വൈശാലി ഷാദാങ്‌ലെ, ഈ നാല്‍പത്തിമൂന്നുകാരി ഡിസൈനറിന് പിന്നാലെയാണ് ഫാഷന്‍ പ്രേമികളുടെ കണ്ണിപ്പോള്‍. ജൂണ്‍ ഇരുപത്തിയൊന്നു മുതല്‍ ഇരുപത്തിയാറ് വരെ നടക്കുന്ന പാരിസ് ഫാഷന്‍ വീക്കില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വൈശാലിയും അവിടെയുണ്ട്. പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ഡിസൈനറാണ് വൈശാലി എന്നതാണ് പ്രത്യേകത.

ഡിസൈനിങ്ങിനോടുള്ള ഇഷ്ടം കൊണ്ട് മധ്യപ്രദേശിലെ വിദിശയില്‍ നിന്ന് 1997 ലാണ് വൈശാലി മുംബൈയിലെത്തിയത്. 'പെണ്‍കുട്ടികള്‍ക്ക് അത്തരം സ്വപ്നങ്ങളൊന്നും ഇല്ലാത്ത സമയം. ഞാന്‍ ഓടിപ്പോരുകയായിരുന്നു വീട്ടില്‍ നിന്ന്.' ഹഫ്‌പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ വൈശാലി പറയുന്നു.

ആദ്യം ഒരു ജിമ്മില്‍ ട്രെയ്‌നറായാണ് വൈശാലി ജോലി ആരംഭിച്ചത്. അവിടെ വരുന്ന ക്ലൈന്റ്‌സിന് സ്‌റ്റൈലിങ് ടിപ്പുകള്‍ പറഞ്ഞുകൊടുത്താണ് ഡിസൈനിങ് മേഖലയിലേക്കുള്ള വൈശാലിയുടെ കടന്നുവരവ്. വൈശാലിയുടെ ടിപ്പുകള്‍ ധാരാളം ആളുകള്‍ക്ക് ഇഷ്ടമായി. ഒപ്പം ഡ്രെസ്സിങ് സ്റ്റൈല്‍ ടിപ്പുകളും അവള്‍ നല്‍കിത്തുടങ്ങി. അപ്പോഴാണ് ഈ വസ്ത്രങ്ങള്‍ തനിക്കു തന്നെ ഡിസൈന്‍ ചെയ്ത് നല്‍കിക്കൂടെ എന്ന് വൈശാലിക്ക് തോന്നിയത്.

ബാങ്ക് ലോണ്‍ എടുത്ത് ഒരു ചെറിയ ഷോപ്പ് തുറന്നു. രണ്ട് തയ്യല്‍ക്കാരെയും നിയമിച്ചു. ധാരാളം പേര്‍ വൈശാലിയെ തേടി എത്തി. തന്റെ കഴിവുകളെ വളര്‍ത്താന്‍ ഡിസൈനര്‍ കോഴ്‌സ് ചെയ്യാന്‍ വൈശാലി തീരുമാനിച്ചു. പക്ഷേ കോഴ്‌സ് ഡല്‍ഹിയിലായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് വൈശാലിയുടെ വിവാഹം കഴിഞ്ഞ് ഒരു മകളും പിറന്നിരുന്നു. എങ്കിലും രണ്ട് വയസ്സുകാരി മകളെ ഭര്‍ത്താവിനെ ഏല്‍പിച്ച് ഡല്‍ഹിക്ക് ട്രെയിന്‍ പിടിച്ചു. ആഴ്ചയിലൊന്ന് തിരിച്ചെത്തും. ബിസിനസും കുടുംബവും പഠനവും ബാലന്‍സ് ചെയ്തുള്ള ഓട്ടമായിരുന്നു അതെന്ന് വൈശാലി പറയുന്നു. 

2011 ലെ വില്‍സ് ഇന്‍ഡ്യ ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍ വീക്കില്‍ പരമ്പരാഗത രീതിയിലുള്ള ഡിസൈനിങ് വസ്ത്രങ്ങളുമായി വൈശാലി എത്തി. ഫാഷന്‍ ലോകത്തേക്കുള്ള അരങ്ങേറ്റമായിരുന്നു അത്. ചന്ദേരി തുണികളിലായിരുന്നു ആ പരീക്ഷണം. സാരി മാത്രമല്ല പലതരം ഡിസൈനര്‍ വസ്ത്രങ്ങള്‍ വൈശാലി ചന്ദേരിയില്‍ നിര്‍മിച്ചു. മധ്യപ്രദേശെന്ന സ്വന്തം നാടിന്റെ തനതുശൈലിയായിരുന്നു വൈശാലിയുടെ ബലം. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലും തന്റെ സാന്നിദ്ധ്യമറിയിച്ചു വൈശാലി.

സോനം കപൂര്‍ അടക്കം നിരവധി ബോളിവുഡ് താരങ്ങളും വൈശാലിയുടെ വസ്ത്ര ഡിസൈനുകളുടെ ആരാധകരാണ്. 'എന്റെ സ്വപ്‌നം ഒടുവില്‍ സഫലമായിരിക്കുന്നു. ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്ന ഏതൊരു ഡിസൈനറുടെയും സ്വപ്‌നമാണ് ഇത്. നമ്മുടെ നാടിന്റെ സമ്പന്നമായ പാരമ്പര്യവും നെയ്ത്തുകാരുടെ കരവിരുതും നമ്മുടെ സംസ്‌ക്കാരവുമെല്ലാം ലോകത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ' വൈശാലി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പാരീസ് ഫാഷന്‍ വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ പറ്റി കുറിക്കുന്നത് ഇങ്ങനെ. 

Content Highlights: Vaishali Shadangule the first Indian woman designer  in Paris Fashion Week