ചൈനയിലെ യുണിക്ലോ ബ്രാന്‍ഡില്‍ എത്തുന്ന പുതിയ ഉപഭോക്താക്കളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഷോപ്പ് ഉടമകള്‍. സ്ത്രീകളാണ് ഇപ്പോള്‍ ഇവിടെയെത്തുന്ന ഉപഭോക്താക്കളില്‍ ഏറെയും. കുട്ടികള്‍ക്ക് വസ്ത്രം വാങ്ങാനല്ല, തങ്ങള്‍ക്ക് വേണ്ടി വസ്ത്രം തിരഞ്ഞെടുക്കാനാണ് ഇവര്‍ എത്തുന്നതെന്നതാണ് ഞെട്ടിക്കുന്നത്. 

കുട്ടികളുടെ വസ്ത്രമണിഞ്ഞ് സെല്‍ഫി എടുക്കുന്ന ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം ചൈനീസ് സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. രാജ്യത്തെ തെറ്റായ സൗന്ദര്യ സങ്കല്‍പങ്ങളുടെ പ്രതീകമാണ് ഇതെന്നാണ് വിമര്‍ശകര്‍ കരുതുന്നത്. ചെറുതാണ് സൗന്ദര്യം എന്ന് കരുതി തങ്ങള്‍ക്ക് പാകമല്ലാത്ത കുട്ടി ഉടുപ്പുകളിലേക്ക് ഞെരിഞ്ഞു കയറുകയാണ് ഇവിടെ സ്ത്രീകളെന്ന് ഹോംഗ് കോംഗ് സിറ്റി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ റ്റീന റോഷല്‍ പറയുന്നു. 'അപകടകരമായ ട്രെന്‍ഡാണ്. സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി കാണുന്നതിന്റെ മറ്റൊരു രൂപം.'- അവര്‍ തുടരുന്നു. 

വീഡിയോ 680 മില്യണ്‍ ആളുകളാണ് കണ്ടത്. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ പലരും പരീക്ഷിച്ചു നോക്കുന്നതിലൂടെ കുട്ടികളുടെ ബ്രാന്‍ഡുകള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. തുണി വലിഞ്ഞു പോകുകയും സൈസ് വലുതാകുകയും ചെയ്യുന്നതോടെ കുട്ടികള്‍ക്കും ഇവ ഉപയോഗിക്കാന്‍ പറ്റാതാവുന്നുണ്ട്. 

എന്നാല്‍ ഈ വീഡിയോക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. 'വെളുത്ത, യുവത്വം തുളുമ്പുന്ന, മെലിഞ്ഞ് ചെറുതായ എന്നീ വിശേഷണങ്ങള്‍ സമൂഹത്തിന്റെ മാറ്റമില്ലാത്ത സങ്കല്‍പങ്ങളെയാണ് കാണിക്കുന്നത്.' എന്നാണ് ചിലരുടെ കമന്റ്. ഇത് ബോഡി ഷെയ്മിങ്ങിലേക്ക് വഴിവയ്ക്കും എന്നാണ് ധാരാളം ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ കമന്റുകളോട് പ്രതികരിക്കാന്‍ യുണിക്ലോ തയ്യാറായിട്ടില്ല.

ഇറ്റാലിയന്‍ ബ്രാന്‍ഡായ ബ്രാന്‍ഡി മെവില്ലേ ബിഎം സ്‌റ്റൈല്‍ എന്നൊരു ഫാഷന്‍ ട്രെന്‍ഡ് അവതരിപ്പിച്ചത് ഈ അടുത്തായിരുന്നു. അതില്‍ എക്‌സ്ട്രാ സ്‌മോള്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ ധാരാളം ആളുകള്‍ രംഗത്ത് വന്നിട്ടും ബ്രാന്‍ഡ് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

മുമ്പ് ചൈനയില്‍ ഇത്തരത്തില്‍ മെലിഞ്ഞ ശരീരമുള്ളവരുടെ ഒരു ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്റെ ഭാഗമായി അരഭാഗത്തിന് മുന്നിലായി ഒരു എഫോര്‍ഷീറ്റ് പേപ്പര്‍ പിടിച്ച് തങ്ങള്‍ എത്രമാത്രം മെലിഞ്ഞതാണ് എന്ന് കാണിക്കുന്ന രീതിയില്‍ നിരവധി സ്ത്രീകള്‍  ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

Content Highlights: Women posing in children’s clothing social media discussion about negative beauty concepts