ഹൈ ഹീൽസ് ഇട്ടു മടുത്തവർക്കായി ഇതാ നല്ല വാർത്ത. സ്കൂളിൽ പഠിക്കുമ്പോൾ പി.ടി. ക്ലാസ്സിനായി വെള്ള നിറത്തിലെ കാൻവാസ് ഷൂസ് ധരിച്ചിരുന്നത് ഓർമയുണ്ടോ? അന്ന് അതിനോട് വലിയ താത്‌പര്യം തോന്നിയിട്ടുണ്ടാകാൻ സാധ്യതയില്ല. എന്നാൽ ഈ തരത്തിലുള്ള ഷൂസുകൾ ഇന്ന് എല്ലാവർക്കും വളരെ ഹരമായിരിക്കുകയാണ്. 

ബോളിവുഡിനെയും ഹോളിവുഡിനെയും ഒരു പോലെ ബാധിച്ചിരിക്കുകയാണ് ‘സ്നീക്കെർ ട്രെൻഡ്’(sneaker trend). വെള്ള നിറത്തിലുള്ള സ്നീക്കേഴ്സ്  ആണ് എല്ലാവർക്കും പ്രിയപ്പെട്ടത്. ഏതു നിറമുള്ള വസ്ത്രങ്ങളുടെയും കൂടെ ഇത് ഇണങ്ങും എന്നുള്ളത് ഇവയെ സ്നേഹിക്കാനും സ്വീകരിക്കാനുമുള്ള പല കാര്യങ്ങളിൽ ഒരെണ്ണം മാത്രമാണ്. 

രണ്ടായിരത്തി പതിനഞ്ചോട് കൂടി പ്രസിദ്ധിയാർജിച്ച അത്‌ലെഷർ  (athleisure) ട്രെൻഡ് ഫാഷൻ പ്രേമികൾക്ക് വലിയൊരു ആശ്വാസമേകി. സാധാരണ ജിമ്മിലേക്ക്‌ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കാഷ്വൽ വെയറുകളായി ഉപയോഗിക്കാൻ തുടങ്ങി. അതിനു കൊടുത്തിരിക്കുന്ന ഓമനപ്പേരാണ് അത്‌ലെഷർ. ഹൈ ഹീൽസ് ഉപയോഗിച്ചിരുന്നവരുടെ വാർഡ്രോബിൽ സ്നീക്കേഴ്സ് അങ്ങനെ പ്രമുഖ സ്ഥാനം ഏറ്റെടുത്തു. 

പ്രസിദ്ധമായ പല ബ്രാൻഡുകളും വ്യത്യസ്ത സീസണുകളിലേക്കു വേണ്ടി വിവിധ തരത്തിലുള്ള സ്നീക്കേഴ്സ് തുടർച്ചയായി വിപണിയിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. യാത്രകൾക്ക് (ബസ്, മെട്രോ, എയർപോർട്ട് ട്രാവൽ), യോഗ ക്ലാസിന്, ഷോപ്പിങ്ങിന് എന്നുവേണ്ട കല്യാണങ്ങൾക്കു വരെ ഉപയോഗിക്കാവുന്ന തരത്തിലുള്ള സ്നീക്കേഴ്സ്  ഇന്ന് ലഭ്യമാണ്. ബോളിവുഡ് താരങ്ങൾ ഇവ ധരിച്ച്‌ ചടങ്ങുകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ സ്നീക്കേഴ്‌സിന്റെ ആവശ്യകത പതിന്മടങ്ങു കൂടി. ഐശ്വര്യ റായിയും മകൾ ആരാധ്യയും ഒരേ പോലുള്ള കിക്‌സ് (സ്നീക്കറിന്റെ മറ്റൊരു നാമം) ധരിച്ച്‌ ‘മമ്മി ആൻഡ് മി’ സ്റ്റൈലിന് മറ്റൊരു പരിവേഷം നൽകി. 

