കാതുകുത്തി, മൂക്കുത്തിയണിഞ്ഞു എന്നിട്ടും മതിയായില്ല. ചുണ്ടുകള്‍, ചിലപ്പോള്‍ കവിളുകള്‍, നാവ്, പുരികങ്ങള്‍..നാടുകളും കാലവും കടന്ന് പലരീതിയില്‍ ഈ തുളയ്ക്കല്‍ ക്രിയകള്‍ തുടരുന്നു. ശരീരം വേദനിച്ചാലും വേണ്ടില്ല ഭംഗിയാകണം അതിനാണ് പിയേഴ്‌സിങ്. ഒരു കാലത്തും ട്രെന്‍ഡില്‍ നിന്ന് പുറത്താവുകയില്ല എന്നതാണ് പിയേഴ്‌സിങ്ങിന്റെ പ്രധാന ആകര്‍ഷണം. 

പ്രെറ്റി ഹോട്ട് ലിപ്‌സ് 

പിയേഴ്‌സിങ്ങിലെ പ്രെറ്റി ആന്‍ഡ് സെക്‌സിയറ്റ് ടൈപ്പ് ആണ് ലിപ് പിയേഴ്‌സിങ്. മുകള്‍ ചുണ്ടിന് നടുവില്‍ തൊട്ടുമുകളില്‍ മൂക്കിന്‍ തുമ്പിന് താഴെയുള്ള ഭാഗത്താണ് മെഡൂസ പിയേഴ്‌സിങ് ചെയ്യുക. 

ചുണ്ടിന് താഴെയായി ലാബ്രെറ്റ് ടൈപ്പ് പരീക്ഷിക്കാം. ചുണ്ടിന്റെ അരികില്‍ താഴെയായി സൈഡ് ലിപ് പിയേഴ്‌സിങ് ചെയ്യാം. ലിപ് പിയേഴ്‌സിങ്ങിലെ സുന്ദരന്‍ ഐഡിയകള്‍ ഇതൊന്നുമല്ല. കീഴ്ചുണ്ടിന്റെ ഇരുവശത്തും ചുണ്ടിനെ ഉള്ളിലാക്കുന്ന രീതിയില്‍ റിങ്ങുകളോ ബാര്‍ബെല്ലുകളോ ഉപയോഗിച്ച് പിയേഴ്‌സിങ് ചെയ്യുന്ന രീതിക്ക് സ്‌നേക്ക് ബൈറ്റ് എന്നാണ് പേര്. 

ചുണ്ടുകളെ കവര്‍ ചെയ്യാതെ കീഴ്ചുണ്ടിന്റെ ഇരുവശത്തും പിയേഴ്‌സിങ് ചെയ്യുന്നത് വാംപെയര്‍ ബൈറ്റും. ഒന്നുശ്രമിച്ചുനോക്കൂ. ട്വിലൈറ്റ് സാഗയിലെ പോലെ രക്ഷസിന്റെ ഹോട്ട്‌ലുക്ക് സ്വന്തമാക്കിയാലോ. കീഴ്ടുണ്ടിന്റെ താഴെ അരികിലായി സ്‌പൈഡര്‍ ബൈറ്റ് ചെയ്യാം. ഡോള്‍ഫിന്‍ ബൈറ്റ്, ഡ്രാഗണ്‍, ഏയ്ഞ്ചല്‍, തുടങ്ങി ഇനിയും സ്‌റ്റൈലുകള്‍ ഒരുപാടുണ്ട്. 

ലോകം കണ്ട രണ്ടു സുന്ദരിമാരുടെ പേരിലുമുണ്ട് പിയേഴ്‌സിങ്. പോപ് സിങര്‍ മഡോണയെ അനുസ്മരിപ്പിക്കുന്ന പിയേഴ്‌സിങ്ങിന് മഡോണ എന്നുതന്നെ പേര്. മേല്‍ചുണ്ടിന് മുകളില്‍ വലതുമാറി ഒരു മറുകുപോലെ തോന്നും മഡോണ പിയേഴ്‌സിങ് കണ്ടാല്‍. 

ഇടത്തേ ചുണ്ടിന് മുകളിലെ മറുക് ഓര്‍മപ്പെടുത്തുന്നത് കാലാനുവര്‍ത്തിയായ ഒരു സൂപ്പര്‍ ഹീറോയിനെ ആണ്. ഈ രീതിയിലുള്ള പിയേഴ്‌സിങ്ങിന് മണ്‍റോ പിയേഴ്‌സിങ് എന്നാണ് പേര്. പിടികിട്ടിയില്ലേ സാക്ഷാല്‍ മെര്‍ലിന്‍ മണ്‍റോ.

Content Highlights: Types of Piercing, Pretty And Hot Lips