ലോകം മുഴുവന്‍ നിറഞ്ഞ ഒളിംപിക്‌സ് ആരവത്തിന് കൊടിയിറങ്ങിക്കഴിഞ്ഞു. ഇനി പാരീസില്‍ അടുത്ത കായിക മാമാങ്കത്തിനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഒളിംപിക്‌സ് കഴിഞ്ഞെങ്കിലും മെഡലുകളുടെ അഭിമാനത്തോടൊപ്പം മറ്റുചിലതുംകൂടി ആളുകള്‍ നെഞ്ചിലേറ്റുന്നുണ്ട്. സ്‌പോര്‍ട്‌സിനോട് അത്ര ഇഷ്ടമില്ലെങ്കിലും ഒളിംപിക്‌സില്‍ കണ്ണുനട്ടിരുന്ന ചിലര്‍. താരങ്ങളുടെ ഫാഷന്‍ സ്റ്റൈലുകളിലേക്കാണ് ആ ആരാധനയോടെയുള്ള നോട്ടം. ഇന്ത്യയ്ക്കുവേണ്ടി ആദ്യ മെഡല്‍ നേടിയ മീരാബായ് ചാനുവിന്റെ ഒളിംപിക് റിംഗ് കമ്മലുകള്‍, ബാഡ്മിന്റണ്‍ താരമായ പി.വി സിന്ധുവിന്റെ ഒളിംപിക് നെയില്‍ ആര്‍ട്ട്, ജപ്പാന്റെ പ്രിയതാരം നവോമി ഒസാകയുടെ ഹെയര്‍ ബ്രൈഡ്‌സ്.... ഇവയൊക്കെ ഫാഷന്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. 

മുടിയിലെ പരീക്ഷണങ്ങള്‍

ഇത്തവണ ഒളിംപിക്‌സില്‍ താരങ്ങളുടെ പലവര്‍ണങ്ങളിലെ തലമുടികളാണ് താരമായത്. ഏറെ ശ്രദ്ധിക്കപ്പെട്ടത് ജെമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറിന്റെ ഹെയര്‍ സ്റ്റൈല്‍ തന്നെ. മഞ്ഞയും ഓറഞ്ചും നിറം നല്‍കി തീയുടെ പ്രതീതിയാണ് താരം തന്റെ മുടിക്ക് നല്‍കിയത്. നൂറ് മീറ്റര്‍ ഫൈനലില്‍ മത്സരിക്കുമ്പോള്‍ താരം തീയിലൂടെ ഓടുന്ന പ്രതീതി തന്നെ നല്‍കി നീണ്ട കളര്‍ ചെയ്ത ആ മുടിയിഴകള്‍. 

fashion

ജാപ്പനീസ് ടെന്നിസ് പ്ലയറായ നവോമി ഒസാക്കയുടെ റെഡ് ആന്‍ഡ് ബ്ലാക്ക് ബോക്‌സ് ബ്രൈഡ്‌സ് ആയിരുന്നു മറ്റൊന്ന്. മുടിയെ സംരക്ഷിക്കുമെന്ന് മാത്രമല്ല ജപ്പാന്റെ പതാകയുമായി മാച്ച് ചെയ്യുന്ന വിധമായിരുന്നു താരത്തിന്റെ ഈ ഹെയര്‍സ്റ്റൈല്‍. 

എല്‍.ജി.ബി.ടി.ക്യൂ പതാകയെ പ്രതിനിധീകരിക്കുന്ന മവവില്‍ വര്‍ണങ്ങളായിരുന്നു കാനഡയുടെ ഗബ്രിയേല ഡിബസസ് സ്റ്റാഫോര്‍ഡിന്റെ തലമുടിയുടെ നിറം. ഷോര്‍ട്ട് ഹെയര്‍സ്‌റ്റൈലിലാണ് താരം പലനിറങ്ങള്‍ നല്‍കിയത്. 

fashion

ഒളിംപിക് റിംഗിലെ നിറങ്ങള്‍ നല്‍കി ബ്രൈഡെഡ് പോണിടെയ്‌ലുമായാണ് ജപ്പാന്റ ബാസ്‌കറ്റ്‌ബോള്‍ ടീമഗം സ്‌റ്റെഫാനി മാവൗലി എത്തിയത്. മുകള്‍ഭാഗം മെടഞ്ഞ് പോണിടെയിലിന്റെ താഴെവശം വിടര്‍ത്തിയിട്ട ഹെയര്‍സ്‌റ്റൈല്‍ ആരെയും ആകര്‍ഷിക്കുന്നതുതന്നെയായിരുന്നു. ഗബ്രിയേല തോമസ് എന്ന ജാബിതോമസ് ഒളിംപിക്‌സിലെ ഗ്ലാമര്‍താരമായിരുന്നു. അമേരിക്കന്‍ താരമായ ഗബ്രിയേലയുടെ XXL നീലമുള്ള ബ്രൗണിഷ് ഹെയറായിരുന്നു എറെ ആകര്‍ഷകം. 

ഒളിംപിക് നെയില്‍ ആര്‍ട്ട്

ഒളിംപിക് ടൗണില്‍ നെയില്‍ ആര്‍ട്ട് പാര്‍ലറുകള്‍ക്കായിരുന്നു ഡിമാന്‍ഡ് ഏറെ എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോക്യോയിലേക്ക് വിമാനം കയറും മുമ്പ് തന്നെ ഇന്ത്യന്‍ താരങ്ങള്‍ നെയില്‍ ആര്‍ട്ടിനെ കൂട്ടു പിടിച്ചിരുന്നു.

ബാഡ്മിന്റണ്‍ താരമായ പി.വി.സിന്ധു തന്റെ വൈറ്റ് നെയില്‍ പോളിഷില്‍ ഒളിംപിക് റിങുകള്‍ വരച്ചു ചേര്‍ത്തത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിന്ധുവിന്റെ ചുവടുപിടിച്ച് ടേബിള്‍ ടെന്നിസ് പ്ലയറായ മണിക ബത്രയും തന്റെ നഖങ്ങളില്‍ ഒളിംപിക് ആര്‍ട്ട് ചെയ്തിരുന്നു. പെരുവിരലില്‍ ഒളിംപിക് റിങ്ങുകളുടെ ചിത്രവും ചൂണ്ട് വിരലിലും ചെറുവിരലിലും ഇന്ത്യയുടെ പതാകയും പെയിന്റ് ചെയ്തു. നടുവിരലിലും മോതിരവിരലിലുമായി INDIA എന്ന് എഴുതിചേര്‍ക്കുകയും ചെയ്തു താരം. 

fashion

ഓരോ രാജ്യത്തെയും താരങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ പതാകയും ഒളിംപിക് റിങ്ങുകളും എല്ലാം നഖങ്ങളില്‍ വരച്ചു ചേര്‍ത്തിരുന്നു. അമേരിക്കയുടെ റായ്വ്യന്‍ റോജേഴസ് തന്റെ ഇരുകൈകളിലെയും നഖങ്ങളില്‍ നാലയും ചുവപ്പും നെയില്‍ പോളിഷുകളാണ് നല്‍കിയത്. അമേരിക്കയടെ താര ഡേവിസ് ചുവപ്പും നീലയും നെയില്‍ പോളിഷുകളില്‍ ഫ്‌ളാഗിന് പ്രതിനിധീകരിക്കുന്ന ചെറിയ നക്ഷത്രങ്ങളും നല്‍കിയിരുന്നു. അമേരിക്കയുടെ സ്പ്രിന്ററായ ജാവെന്ന ഒലിവര്‍ തന്റെ നഖങ്ങളില്‍ പല ഡിസൈനുകളാണ് നല്‍കിയത്. ക്രിസ്റ്റീന്‍ എംബോമ കേക്കിലെ ഐസിങിന്റെ ഡിസൈനിലാണ് ആരെയും ആകര്‍ഷിക്കുന്ന നഖങ്ങള്‍ മനമോഹരമാക്കിയത്.

ചാനുവിന്റെ കമ്മലുകള്‍

fashion

ഇന്ത്യയ്ക്ക് ആദ്യമെഡല്‍ നേടി തന്ന മീരാബായി ചാനുവിന്റെ ഒളിംപിക് റിങ് കമ്മലുകള്‍ വാര്‍ത്തകളില്‍ ഏറെ നിറഞ്ഞിരുന്നു.  ഒളിമ്പിക് വളയത്തിന്റെ ആകൃതിയിലുള്ള ഈ കമ്മലുകള്‍ മീരഭായ് ചാനുവിന് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സയ്കോം ഒങ്ബി ടോംബി ലെയ്മ സമ്മാനിച്ചതാണ്.  സ്വന്തം സ്വര്‍ണാഭരണം വിറ്റാണ് അമ്മ ചാനുവിന് കമ്മലുകള്‍ വാങ്ങിയത്. റിയോ ഒളിമ്പിക്സിനായി ബ്രസീലിലേക്ക് ചാനു വിമാനം കയറുന്നതിന് മുമ്പ് ആ കമ്മലുകള്‍ അമ്മ മകളുടെ കാതിലിട്ട് കൊടുത്തു. ആ ഒളിമ്പിക് വളയക്കമ്മല്‍ ഭാഗ്യം കൊണ്ടുവരും എന്നായിരുന്നു ചാനുവിന്റെ അമ്മയുടെ വിശ്വാസം. എന്നാല്‍ റിയോയില്‍ ചാനു കണ്ണീരുമായി മടങ്ങി. പക്ഷേ അമ്മയുടെ വിശ്വാസം തെറ്റിയില്ല. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ടോക്യോയില്‍ മകള്‍ വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞു. 

Content Highlights: The Tokyo Olympics inspiring including  beauty looks