ്പോഴും താന്‍ സ്‌കൂളിന്റെ ബാത്ത്റൂമില്‍ കയറിയിരുന്നു കരഞ്ഞിട്ടുണ്ടെന്നു മാലു പറയുന്നു. ഇംഗ്ലീഷ് അറിയാത്ത അവള്‍ ക്ലാസില്‍ എന്തെങ്കിലും വായിക്കുമ്പോള്‍ കുട്ടികള്‍ കൂട്ടച്ചിരി തുടങ്ങും. അതോടെ, അവള്‍ ഓടി ബാത്ത്‌റൂമില്‍ കയറും. എങ്കിലും അവള്‍ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 'ഒരു രാജ്ഞി എല്ലായ്പ്പോഴും വേദനയെ ശക്തിയാക്കി മാറ്റും' (A Queen will always turn pain into power) എന്ന് അവള്‍ തന്റെ മനസ്സില്‍ കുറിച്ചിട്ടു. ആ വരികള്‍ അവളെ, ഇന്‍സ്റ്റഗ്രാമില്‍ ഒരു വന്‍ വിജയമായി മാറുവാന്‍ ധാരാളം സഹായിച്ചു. തന്നെ പ്രശസ്തയാകുവാന്‍ സഹായിച്ച ആ വരികള്‍ വേദന നിറഞ്ഞ സ്‌കൂള്‍ ജീവിതത്തില്‍ നിന്ന് കിട്ടിയതാണെന്ന് മാലു എപ്പോഴും പറയാറുണ്ട്.2

കൂടെ കളിക്കാന്‍ ആരും തയ്യാറാകാതിരുന്ന സ്‌കൂള്‍ നാളുകളില്‍ അവളുടെ ആശ്വാസം നൃത്തവും സംഗീതവും ആയിരുന്നു. ജെനിഫര്‍ ലോപ്പസ്, റിഹാന തുടങ്ങിയവര്‍ ആയിരുന്നു അവളുടെ  ആരാധനാപാത്രങ്ങള്‍. കോടാനുകോടി ജനങ്ങളെ ഹരംകൊള്ളിക്കുന്ന ഷാക്കിറയുടെ 'അരയിളക്കം' (Hip movement) അവള്‍ പഠിച്ചെടുക്കുന്നതും ആ കാലഘട്ടത്തിലാണ്.

ഇതിനിടെ ഒരു സംഭവമുണ്ടായി. മാലുവുമായി വഴക്കിട്ട സഹപാഠി അവളെ നിലേത്തക്ക് എറിയുന്ന ഒരു വീഡിയോ ആരോ എടുത്ത് നെറ്റിലിട്ടു.  അതോടെ, താന്‍ വിഷാദരോഗിയായെന്നും സ്‌കൂളില്‍ പോകാന്‍ തന്നെ പേടിയായി എന്നും മാലു ഒരു ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

എങ്കിലും ഇന്റര്‍നെറ്റിന്റെ ശക്തി അവള്‍ക്ക് മനസ്സിലായി. അന്നുമുതല്‍ അവള്‍ ഡാന്‍സ് ചെയ്യുന്നതും 'ഡബ് സ്മാഷ്' എന്ന ആപ്പ് ഉപയോഗിച്ച് 'ലിപ് സിങ്' (മറ്റൊരാള്‍ പാടിയ പാട്ടിനോ അഭിനയിച്ച രംഗത്തിനോ വേണ്ടി ചുണ്ടിളക്കി അഭിനയിക്കുക) ചെയ്യുന്നതുമൊക്കെ വീഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അത്തരം ഒരു വീഡിയോ പതിനഞ്ച് ലക്ഷം പേര്‍ കണ്ടതോടെ മാലുവിന്റെ സമയം തെളിഞ്ഞു. ഒന്നിന് പിറകെ ഒന്നായുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍  'ഇന്‍സ്റ്റാഫെയ്മസ്' (ഇന്‍സ്റ്റഗ്രാമിലൂടെ പ്രശസ്തരാകുന്നവരെ instafameous എന്ന് വിളിക്കുന്നു) ആക്കി മാറ്റിയതോടെ മാലു നേരെ കളം മാറ്റി ചവിട്ടി. 

'മ്യൂസിക്കലി' (Musically) എന്ന ചൈനീസ് ആപ്പിലൂടെ അവള്‍ ലൈവ് ബ്രോഡ്കാസ്റ്റിങ്ങും വീഡിയോ ഷെയറിങ്ങും നടത്തി. ഇരുപത് ലക്ഷം ആരാധകരെയാണ് ആറുമാസം കൊണ്ട് മാലു നേടിയെടുത്തത്. 2018-ലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരമായിരിക്കും ഇവള്‍ എന്ന് പല മ്യൂസിക് കമ്പനികളും പണ്ടോറ റേഡിയോ പോലെയുള്ള ഓണ്‍ലൈന്‍ മ്യൂസിക് സര്‍വീസുകളും പ്രവചിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.  
പലരും മാലുവിനെ തേടിയെത്തിയെങ്കിലും അവസാനം അവള്‍ കരാറില്‍ ഏര്‍പ്പെട്ടത് യൂണിവേഴ്സല്‍ മ്യൂസിക്കിന്റെ ലാറ്റിന്‍ വിഭാഗമായ 'ഇന്‍ റ്റിയു ലിനിയ'യുമായി ആയിരുന്നു. 

