വേനൽകാലത്ത് നാം വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ് വസ്ത്രധാരണം.ഡ്രസ്സിന്റെ നിറവും പ്രകൃതവും എല്ലാം കാലാവസ്ഥയുമായി യോജിച്ചതായിരിക്കണം. അസഹ്യമായ ചൂടും വിയർപ്പും എല്ലാം സൗന്ദര്യത്തെ കാര്യമായി ബാധിച്ചേക്കാം.

 കടും നിറമുള്ള വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കുകയാണ് ഈ കാലാവസ്ഥയിൽ ഉചിതം. ചൂടിനെ ആഗിരണം ചെയ്യാൻ ഈ നിറങ്ങൾക്കുള്ള കഴിവ് തന്നെയാണ് ഇതിന് കാരണവും.
വേനലിനെ തടുക്കാൻ കഴിവുള്ള ഫാബ്രിക്‌സ് ഉപയോഗിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഫാഷനിൽ കോംപ്രമൈസ് ചെയ്യാതെ ചൂടിനെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഇന്ന് ഫാഷൻ ലോകം ചിന്തിക്കുന്നത്.

വേനലിൽ താരം കോട്ടൺ തന്നെ. കടുത്ത ചൂടിലും കുളിർമ നൽകുന്നതോടൊപ്പം വളരെ സൗകര്യപ്രദമാകുന്ന ഒന്ന് എന്നതാണ് കോട്ടൺ വസ്ത്രങ്ങളെ ഏവരുടെയും പ്രിയപ്പെട്ടതാക്കുന്നത്.ശരീരത്തിലെ വിയർപ്പ് വലിച്ചെടുക്കുകയും ശരീരത്തിലെ വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. ഇളം നിറങ്ങളിലുള്ള കോട്ടൻ കുർത്തയും പാലെസോ പാന്റ്‌സുമാണ് ഇന്നത്തെ സുന്ദരികളുടെ ഇഷ്ട വേഷം. വളരെ ലളിതവും എന്നാൽ ഫാഷനബിളുമായ വേഷമാണിത്.

അസഹ്യമായ ചൂടിൽ നിന്ന് മുക്തി നേടുന്നതിന് ഖാദിയോളം സഹായി മറ്റാരുമില്ല. ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാതെ ഇന്റർനാഷണൽ ലെവലിൽ തിളങ്ങുകയാണ് ഖാദിയുടെ പേര്. ലാക്മി ഫാഷൻ വീക്കിലും ഇന്ത്യൻ ഫാഷൻ വീക്കിലും തിളങ്ങിയ ഖാദിയെ ഇന്ന് ഫാഷൻ ലോകം കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്. കടുത്ത ചൂടിലും ശരീരത്തെ കൂളായി നിലനിർത്താൻ ഖാദി വസ്ത്രങ്ങൾ സഹായിക്കുന്നു. കുർത്ത, സ്കർട്ട്‌സ്, ട്യൂണിക്ക്‌സ്, വിവിധ തരങ്ങളിലുള്ള സാരികൾ എന്നിവയും ഖാദി നൽകുന്നു.

ആർക്കും അത്ര പരിചിതമല്ലാത്ത എന്നാൽ വേനൽ കാലത്തും യോജിച്ചു പോകുന്ന ഒന്നാണ് സിൽക്ക് വസ്ത്രങ്ങൾ. സിൽക്കിന്റെ വളരെ നനുത്തതും മൃദുവുമായ വസ്ത്രങ്ങൾ ചൂടിന് ശമനം നൽകും. സാധാരണ പ്യുവർ സിൽക്ക് പോലെ ഇവ വിയർപ്പിനാൽ ദേഹത്തിൽ ഒട്ടിപിടിക്കുകയോ ചെയ്യില്ല എന്നതാണ് പ്രത്യേകത. വേനൽക്കാലത്തെ വൈകുന്നേരത്തെ പാർട്ടികളിലോ മറ്റ് പരിപാടികളിലോ വളരെ ചെറിയ, എന്നാൽ ആകർഷണം തോന്നുന്ന ആഭരണങ്ങളോടൊപ്പം ഇവ അണിയാം.