വാഡ്രോബില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വസ്ത്രമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അത് ജീന്‍സ് തന്നെ. ആറുമാസത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകിയാല്‍ മതി. ധരിക്കാന്‍ പരമസുഖം. കത്തിയോ കത്രികയോ കൊണ്ട് വെട്ടിയോ കുത്തിയോ മനഃപൂര്‍വം കീറിയില്ലെങ്കില്‍ എത്രകാലം വേണമെങ്കിലും വാഡ്രോബില്‍ ഇരുന്നോളും. അതാണ് ജീന്‍സ്. സ്ത്രീ, പുരുഷ വ്യാത്യാസമില്ലാതെ വര്‍ഷങ്ങളായി ഫാഷന്‍ ചാര്‍ട്ടില്‍ ഇളകാതെ നില്‍ക്കുന്ന ഏക വസ്ത്രം.

പലപേരുകളില്‍ പലകാലങ്ങളില്‍ അവതരിക്കുകയാണ് ജീന്‍സിന്റെ ഒരു രീതി. ജീന്‍സിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് റിപ്പ്ഡ് ജീന്‍സ്. സാധാരണഗതിയില്‍ റിപ്പ്ഡ് ജീന്‍സുകള്‍ ഫാഷന്‍ ലോകത്ത് മെഗാഹിറ്റ് ആകാത്തതാണ്. എന്നാല്‍ ഈ ഫാഷന്‍ തിരിച്ചെത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് സ്ത്രീ പുരുഷന്മാര്‍ റിപ്പ്ഡ് ജീന്‍സിനെ സ്വാഗതം ചെയ്തത്. 

റിപ്പ്ഡിനേയും കടത്തിവെട്ടിയിരിക്കുകയാണ് പുതിയ മോഡല്‍. തോങ് ജീന്‍സ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ജപ്പാനിലെ ആമസോണ്‍ ഫാഷന്‍ വീക്കിലാണ് തോങ് ജീന്‍സ് അവതരിപ്പിക്കപ്പെട്ടത്. കാലുകള്‍ മുഴുവന്‍ പുറത്തുകാണുന്ന രീതിയിലാണ് ഇതിന്റെ ഡിസൈനിങ്. 

സംഗതി കണ്ട് അമ്പരന്നിരിക്കുകയാണ് ഫാഷന്‍ ലോകം. അതേസമയം ഇത്തരമൊരു ജീന്‍സ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള രസകരമായ ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.