ഈ അടുത്ത് ആലിയ ഭട്ടും സോനാക്ഷി സിൻഹയും  ഇവ ഡിസ്ട്രെസ്സ്ഡ് ജീൻസിന്റെയും സ്വെറ്റ്‌ ഷർട്ടിന്റെയും കൂടെ ധരിച്ചു കണ്ടിരുന്നു. സുന്ദരിയായ കത്രീന കൈഫ് കുലോട്സിന്റെ കൂടെയാണ് സ്നീക്കേഴ്സ് ധരിക്കുവാൻ താത്‌പര്യപ്പെട്ടത്. (മുട്ടിനു താഴെ വരെ ഇറക്കമുള്ള സ്കേർട്ട്  പോലെ തോന്നിപ്പിക്കുന്ന ട്രൗസർ അല്ലെങ്കിൽ പാന്റ്സ് ആണ് കുലോട്ട്സ്.) ശ്രദ്ധ കപൂർ ആകട്ടെ നല്ലൊരു ഫ്രില്ലി ഡ്രെസ്സിന്റെ കൂടെയാണ് സ്നീക്കർ ധരിച്ചത്. മലൈക അറോറയും കങ്കണ റണൗട്ടും വർക്ക് ഔട്ട് ചെയ്യാൻ പോകുമ്പോൾ ധരിക്കാൻ പറ്റിയ പാദരക്ഷകളായി ഇവയെ തിരഞ്ഞെടുത്തിരിക്കുന്നു. 

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെ ഇണങ്ങുന്നവയാണ് ഈ ട്രെൻഡി ഷൂസ്. സ്നീക്കേഴ്സ് ചെറുപ്പക്കാർക്കുള്ളതല്ലേ എന്ന് കരുതിയെങ്കിൽ തെറ്റി. അക്ഷയ് കുമാറും മകൻ ആരവും ഒരേപോലെ ധരിച്ച്‌ പ്രായഭേദമെന്യേ ഏവർക്കും ചേരുന്ന ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു. ഈ ട്രെൻഡ് മലയാളികളും സ്വീകരിച്ചിരിക്കുന്നു എന്നുള്ളതിനുള്ള ഉദാഹരണങ്ങളാണ് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും കാണുന്ന ഫോട്ടോകൾ. ഇത് പോലെയുള്ള  ഷൂസുകൾ ശേഖരിക്കുന്നത് ഒരു ഹരമായി മാറിയിട്ടുള്ള ആളുകൾ ‘സ്നീക്കെർഹെഡ്’ എന്ന പേരിലാണ് ഈ ഇന്റർനെറ്റ് യുഗത്തിൽ അറിയപ്പെടുന്നത്. ഏവർക്കും പരീക്ഷിക്കാവുന്ന എട്ടു തരത്തിലുള്ള കിക്‌സ് ആണ് പ്രധാനമായി നിലവിലുള്ളത്. 

ഹൈ ടോപ് സ്നീക്കേഴ്സ് 
കണങ്കാലുകളുടെ മുകളിലായി വരുന്നതാണ് ഹൈ ടോപ് സ്നീക്കേഴ്സ്. സ്കിന്നി ജീൻസിന്റെ കൂടെയോ, പാന്റ്സിന്റെ കൂടെയോ ഷോർട്ട്സിന്റെ കൂടെയോ ഇവ ധരിക്കാവുന്നതാണ്. 

വൈറ്റ് ലോ ടോപ് സ്നീക്കേഴ്സ് 
കണങ്കാലിന് താഴെ നിൽക്കുന്ന സ്റ്റൈൽ ആണ് ഇവ. വളരെ വൈവിധ്യമുള്ള സ്നീക്കേഴ്സ് ആണിവ. പെൺകുട്ടികൾക്ക്‌ ജീൻസിന്റെയും, സ്കേറ്റ്സിന്റെയും, ഡ്രെസ്സിന്റെയും കൂടെ ഇവ ധരിക്കാം. ഭാരം വളരെ കുറഞ്ഞവയായതുകൊണ്ട്‌ സ്പോർട്സിന്‌ ഉപയോഗിക്കാൻ പറ്റിയതാണ് ലോ ടോപ് സ്നീക്കേഴ്സ്. എംബ്രോയ്‌ഡറി ഉള്ള സ്നീക്കേഴ്‌സും പ്ലാറ്റ്‌ഫോം ഹീൽസ് ഉള്ളവയ്ക്കും നല്ല ഡിമാൻഡ് ആണ്. ആൾക്കൂട്ടത്തിൽ വേറിട്ട് നിൽക്കണം എന്നുള്ളവർക്കു ധരിക്കാൻ പറ്റിയവയാണിത്.സ്നീക്കേഴ്‌സിനുള്ള മറ്റൊരു പേരാണ് ട്രെയ്‌നേഴ്‌സ്. കൂടുതലായും സ്പോർട്സിനും മറ്റ്‌ എക്സർസൈസുകൾക്കും വേണ്ടി ഉപയോഗിക്കുന്നവയാണിത്. ഇവയും കാഷ്വൽ  ആയി ധരിക്കാവുന്നവയാണ് . 

