മ്മുടെ ലുങ്കിക്ക് ഒരു വിദേശ ഛായ നല്‍കിയാല്‍ എങ്ങനെ ഇരിക്കും. പ്രമുഖ ഫാഷന്‍ റീട്ടെയ്‌ലറായ സാറയുടെ ഏറ്റവും പുതിയ സ്‌കര്‍ട്ട് ലുങ്കിയോടുളള സാമ്യതയുടെ പേരില്‍ വെര്‍ച്വല്‍ ലോകത്തെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 

സാറയുടെ ബ്രൗണ്‍ നിറത്തിലുളള ചെക്ക് സ്‌കര്‍ട്ട് കണ്ടാല്‍ ഒറ്റനോട്ടത്തില്‍ നമ്മുടെ ലുങ്കിയാണെന്നേ പറയൂ. ഏകദേശം 5700 രൂപയാണ് സ്‌കര്‍ട്ടിന്റെ വില. മുന്‍വശത്ത് ഞൊറികളോട് കൂടിയ ഒഴുകി കിടക്കുന്ന അതിമനോഹരമായ സ്‌കര്‍ട്ടെന്നാണ് പുതിയ ഉല്‍പ്പന്നത്തെ കുറിച്ച് സാറ നല്‍കുന്ന നിര്‍വചനം. മുന്‍ വശത്തായി ഒരു സ്ലിറ്റും നല്‍കിയിട്ടുണ്ട്. 

ഇന്ത്യയുള്‍പ്പടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളില്‍ പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രമാണ് ലുങ്കി. ഇന്ത്യന്‍ ലുങ്കി 300 രൂപക്ക് കിട്ടുമ്പോള്‍ സാറയുടെ സ്‌കര്‍ട്ടിന് അയ്യായിരത്തിലധികം തുക മുടക്കണമെന്നുമാത്രം. കണ്ടാല്‍ ഒരുപോലിരിക്കുന്ന ഇവയുടെ വിലയുടെ അന്തരവും ട്വിറ്ററില്‍ ചര്‍ച്ചയാകുന്നുണ്ട്. 

ലുങ്കികള്‍ വിവിധ നിറത്തില്‍ ലഭിക്കുമ്പോള്‍ സാറയുടെ സ്‌കര്‍ട്ട് ബ്രൗണ്‍ നിറത്തില്‍ മാത്രമേ ലഭിക്കൂ. ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രമെന്നാണ് പുതിയ പ്രൊഡക്ടിന് സാറ നല്‍കുന്ന വിശേഷണം.