ഫാഷന്‍ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് മനോഹരമെന്നു തോന്നുന്നത് ചിലര്‍ക്ക് അരോചകമായേക്കാം. എന്നാല്‍ ഒട്ടും സ്വീകാര്യമല്ലെന്നു ഭൂരിഭാഗം കമന്റ് ചെയ്യുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. സംഗതി ഒരു പാന്റാണ്. സ്വപ്‌നത്തില്‍പ്പോലും കരുതാത്ത വിധത്തില്‍ ഡിസൈന്‍ ചെയ്ത ഒരു പാന്റ് ആണിത്. മറ്റൊന്നുമല്ല ഉരുളക്കിഴങ്ങും മറ്റും കെട്ടിവെക്കുന്ന ചാക്ക് ഉപയോഗിച്ചാണ് ഈ പാന്റ് തയ്യാറാക്കിയിരിക്കുന്നത്. 

ഉരുളക്കിഴങ്ങ് ചാക്ക് കൊണ്ട് സ്റ്റൈലിഷായി ഡിസൈന്‍ ചെയ്ത പാന്റ് ആണ് ചിത്രത്തിലുള്ളത്. വസ്ത്ര പ്രദര്‍ശന മേളയില്‍ നിന്നോ മറ്റോ ഉള്ള ചിത്രമാണ് വൈറലാകുന്നത്. ധാരാളം ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് സമീപത്താണ് ചാക്ക് കൊണ്ട് ഡിസൈന്‍ ചെയ്ത പാന്റും വച്ചിരിക്കുന്നത്. ആംഗിള്‍ ലെങ്ത് രൂപത്തില്‍ ഡിസൈന്‍ ചെയ്ത പാന്റില്‍ ചാക്കിലെ എഴുത്തുകളെല്ലാം അതേപടി കാണാം. പുറകുവശത്ത് പോക്കറ്റുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ളതും കാണാം. പാന്റിന്റെ മുകള്‍വശത്തായി പ്രൈസ് ടാഗും തൂക്കിയിട്ടുണ്ട്. 

ചിത്രം വൈറലാകുന്നതിനൊപ്പം ഇത്തരമൊരു തുണിത്തരം ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്കപ്പെടുന്നവരുണ്ട്. ഇവ ചര്‍മത്തിന് ചൊറിച്ചില്‍ ഉണ്ടാക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്‌തേക്കാമെന്ന് പറയുന്നവരുണ്ട്. 

വ്യത്യസ്തമായ പാന്റിന് രസകരമായ കമന്റുകള്‍ നല്‍കിയിട്ടുള്ളവരുമുണ്ട്. വീട്ടിലുള്ള അമ്മ ഈ പാന്റ് കാണാതെയിരിക്കട്ടെ എന്നും കണ്ടാല്‍ പഞ്ചസാര ചാക്ക ഉള്‍പ്പെടെ കാണാതെ പോകുമെന്നും ഒരാള്‍ പറയുന്നു. 2020 ലെ ദുരന്തങ്ങളുടെ കൂട്ടത്തിലേക്കിതാ മറ്റൊന്നുകൂടി എന്നും വസ്ത്രം വാങ്ങൂ ഒപ്പം ചര്‍മപ്രശ്‌നങ്ങളും സൗജന്യമായി നേടൂ എന്നുമൊക്കെ പോകുന്നു കമന്റുകള്‍.

അടുത്തിടെ ബസ്മതി അരിയുടെ ചാക്ക് കൊണ്ട് സ്റ്റൈലിഷ് ബാഗ് തയ്യാറാക്കിയ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ഒരു ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ബാഗിന്റെ പരസ്യം പുറത്തുവന്നത്. നാലര കിലോഗ്രാം അരിയുടെ ചാക്കാണ് സിബ്ബെല്ലാം പിടിപ്പിച്ച് കിടിലന്‍ ബാഗാക്കി 1100 രൂപയ്ക്ക് വില്‍പനയ്ക്ക് വച്ചത്. 

Content Highlights: Twitter Reacts To Pic Of ‘Potato Sack Pants