സ്ലിപ് ഓൺ സ്നീക്കേഴ്സ് 
കണ്ടുപിടിച്ച ആളെ നമിച്ചു പോകുന്ന അത്രയും സൗകര്യപ്രദമായ ഒരു ഇനം ആണിത്. ലേസ് കെട്ടേണ്ട, ബട്ടൺ ഇല്ല വെറുതെ കാൽ കടത്തിയാൽ മതി. ലെതറിലോ സിന്തറ്റിക് ഫാബ്രിക്കിലോ ഇവ ലഭ്യമാണ്. തിരക്കുള്ള ദിവസങ്ങളിൽ ധരിക്കുവാൻ ഏറെ എളുപ്പമാണിവ. പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി വ്യത്യസ്ത ഡിസൈനുകളിൽ ഇവ ലഭ്യമാണ്. പെൺകുട്ടികൾക്ക് വെസ്റ്റേൺ വസ്ത്രം വേണ്ട എന്നുണ്ടെങ്കിൽ കുർത്തികളുടെയോ ചുരിദാറുകളുടെയോ നീണ്ട പാവാടകളുടെയോ കൂടെ ധരിക്കുവാൻ ഉത്തമമാണിത്.

വെൽക്രോ സ്നീക്കേഴ്സ് 
തീരെ കൊച്ചു കുട്ടികൾക്കോ അല്ലെങ്കിൽ ഷൂ ലേസ് തന്നെത്താൻ കെട്ടുവാൻ പ്രാപ്തിയില്ലാത്ത പ്രായമായവർക്കോ വേണ്ടിയുള്ളതാണ് വെൽക്രോ എന്നായിരുന്നു പണ്ട് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ പ്രമുഖ ഷൂ ബ്രാൻഡുകൾ ഇപ്പോൾ വിപണിയിൽ ഇറക്കുന്ന വെൽക്രോ സ്നീക്കേഴ്സ് കണ്ടാൽ ആരും വാങ്ങിച്ചുപോകും. ലേസ് അഴിയുമെന്ന പേടിവേണ്ട. നമ്മുടെ ആവശ്യാനുസരണം മുറുക്കം കൂട്ടുകയോ കുറയ്ക്കുകയോ ആകാം.

ഗ്ലിറ്റർ സ്നീക്കേഴ്സ് 
കുറച്ചു തിളക്കവും മനോഹാരിതയും വേണമെന്നുള്ളവർക്കാണ് ഗ്ലിറ്റർ സ്നീക്കേഴ്സ്. ചെറിയ നക്ഷത്രങ്ങളും പൂക്കളും എന്നുവേണ്ട ഇഷ്ടമുള്ള ഡിസൈനുകൾ വരച്ച്‌ ഗ്ലിറ്റർ പിടിപ്പിച്ചാൽ പഴയ വെള്ള സ്നീക്കറിന് ഒരു പുതിയ പരിവേഷം നൽകാം. വളരെ ലളിതവും സാധാരണവുമായ വസ്ത്രങ്ങൾക്ക് ഒരു ഉണർവ് നൽകുവാൻ ഇവയ്ക്ക്‌ സാധിക്കും.

വെളുത്ത സ്നീക്കേഴ്‌സിനെ പോലെ തന്നെ എല്ലാ വസ്ത്രങ്ങളുടേയും കൂടെ ധരിക്കാൻ പറ്റിയതാണ് മെറ്റാലിക്‌സ്. അതാകട്ടെ ഗോൾഡ്, സിൽവർ അല്ലെങ്കിൽ ഇപ്പോഴത്തെ ക്രേസ് ആയ റോസ്‌ ഗോൾഡ് ആവാം. എന്തൊക്കെയായാലും സ്നീക്കർ ട്രെൻഡ് കുറേക്കാലം കൂടി ഇവിടൊക്കെത്തന്നെ കാണും. പെൺകുട്ടികൾ ഹൈ ഹീൽസ് ഉപേക്ഷിച്ച്‌ സ്നീക്കേഴ്സ് സ്വീകരിക്കുന്നത് കാലുകളോട് ചെയ്യുന്ന വലിയൊരു ഉപകാരമായിരിക്കും. 


writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി