നോഹരമായ വസ്ത്രം ധരിച്ച് പാര്‍ട്ടിയിലും മറ്റു വിശേഷവേളകളിലും തിളങ്ങിനില്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കം. സീസണുകളില്‍ ഒതുങ്ങി നില്‍ക്കാനാകാത്ത ട്രെന്‍ഡ് മൂവ്മെന്റ് ആയി മാറിക്കഴിഞ്ഞു 'ഹാന്‍ഡ് പെയിന്റഡ് ഫാഷന്‍'. നാച്ചുറല്‍ ഫാബ്രിക്കുകള്‍ ആയ ഖാദി, ഹാന്‍ഡ്ലൂം വസ്ത്രങ്ങളിലും ഓര്‍ഗാനിക് തുണിത്തരങ്ങളിലും ഹാന്‍ഡ് പെയിന്റഡ് ഫാഷന്‍ ഇന്ന് മിന്നുംതാരമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ താലികെട്ട്, വിവാഹം തുടങ്ങിയ വിശേഷ വേളകളില്‍ കസവില്‍ നെയ്‌തെടുത്ത പുടവയും മുണ്ടും ഒക്കെയായിരുന്നു മലയാളി സങ്കല്‍പ്പം. ഒരു തുണിക്കടയില്‍ പോയി വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കാര്യം കഴിഞ്ഞു എന്നു കരുതിയിരുന്ന നാളുകള്‍ പൊയ്പ്പോയി. ഇപ്പോഴോ വസ്ത്രങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ അതിനെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമാക്കി ഡിസൈന്‍ ചെയ്യാം എന്ന് തലപുകയ്ക്കുന്നവരാണ് ഭൂരിഭാഗവും. 

ഹാന്‍ഡ് പെയിന്റഡ് വസ്ത്രങ്ങള്‍ വിപണി കീഴടക്കിയിട്ട് പത്ത് വര്‍ഷത്തോളമായെങ്കിലും മ്യൂറല്‍ ചിത്രങ്ങള്‍ക്കു തന്നെയാണ് ആവശ്യക്കാര്‍ അന്നും ഇന്നും. എന്നാല്‍ ഇക്കാലത്തെ ഏറ്റവും ആകര്‍ഷണീയമായ തീം ഹാപ്പി, ബ്രൈറ്റ് നിറങ്ങളില്‍, സമ്മര്‍ ഹിറ്റായ പെയ്സ്റ്റല്‍ നിറങ്ങളില്‍ ലഭ്യമായ ഫാബ്രിക്കുകളില്‍ വരച്ചെടുക്കുന്ന ഡിസൈനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 
 

? ഏതൊക്കെ വസ്ത്രങ്ങളില്‍ കളര്‍ ചെയ്യാം 
ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ഡിസൈന്‍ ചെയ്യാന്‍ ഏറ്റവും ഉത്തമം കൈത്തറി വസ്ത്രങ്ങള്‍ തന്നെയാണ്. വരച്ചെടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മിഴിവ് ലഭിക്കുന്നത് കൈത്തറി, കോട്ടണ്‍, ലിനന്‍ പോലുള്ള തുണിത്തരങ്ങളിലാണ്. കളര്‍ഫുള്‍ ആഗ്രഹിക്കുന്നവര്‍ക്കായി സില്‍ക്ക്, സില്‍ക്ക് കോട്ടണ്‍ എന്നിവയിലും ഫാബ്രിക് പെയിന്റിങ് ചെയ്തുവരുന്നു. 
 

? ഈ സീസണിലെ ട്രെന്‍ഡ് എന്തൊക്കെയാണ് 
 സ്ഥിരമായി കണ്ടുവരുന്ന മ്യൂറല്‍ ചിത്രങ്ങളും മയില്‍പ്പീലിയും ഒക്കെ ട്രെന്‍ഡ് ഔട്ട് ആയിക്കഴിഞ്ഞു. അവയ്ക്കു പകരമായി മുഗള്‍, രാജസ്ഥാനി, കശ്മീരി, മധുബനി, തഞ്ചാവൂര്‍ പെയിന്റിങ്ങുകളും കൂടാതെ, കേരളത്തനിമ വിളിച്ചോതുന്ന തെയ്യം, കഥകളി, നൃത്തരൂപങ്ങള്‍, മുദ്രകള്‍ തുടങ്ങിയവയുമാണ് ഇന്നത്തെ ഫാഷന്‍. 
 