ആദ്യഗാനം 'ല്യൂണ ലെന' (Luna Llena) ഇറങ്ങിയത് സ്പാനിഷ് കലര്‍ന്ന ഇംഗ്ലീഷിലാണ്. 2017 സെപ്റ്റംബര്‍ 22-ന് പുറത്തിറങ്ങിയ ഈ ഗാനം ആദ്യ ആഴ്ചയില്‍ത്തന്നെ മുപ്പത്തിമൂന്ന് ദശലക്ഷം പേരാണ് യൂ ട്യൂബിലും വെവോയിലും ആസ്വദിച്ചത്.

യൂ ട്യൂബില്‍ മാത്രം ഇതുവരെ 47,466,419 പേര്‍ ഈ ഗാനം കണ്ടുകഴിഞ്ഞു. ഗാനങ്ങളുടെ റാങ്കിങ് സൂചിപ്പിക്കുന്ന ബില്‍ബോര്‍ഡില്‍ ഈ ഗാനം യു.എസ്. ഹോട്ട് ലാറ്റിന്‍ സോങ്‌സ് വിഭാഗത്തില്‍ പതിനെട്ടാം സ്ഥാനത്തും യു.എസ്. ലാറ്റിന്‍ ഡിജിറ്റല്‍ സോങ് സെയില്‍സ് വിഭാഗത്തില്‍ എട്ടാം സ്ഥാനത്തും  എത്തി. ആരാധകരുടെ ആവശ്യമനുസരിച്ച് മാലു ഈ ഗാനത്തിന് ഇംഗ്ലീഷ് പതിപ്പ് ഇറക്കുകയും ചെയ്തു. അതും വന്‍ ഹിറ്റായി.
ഡിസംബര്‍ എട്ടാം തീയതി മാലു അടുത്ത ഗാനം പുറത്തിറക്കി. 'എ മി മെന്റ്' (En Mi Mente) എന്ന ഈ ഗാനവും ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. യൂ ട്യൂബില്‍ മാത്രം ഇതുവരെ അന്‍പത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോയും ആദ്യഗാനം പോലെ തന്നെ ഡിജിറ്റല്‍ ഡൗണ്‍ലോഡ് വഴിയും സ്ട്രീമിങ് സര്‍വീസ് വഴിയും ലക്ഷങ്ങള്‍ നേടുകയാണ്.

ഷാക്കിറയുടെ ബെല്ലി ഡാന്‍സിനെ അനുസ്മരിപ്പിക്കുന്ന ചലനങ്ങള്‍ മാലു യൂ ട്യൂബിലും ഇന്‍സ്റ്റഗ്രാമിലും നേരത്തെ അവതരിപ്പിക്കാറുണ്ടായിരുന്നു. ഇത് കണ്ടിട്ടുള്ള  ഷാക്കിറയുടെ ആരാധകര്‍ മാലുവില്‍ മറ്റൊരു ഷാക്കിറയെ കാണുന്നുണ്ട്. മാലുവിന്റെ 'സ്പാന്‍ഗ്ലിഷി'നും (മലയാളവും ഇംഗ്ലീഷും കലര്‍ന്ന മംഗ്‌ളീഷ് പോലെ ആണ് സ്പാനിഷും ഇംഗ്ലീഷും കലര്‍ന്ന സ്പാന്‍ഗ്ലിഷ്) ആരാധകര്‍ ധാരാളം.

ഇതെഴുതുമ്പോള്‍ മാലുവിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം അന്‍പത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. യൂ ട്യൂബില്‍ ആകട്ടെ അഞ്ചു കോടിയിലേറെ വ്യൂ നേടിക്കഴിഞ്ഞിരിക്കുന്നു ഈ പതിനഞ്ചുകാരി മിടുക്കി കുട്ടി. മാലു പറയുന്നതു പോലെ തന്നെ, അവള്‍ റാണിയാണ്... വേദനയെ ബ്രഹ്മാസ്ത്രത്തോളം ശക്തിയുള്ളതാക്കി മാറ്റാന്‍ കഴിവുള്ള മഹാറാണി. ഇന്ന് ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി മാലു മാറിക്കഴിഞ്ഞുവെന്ന് അവള്‍ക്കു കിട്ടുന്ന പ്രതികരണങ്ങള്‍ തെളിയിക്കുന്നു.

 Content Highlight:  Malu Trevejo Cuban-Spanish internet personality, dancer and singer