ഫാഷൻരം​ഗത്ത് പുതുതലങ്ങൾ തേടുന്നവരുണ്ട്. പണ്ട് തരം​ഗമായിരുന്നവ പലതും ഇന്നു തിരിച്ചുവരുന്നതും മിക്സ് ആൻഡ് മാച്ചുമൊക്കെ കണ്ടുകഴിഞ്ഞു. എന്നാൽ ഇപ്പോൾ യൂത്തിനെ ആകർഷിക്കുന്നത് മറ്റൊരു സ്റ്റൈലാണ്. സം​ഗതി ഡോപമൈൻ ഡ്രസ്സിങ് രീതിയാണ്. പേരുകേൾക്കുമ്പോൾ ഇതെന്താണെന്നു തോന്നുമെങ്കിലും ഒറ്റവാക്കിൽ‍ പറഞ്ഞാൽ കളർഫുൾ ഡ്രസ്സിങ് രീതിയാണിത്. 

ഈ ഡ്രസ്സിങ് രീതി പ്രകാരം ബ്രൈറ്റ് നിറങ്ങൾ ധരിക്കുക വഴി ഹാപ്പി ഹോർമോൺ ആയ ഡോപമൈൻ വർധിക്കുമെന്നാണ് ​പറയുന്നത്.
പേരുപോലെ തന്നെ ധരിക്കുന്നയാളുടെ മൂഡ് മാറ്റാൻ പ്രാപ്തമാണ് ഈ ഡ്രസ്സിങ് രീതി. ഓരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങൾ അവരുടെ മാനസികാവസ്ഥയെക്കൂടി സ്വാധീനിക്കാൻ കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ധരിക്കുന്ന വസ്ത്രം ഇഷ്ടത്തോടെയാകുമ്പോൾ ആത്മവിശ്വാസവും വർധിക്കുമെന്നു സാരം. 

നിങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നതാണ് പ്രധാനം. അവയിൽ സാധാരണത്തേതിൽ നിന്നു വ്യത്യസ്തമായി കടുംനിറങ്ങളും പരീക്ഷിക്കാൻ ശ്രമിക്കാം. ഫാഷനബിൾ ആണെന്നതുകൊണ്ടു മാത്രം ഒരു വസ്ത്രം ധരിക്കാതിരിക്കുക എന്നതും പ്രധാനം. വസ്ത്രം ട്രെൻഡിയാണെന്നു കരുതി ആത്മവിശ്വാസം വർധിക്കണമെന്നില്ല. ഇതുവരെ ധരിക്കാത്ത എന്നാൽ ധരിക്കാനേറെ ആ​ഗ്രഹിക്കുന്ന വസ്ത്രം തിരഞ്ഞെടുക്കാം. ഒപ്പം വ്യത്യസ്തവും കളർഫുളുമായ ആഭരണങ്ങൾ കൂടിയുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. 

അപ്പോഴും നിറങ്ങളുടെ താൽപര്യം വ്യക്തികൾക്കനുസരിച്ച് മാറാനും ഇടയുണ്ട്. ഒരാൾ കടുംചുവപ്പിന്റെ ആരാധകരാണെങ്കിൽ അതേ താൽപര്യം മറ്റു ചിലർക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനാൽ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറവും ആകൃതിയുമൊക്കെ കണക്കിലെടുക്കുന്നതിനൊപ്പം അവ സന്തോഷം പകരുന്നതാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. 

Content Highlights: What is Dopamine Dressing?