? അപ്പോള്‍ സ്വാഭാവികമായും ചോദിക്കാവുന്ന ഒന്നാണ് സ്ത്രീകള്‍ക്ക് മാത്രമാണോ ഇവ വിപണിയില്‍ ലഭ്യമാകുന്നത് 
അല്ലേയല്ല... സ്ത്രീപുരുഷ സമത്വത്തിന്റെ ഈ കാലത്ത് പുരുഷന്മാര്‍ക്കും ഏറെ പ്രിയമുള്ളതാണ് ഈ വസ്ത്രശേഖരം. എന്തിനേറെ പറയുന്നു, നൂലുകെട്ടല്‍ ചടങ്ങുകളില്‍ കൈകുഞ്ഞുങ്ങള്‍ പോലും ഇവ ധരിച്ച് മോണകാട്ടി ചിരിക്കുന്നു.ഒരു വിവാഹ സത്കാര വേദിയിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു... ദേ നോക്കൂ, വധൂവരന്മാര്‍ കോണ്‍ട്രാസ്റ്റ് നിറങ്ങളില്‍ ഹണ്ട പെയിന്റഡ് വസ്ത്രങ്ങളില്‍ അതിഥികളെ വരവേല്‍ക്കുന്നു... അവരുടെ ബന്ധുക്കള്‍ എല്ലാരും ഒരേ കളര്‍ തീം സെറ്റ് ചെയ്ത് വ്യത്യസ്തമായ വേഷവിധാനങ്ങളില്‍ ഹാന്‍ഡ് പെയിന്റഡ് ഡിസൈനുകളില്‍ ചാരുത പകര്‍ന്ന് നില്‍ക്കുന്നു. 
ഇനി കൗമാരക്കാരിലേക്ക് വരാം... ഇവരിലെ മിന്നും താരം നിത്യഹരിതമായ ദാവണി തന്നെയാണ്. പാവാടയിലും ബ്ലൗസിലും ആര്‍ട്ട് വര്‍ക്കുകളും അവയുടെ മോടി കൂട്ടാനായിട്ടുള്ള മിറര്‍, സര്‍ദോസി വര്‍ക്കുകളും. സംസ്‌കൃത ശ്ലോകങ്ങളും സ്‌ക്രിപ്റ്റുകളും ഒക്കെ എഴുതിച്ചേര്‍ത്ത ടൈപ്പോഗ്രഫി വര്‍ക്കുകളാണ് ചുള്ളന്‍ ചെക്കന്മാര്‍ക്കിടയിലെ പുത്തന്‍ പരീക്ഷണങ്ങള്‍. 

? കുട്ടികളിലെ ഫാഷന്‍... 

Fashion

കുഞ്ഞുങ്ങളുടെ ബെര്‍ത്ത്ഡേ പാര്‍ട്ടി വരുന്നുണ്ടോ? പാര്‍ട്ടിയില്‍ സ്ഥിരം കണ്ടുവരുന്ന സിന്‍ഡ്രേല്ല ഗൗണുകളും ബാബ സ്യൂട്ടുകളിലും നിന്ന് അവരെ വ്യത്യസ്തരാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കിലും ഇവിടെയും ചിത്രകലയുടെ ഇന്ദ്രജാലം നമുക്ക് കൊണ്ടുവരാന്‍ സാധിക്കുന്നു. കുഞ്ഞു മാലാഖാമാര്‍ക്കായി ഹാന്‍ഡ് പെയിന്റഡ് ഗൗണുകള്‍, ഫ്രോക്കുകള്‍ വികൃതിക്കുട്ടന്മാര്‍ക്കായി കുര്‍ത്ത, പൈജാമ, ധോത്തി തുടങ്ങിയവില്‍ ഒക്കെ മ്യൂറല്‍ ആര്‍ട്ട് വര്‍ക്കുകള്‍ നല്‍കി ഡിസൈന്‍ ചെയ്യാം. 


? വെള്ളിക്കസവിന്റെ പ്രൗഢത... 
സ്വര്‍ണ കസവില്‍ നെയ്ത സാരിയോടും സെറ്റുമുണ്ടിനോടും ഉള്ള പ്രിയം ഇന്ന് കുറഞ്ഞുവരികയാണ്. അവയ്ക്കു പകരമായി വെള്ളിക്കസവില്‍ നെയ്ത സാരി, മുണ്ടുകള്‍, ഫ്രോക്കുകള്‍, ഒക്കെയാണ് വാണിജ്യശ്രദ്ധ നേടുന്നത്. ഇവയിലെ ഹാന്‍ഡ് പെയിന്റഡ് ആര്‍ട്ട് വര്‍ക്കുകള്‍ക്ക് മാറ്റു കൂട്ടുന്നതിനായി സില്‍വര്‍ ജൂവലറിക്കും ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. 

