പാര്‍ട്ടിക്കും മറ്റും ഒരു ഗൗണോ സാരിയോ ധരിച്ച് അത്യാവശ്യം മേക്കപ്പും ഉപയോഗിച്ച് ഒരുങ്ങി ഇറങ്ങാന്‍ പെടാപ്പാട് പെടുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഉക്രൈന്‍കാരിയായ മില പൊവോറോസ്യൂങ്കിനെ കണ്ടുപഠിച്ചോളൂ. കോര്‍സെറ്റ്, പഫ്ഡ് ബ്ലൗസ്, തൂവല്‍ ചൂടിയ വലിയ തൊപ്പി... മിലയുടെ ഫാഷന്‍ ഇപ്പോഴും 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സ്റ്റൈലാണ്. ഇവയെല്ലാം ധരിച്ച്, അക്കാലത്തെ ഫാഷനിലുള്ള ബൂട്ടുകളും കൈയുറയും ഹെയര്‍സ്റ്റൈലും എല്ലാമായി മിലയെ കാണുമ്പോള്‍ കാലം തെറ്റി വന്നതാണോ എന്ന് തോന്നിപ്പോകും. 

women

12 വര്‍ഷം മുമ്പാണ് മില ഒരു മൂവ്‌മെന്റിന്റെ ഭാഗമായത്, യൂറോപ്പിന്റെ പഴയ ചരിത്രത്തെ പുനര്‍സൃഷ്ടിക്കുക എന്നായിരുന്നു അവരുടെ ലക്ഷ്യം. അന്നാണ് 18-19 നൂറ്റാണ്ടുകളിലെ സ്ത്രീകളുടെ വേഷങ്ങള്‍ മില സ്വയം തുന്നി ധരിച്ചു തുടങ്ങിയത്.  സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രങ്ങളും മില പങ്കുവച്ചു തുടങ്ങി. പിന്നീട് ചിത്രങ്ങള്‍ക്കു വേണ്ടി മാത്രമല്ല നിത്യജീവിതത്തിലും ഇത്തരത്തിലായി മിലയുടെ വസ്ത്രധാരണം. 

ആദ്യം മില നീലനിറത്തിലുള്ള മഴക്കാലത്ത് ധരിക്കുന്ന ഒരു കോട്ടാണ് തയ്യാറാക്കിയത്. പിന്നീട് വാര്‍ഡ്രോബ് മുഴുവന്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍കൊണ്ട് നിറഞ്ഞു. 

women

ഓണ്‍ലൈനില്‍ 19-ാം നൂറ്റാണ്ടിലെ വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ കണ്ടെത്തി അവയ്ക്കനുസരിച്ചാണ് മില തന്റെ ഔട്ട്ഫിറ്റുകള്‍ തയ്യാറാക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്നാല്‍ പോലും ശ്രദ്ധ ആകര്‍ഷിക്കുന്ന വിധമാണ് ഇവ. വസ്ത്രങ്ങള്‍ക്കു ചേരുന്ന ഷൂസും ബാഗും മറ്റ് ആക്‌സസറികളും ആളുകളുടെ പാരമ്പരാഗത ശേഖരത്തില്‍ നിന്നും പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും കണ്ടെത്തും. 

മിലയുടെ വസ്ത്രങ്ങള്‍ക്ക്  10 ഡോളറില്‍ താഴെ മാത്രമാണ് ചെലവ് വരുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് സ്‌റ്റോറുകളില്‍ നിന്നും മറ്റുമാണ് വസ്ത്രത്തിലെ അലങ്കാര സാധനങ്ങള്‍ മില കണ്ടെത്തുന്നത്. കൂടുതല്‍ പണം മുടക്കിയാല്‍ മാത്രമേ മനോഹരമായ വസ്ത്രങ്ങള്‍ ലഭിക്കൂ എന്ന കാഴ്ചപ്പാടിന് എതിരാണ് മില. 

women

ഇന്‍സ്റ്റഗ്രാമില്‍ മിലയുടെ അക്കൗണ്ടിന് 75,000 ത്തിലധികം ഫോളോവേഴ്‌സുണ്ട്. ടിക്ടോക്കില്‍ പത്ത് ലക്ഷമാണ് മിലയുടെ ആരാധകര്‍. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളുടെ തീമും പഴയകാലത്തേതുപോലെയാവാന്‍ മില ശ്രദ്ധിക്കാറുണ്ട്. 

Content Highlights: This Young Woman Dresses Like 19th Century