കോണ്‍ഫറന്‍സ് കോളുകള്‍ക്ക് ഏറ്റവുമധികം സ്വീകാര്യത വന്ന കാലമാണിത്. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ പലയിടങ്ങളിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കിയിരുന്നു. തൊഴിലാളികള്‍ക്ക് ഒന്നിച്ച് മീറ്റിങ്ങ് നടത്താന്‍ വീഡിയോ കോണ്‍ഫറന്‍സുകളും മറ്റുമായിരുന്നു വഴി. ഇപ്പോഴിതാ കോണ്‍ഫറന്‍സ് കോളിനിടെ മൈക് ഓഫ് ചെയ്യാന്‍ മറന്ന ശ്വേത എന്ന പെണ്‍കുട്ടിക്ക് സംഭവിച്ച അമളിയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. 

മണിക്കൂറുകള്‍ക്കുള്ളില്‍ ശ്വേത എന്ന ഹാഷ്ടാഗ് വൈറലാകുന്നതു കണ്ടാണ് പലരും സംഭവം എന്താണെന്ന് തിരക്കിയത്. സഹപ്രവര്‍ത്തകരുമായി മൈക്രോസോഫ്റ്റ് ടീംസ് കോള്‍ ചെയ്യുകയായിരുന്നു ശ്വേത. ഇതിനിടെയാണ് കക്ഷി സുഹൃത്ത് രാധികയുമായി ചെറിയൊരു കുശലം പറയാന്‍ തുനിഞ്ഞത്. മൈക് ഓഫ് ആക്കാതെ ശ്വേത രാധികയെ വിളിച്ച് സംസാരം തുടങ്ങി. ഒരു യുവാവിനെക്കുറിച്ചുള്ള രഹസ്യമായ ചര്‍ച്ചകള്‍ വരെ സുഹൃത്തിനോട് പങ്കുവെച്ചു. ശ്വേതയോട് രഹസ്യമാക്കി വെക്കണമെന്ന് മുഖവുരയോടെ യുവാവ് പങ്കുവച്ച കാര്യങ്ങളാണ് സുഹൃത്തിനോട് പങ്കുവെച്ചത്. മൂന്ന് മിനിറ്റോളം നീണ്ട സംസാരത്തിനൊടുവിലാണ് ശ്വേത സംഭവം തിരിച്ചറിയുന്നത്. അപ്പോഴേക്കും മീറ്റിങ്ങില്‍ പങ്കെടുക്കുന്ന പലരും ശ്വേതയോട് മൈക് ഓണ്‍ ആണെന്ന് പറയുന്നുമുണ്ടായിരുന്നു. പരമരഹസ്യമായ കാര്യം മറ്റ് 111 പേരിലേക്ക് കൂടിയെത്തിച്ച ശ്വേതയെ സഹപ്രവര്‍ത്തകര്‍ കളിയാക്കാനും തുടങ്ങി. 

ഇതോടെയാണ് ശ്വേത എന്ന ഹാഷ്ടാഗോടെ മീമുകളും ട്രോളുകളും ഉയര്‍ന്നത്. താന്‍ പങ്കുവച്ച രഹസ്യം ശ്വേത ലോകം മുഴുവന്‍ അറിയിക്കുന്നത് കേള്‍ക്കുന്ന യുവാവിന്റെ അവസ്ഥയും ശ്വേതയുടെ രഹസ്യം ആസ്വദിച്ച് കേട്ട് മൈക് ഓഫ് ചെയ്യാന്‍ പറയുന്ന സഹപ്രവര്‍ത്തകരും ശ്വേതയോട് രഹസ്യങ്ങള്‍ പങ്കുവച്ച മറ്റുള്ളവരുമൊക്കെ മീമുകളില്‍ നിറയുന്നുണ്ട്. 

Content Highlights: #Shweta Trends On Twitter As Woman Forgets To Turn Off Mic On Group Call