? എന്താണ് ഫ്യൂഷന്‍ വസ്ത്രങ്ങള്‍... 
കേരള കാസവുസാരിയെയും സെറ്റുമുണ്ടിനെയും മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ് ഫ്യൂഷന്‍ വസ്ത്രങ്ങള്‍... കൈത്തറി മെറ്റീരിയലിനൊപ്പം കളര്‍ഫുള്‍ മെറ്റീരിയലുകള്‍ തുന്നിച്ചേര്‍ത്ത്, അതില്‍ പെയിന്റിങ്ങും ഡിസൈനര്‍ മോട്ടിഫുകളും കൊടുത്താണ് ഫ്യൂഷന്‍ വസ്ത്രങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. 

? സെലിബ്രിറ്റി ഫാഷന്‍... 
ഹാന്‍ഡ് പെയിന്റഡ് ഫാഷന്‍ ഇന്ന് സെലിബ്രിറ്റി വസ്ത്രങ്ങളുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നു. ഫാഷന്‍ റാംപുകളിലും അവാര്‍ഡ് നൈറ്റുകളിലും കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനര്‍ വസ്ത്രങ്ങളില്‍ ഇവര്‍ എത്തുന്നു. ട്രെന്‍ഡിയും െട്രഡിഷണലും ഒത്തിണങ്ങിയ വസ്ത്രങ്ങളില്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ ബ്ലാക്ക് റെഡ്, ഗ്രീന്‍ ബ്ലൂ, പിങ്ക് യെല്ലോ കോമ്പിനേഷന്‍ ആണ്. 

Fashion

? അനുയോജ്യമായ വസ്ത്രങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം 
ഫോട്ടോകളിലും മറ്റു വിശേഷ അവസരങ്ങളിലും സെലിബ്രിറ്റികളും കൂട്ടുകാരും ബന്ധുക്കളും ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ കണ്ണുടക്കുന്ന നാമെല്ലാം, അതുപോലൊരെണ്ണം ഡിസൈന്‍ ചെയ്യാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, അവരവരുടെ നിറത്തിനും ശരീരപ്രകൃതിക്കും യോജിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കൂടുതല്‍ സുന്ദരീസുന്ദരന്മാരായി മാറാം. അത്, ഒരു ഡിസൈനറുടെ സഹായത്താല്‍ നമുക്ക് യോജിച്ചവ തിരഞ്ഞെടുക്കാം. ഹാന്‍ഡ് പെയിന്റഡ് ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ലൈറ്റ് തുണികളില്‍ കടുത്ത നിറങ്ങള്‍ കൊണ്ടുള്ള പെയിന്റിങ്ങുകളും ചുവപ്പ്, കറുപ്പ് നിറങ്ങളിലെ തുണികളില്‍ ഗോള്‍ഡ്, യെല്ലോ, ഓറഞ്ച് ഷെയ്ഡില്‍ വരുന്ന പെയിന്റിങ്ങുകളും മനോഹരമാകും. സില്‍വര്‍ കസവില്‍ കറുപ്പും ചുവപ്പും ചേര്‍ത്തുള്ള ഡിസൈനിങ്ങും നല്ലതു തന്നെ. 

Fashion

? കൈകോര്‍ക്കാം കൈത്തറിക്കൊപ്പം 
നമ്മുടെ നാടിനെ നടുക്കിയ പ്രളയം ഓണസ്വപ്നങ്ങള്‍ക്കൊപ്പം മുക്കിക്കളഞ്ഞത് നെയ്തു ഗ്രാമങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനം തന്നെയാണ്. എന്നാല്‍, പ്രകൃതിക്ക് ദോഷം വരാത്തതും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യവുമായ കൈത്തറി ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള, ഫാഷന്‍ ലോകത്തെ പുത്തന്‍ പരീക്ഷങ്ങളും തികച്ചും സ്വാഗതാര്‍ഹം തന്നെയാണ്. അവയ്ക്ക് ലോകോത്തര ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ മ്യൂറല്‍ ചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അതിലൂടെ, ദുരിതക്കയത്തില്‍ വീണുപോയ നെയ്ത്തു ഗ്രാമങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനും സാധിക്കുന്നു.
 എല്ലാ കണ്ണുകളിലും വിസ്മയം വിടര്‍ത്താന്‍ പാരമ്പര്യത്തനിമ ചോര്‍ന്നുപോകാതെയുള്ള ഫാഷന്‍, വസ്ത്രങ്ങളില്‍ ഇന്ന് വന്നുകഴിഞ്ഞു... അതല്ലേ മോഡേണ്‍ ആന്‍ഡ് മോഡസ്റ്റ് ഫാഷന്‍...?

Content Highlights: Trend Movement on Modest Fashion