അമേരിക്കന്‍ സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്‌സിന്റെ രൂപത്തിലുള്ള ഒരു പാവയാണ് ഇപ്പോല്‍ വൈറല്‍. ടെക്‌സാസ് സ്വദേശിനിയായ ടോബി കിങ് എന്ന സ്ത്രീയാണ് ഈ പാവയ്ക്കു പിന്നില്‍. ഈ വര്‍ഷത്തെ വൈറല്‍ട്രോളുകളിലൊന്നായിരുന്നു അമേരിക്കയുടെ പുതിയ ഭരണ സമതിയുടെ സ്ഥാനാരോഹണ സമയത്തെ സാന്‍ഡേഴ്‌സിന്റെ ആ ചിത്രം. മാസ്‌കും ഗ്ലൗസും കോട്ടുമെല്ലാം അണിഞ്ഞ് കാലുകള്‍ ക്രോസ് ചെയ്തുള്ള ആ ഇരിപ്പ് കണ്ടാല്‍ മഞ്ഞുള്ള ഏതോ സ്ഥലത്ത് പെട്ടുപോയതുപോലെ തോന്നിയിരുന്നു.
ഇപ്പോള്‍ സാന്‍ഡേഴ്‌സിന്റെ ക്രോഷെറ്റ് പാവയാണ് താരമായിരിക്കുന്നത്. 20,000 ഡോളര്‍ വിലയാണ് ഈ പാവയ്‌ക്കെന്ന് മാത്രം. ക്രോഷെറ്റ് പാവകളെ നിര്‍മിച്ച് വില്‍പന നടത്തുന്ന ടോബി സാന്‍ഡേഴ്‌സ് പാവയെ ഉണ്ടാക്കിയത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ്. സാന്‍ഡേഴ്‌സ് അന്നണിഞ്ഞ അതേ ഓവര്‍ സൈസ്ഡ് കോട്ടും കൈയിലെ ബ്രൗണ്‍ കളര്‍ കൈയ്യുറകളുമെല്ലാം ടോബി തന്റെ പാവയില്‍ അങ്ങനെ തന്നെ പകര്‍ത്തിയിട്ടുണ്ട്.
നാല്‍പത്താറുകാരിയായ ടോബി താനുണ്ടാക്കിയ ഒന്‍പതിഞ്ച് വലിപ്പമുള്ള പാവയുടെ ചിത്രങ്ങള്‍ ആദ്യം പങ്കുവച്ചത് ഇന്‍സ്റ്റഗ്രാമിലാണ്. ചിത്രത്തിന് ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്. ധാരാളം പേര്‍ പാവയ്ക്ക് ആവശ്യക്കാരായും എത്തി.
അതോടെ പാവയെ ഈ-ബേയില്‍ വില്‍പനയ്ക്കു വയ്ക്കുകയായിരുന്നു. വെര്‍മൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ 'മീല്‍സ് ഓണ്‍ വീല്‍സ്' എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഈ പണം ടോബി സമാഹരിക്കുന്നത്. ആളുകളെ സഹായിക്കാനുള്ള പുതിയൊരു മാര്‍ഗം എന്നാണ് തന്റെ ശ്രമത്തെ പറ്റി ടോബി പറയുന്നത്. ഇപ്പോള്‍ തന്നെ 30,000 ത്തോളം ആളുകള്‍ പാവയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പാവകളെ ഉണ്ടാക്കുന്ന തിരക്കിലാണ് ടോബി.
Content Highlights: Woman sells Bernie doll for donates to charity