മാസ്‌ക് അണിയുന്നതിനനുസരിച്ച് മുടിക്കെട്ടിലും അല്പം മാറ്റങ്ങള്‍ വരുത്താം. മുടിയെ അലോസരപ്പെടുത്താതെ സ്‌റ്റൈലിങ് ചെയ്യാം.

മുടിയഴിച്ചിട്ട് ഹെല്‍മറ്റ് വെച്ച് മാസ്‌ക്കണിഞ്ഞ് പോകുന്നത് ചിലര്‍ക്ക് അസ്വസ്ഥത തോന്നിയേക്കാം. അങ്ങനെയുള്ളവര്‍ക്ക് ബനാന ക്ലിപ് ഉപയോഗിച്ച് മുടി ടോപ്പ് നോട്ട് കെട്ടിനോക്കാം. പോണി ടെയ്ലും ചേരും. പോണിടെയ്ലില്‍ ലോ പോണി, ഹൈ പോണി, മിഡില്‍ പോണി എന്നിവയൊക്കെ പരീക്ഷിക്കാം. മാസ്‌ക്കിടുമ്പോള്‍ ഹൈ പൊണിടെയ്ല്‍ ചേരണമെന്നില്ല. മുടി മുഴുവനായും ക്ലിപ്പിട്ട് ലോ പോണിടെയ്ല്‍ കെട്ടുന്നത് ഭംഗിയാണ്.

മാസ്‌ക് ധരിക്കുമ്പോള്‍ കഴിവതും മുടി അഴിച്ചിടാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ കെമിക്കല്‍ ട്രീറ്റ്മെന്റ് ചെയ്തതും സ്ട്രെയിറ്റന്‍ ചെയ്ത മുടിയുമാണെങ്കില്‍ അഴിച്ചിടുന്നതാവും അവരുടെ മുടിക്ക് യോജിക്കുന്നത്. ലൂസ് ഹെയര്‍ സ്റ്റൈലാണ് അത്തരം മുടിക്ക് ചേരുന്നതും. കെമിക്കല്‍ ട്രീറ്റ്മെന്റ് ചെയ്ത മുടി നനഞ്ഞപാടെ കെട്ടിവെക്കരുത്. മുടി അഴിച്ചിടുന്നത് അസ്വസ്ഥതയാണെങ്കില്‍ വെറുതെ ബനാന ക്ലിപ്പിട്ടാലും മതി. അല്ലെങ്കില്‍ ഹെയര്‍ ബാന്‍ഡ് ഉപയോഗിക്കാം. മുടി പാര്‍ട്ടീഷന്‍ ചെയ്ത് രണ്ട് ഭാഗത്തും ലൂസായി മുടി പിന്നിയിടുന്നതും നല്ലതാണ്. അല്ലെങ്കില്‍ രണ്ടുഭാഗത്തായി ഡബിള്‍ ബണ്‍ സ്‌റ്റൈലും ചെയ്യാം.

ചിലര്‍ക്ക് വലിയ നെറ്റിയായിരിക്കും. നെറ്റി ചെറുതായി തോന്നാന്‍ ഇവര്‍ മുന്‍വശത്ത് അല്പം മുടി കട്ട് ചെയ്തിടും. ഫ്രിഞ്ചസ് സ്‌റ്റൈലില്‍. ടൂവീലറില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ മുന്നിലെ മുടി ടിക് ടാക് ക്ലിപ്പിട്ടശേഷം മാസ്‌ക് വെച്ച് ഹെല്‍മെറ്റ് ധരിക്കാം. ഫ്രിഞ്ചസ് പുരികംവരെ നീട്ടാതിരിക്കുന്നതാണ് നല്ലത്. ചെറിയ ഫ്രിഞ്ചസ് ആണെങ്കില്‍ ക്ലിപ്പിടണമെന്നില്ല.

കെട്ടുന്ന മാസ്‌ക്കിനു പകരം ഇലാസ്റ്റിക് ഉള്ളവ ഉപയോഗിക്കാം. ഇതാവുമ്പോള്‍ ഹെയര്‍സ്റ്റൈലിനെ ബാധിക്കില്ല. എങ്ങനെ വേണമെങ്കിലും കെട്ടാം. കെട്ടുന്ന മാസ്‌ക്കിലും ഒരു ടൈ മാത്രമുള്ളവ നോക്കിയും വാങ്ങാം. മഴകൂടി ആയതിനാല്‍ കഴിവതും മുടി ഒതുക്കി വെക്കുന്നതാണ് നല്ലത്.

തയ്യാറാക്കിയത്: ഡോ. റീമ പത്മകുമാര്‍
ബ്രൈഡല്‍ കണ്‍സള്‍ട്ടന്റ്
റീംസ് ഹെര്‍ബല്‍ ബ്യൂട്ടി സൊല്യൂഷന്‍സ്
പേട്ട, തിരുവനന്തപുരം

Content highlights: style your hair wear the mask