ല്യാണം എന്നാല്‍ കാശിന്റെ ഉത്സവമായി മാറുകയായിരുന്നു ഈ അടുത്ത കാലത്തെല്ലാം. എന്നാല്‍ കൊറോണ പടര്‍ന്നു പിടിച്ചതോടെ ലളിതമായതും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയതും ആയ വിവാഹങ്ങളായി ട്രെന്‍ഡ്. വിവാഹ വസ്ത്രങ്ങള്‍ വലിയ വിലകൊടുത്ത് ഡിസൈന്‍ ചെയ്യുകയോ വാങ്ങുകയോ ചെയ്യുന്നതിന് പകരം പലരും സ്വയം ഡിസൈന്‍ ചെയ്യുന്നതു വരെ എത്തി കാര്യങ്ങള്‍. കൊറോണ കഴിഞ്ഞാലും ചെലവു കുറയ്ക്കുന്ന ഇത്തരം രീതികള്‍ കൈവിടില്ലെന്നാണ് ഇന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരുടെ അഭിപ്രായം. ഈ കൊറോണക്കാലം കൊണ്ടുവന്ന ചില വെഡ്ഡിങ്  ട്രെന്‍ഡുകള്‍ ഇതാണ്.

ക്ലാസിക് ട്രെന്‍ഡ്

വിവാഹ വസ്ത്രങ്ങളില്‍ പഴമയുടെ ഡിസൈനുകളാണ് ഇപ്പോള്‍ ട്രെന്‍ഡ് എന്നാണ് ഫാഷന്‍ ഡിസൈനറായ റിതു കുമാറിന്റെ അഭിപ്രായം. 90 കളിലെ സിമ്പിളും കൂടുതല്‍ പണച്ചെലവില്ലാത്തതുമായ വസ്ത്രങ്ങളാണ് കൂടുതല്‍ ആളുകളും സ്വീകരിക്കുന്നത്. കൊറോണ വന്നതോടെ പണം സൂക്ഷിച്ച് ചെലവാക്കാനുള്ള ശീലം ആളുകളില്‍ വന്നതാണ് കാരണം. ഒരു ദിവസം മാത്രം അണിയുന്ന വസ്ത്രങ്ങള്‍ ആകര്‍ഷണീയമാകണം എന്നാല്‍ വെറുതേ കളയാന്‍ കാശുമില്ല എന്ന മനോഭാവം. തനത് വസ്ത്രങ്ങളായ കാഞ്ചീപുരം സാരി, കേരള സാരി, വൈറ്റ് ഗൗണ്‍, കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍.. ഇവയൊക്കെയാണ് ട്രെന്‍ഡ്. 

ഹാന്‍ഡ് ക്രാഫ്റ്റഡ് ഡിസൈന്‍

നമ്മുടെ ചേന്ദമംഗലം സാരികളും കൈത്തറി സാരികളുമൊക്കെ വിവാഹവസ്ത്രമാക്കുകയാണ് പുത്തന്‍ തലമുറ. മാത്രമല്ല ബജറ്റിലൊതുങ്ങുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യിക്കുന്നവരും ചെയ്ത് നല്‍കുന്നവരും കൂടി വരുന്നുണ്ട്. വസ്ത്രങ്ങള്‍ സ്വയം ഡിസൈന്‍ ചെയ്യാന്‍ റെഡിയായവരും ധാരാളം. 

ഇന്‍സ്റ്റഗ്രാം വെഡ്ഡിങ്

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് ഇപ്പോള്‍ വിവാഹഫോട്ടോകളും വീഡിയോയുമെല്ലാം. അതിനനുസരിച്ച് വസ്ത്രങ്ങളുടെ ഡിസൈനിലും വേദിയുടെ രൂപത്തിലും വരെ മാറ്റങ്ങള്‍ വരുത്താന്‍ ആളുകള്‍ റെഡിയാണ്. നാല്‍പത് വരെ അതിഥികള്‍ മാത്രമുള്ള ചെറിയ ചടങ്ങുകളായി വിവാഹം മാറിക്കഴിഞ്ഞു. കുറച്ച് ആളുകളായാല്‍ ക്യാമറാ ഫ്രെയിമില്‍ ഒതുക്കാമല്ലോ. ചെലവും കുറക്കാം. വലിയ ക്യാമറാ സെറ്റും മറ്റും വേണ്ടിടത്ത് ചെറിയ തുകയില്‍ ഒരു ഫോട്ടോഗ്രാഫറും ഒരു ക്യാമറയും മതി വിവാഹ ചിത്രങ്ങള്‍ മനോഹരമാക്കാന്‍. 

kerala brides
Instagram/kerala.brides

അമ്മയെപ്പോലെ മകളും

പാരമ്പര്യമായി കൈമാറിക്കിട്ടിയ വസ്ത്രങ്ങള്‍ കല്യാണത്തിന് ഉപയോഗിക്കുന്നത് ഇപ്പോള്‍ വ്യാപകമായിത്തുടങ്ങി. അമ്മമാര്‍ ഉപയോഗിച്ച ആഭരണങ്ങള്‍, വിവാഹ വസ്ത്രം എന്നിവയെല്ലാം അണിഞ്ഞ് വിവാഹിതയാകുന്ന പെണ്‍കുട്ടികള്‍ ധാരാളമാണ് ഇപ്പോള്‍. നമുക്ക് ഏറ്റവും അടുത്ത അതിഥികള്‍ മാത്രമുള്ള ചടങ്ങാകുമ്പോള്‍ വിവാഹം പഴയ ഓര്‍മകള്‍ക്ക് കൂടിയുള്ള വേദിയാകുന്നു. അവിടെ ഫിറ്റ്‌നെസ്സോ സ്‌റ്റൈലോ ഒന്നും പ്രധാനമല്ല എന്നതാണ് ഗുണം. 

സ്വദേശി

ഇടക്കാലത്ത് വിദേശ വിവാഹ വസ്ത്രങ്ങള്‍ വ്യാപകമായി നമ്മുടെ വിവാഹ വസ്ത്രങ്ങളില്‍ കടന്നു കൂടിയിരുന്നു. ഇപ്പോള്‍ നമ്മുടെ തനിമയാര്‍ന്ന വിവാഹ വസ്ത്രങ്ങളാണ് ആളുകള്‍ക്ക് പ്രിയം. ചെലവ് കുറയുമെന്ന് മാത്രമല്ല നമ്മുടെ കാലവസ്ഥയ്ക്ക് യോജിച്ചതും ഈ വസ്ത്രങ്ങളാണ്.

Content Highlights: Wedding fashion trends during post Corona period