കീറിയ ജീൻസ് ധരിക്കുന്നത് സാമൂഹിക അധപതനത്തിന് ഇടയാക്കുമെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പരാമർശത്തിനെതിരെ സെെബർ ലോകത്ത് പ്രതിഷേധം ഉയരുന്നു. 

ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മിഷന്‍ നടത്തിയ ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനിടയിലാണ് കീറിയ ജീന്‍സിനെ കുറിച്ചുളള പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. 

കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

'ഇത്തരത്തിലുളള ഒരു സ്ത്രീ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സമൂഹത്തിലേക്കിറങ്ങുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയാണെങ്കില്‍ നാം എന്തുതരത്തിലുളള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത്? ഇതെല്ലാം ആരംഭിക്കുന്നത് വീട്ടില്‍ നിന്നാണ്. നാം എന്തുചെയ്യുന്നോ അത് നമ്മുടെ കുട്ടികള്‍ പിന്തുടരും. വീട്ടില്‍ ശരിയായ സംസ്‌കാരം പഠിപ്പിക്കുന്ന കുട്ടി അവന്‍ എത്ര ആധുനികരായാലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല.'  മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടികള്‍ നഗ്‌നമായ കാല്‍മുട്ട് പ്രദര്‍ശിപ്പിക്കുന്നതില്‍ അസംതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിദേശീയര്‍ ഇന്ത്യയുടെ യോഗയും ദേഹം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണവും പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ നാം നഗ്‌നതയ്ക്ക് പിറകേയാണ് പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 

റാവത്തിന്റെ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് ഇടയാക്കി. #GirlsWhoWearRippedJeans, #RippedJeans and #RippedJeans ഹാഷ്​ടാ​ഗുകളിൽ ട്വിറ്ററിൽ ട്രെൻഡിങും തുടങ്ങി. കീറലുകൾ ഉള്ള ജീൻസ് ധരിച്ച് സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി സ്ത്രീകളാണ് സ്വന്തം ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുന്നത്. 

കീറലുകൾ ഉള്ള മനോഭാവത്തേക്കാൾ നല്ലത് കീറലുകൾ ഉള്ള ജീൻസ് ആണെന്നാണ് ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സെെബർ ലോകത്ത് കടുത്ത പ്രതിഷേധം ഉയരുകയാണ്. 

Content Highlights: 'My jeans, my rules': Netizens react after Uttarakhand CM Tirath Singh Rawats remark on ripped jeans, Women