ബുധനാഴ്ച അമേരിക്കന്‍ വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന കമല ഹാരിസ് ധരിക്കാന്‍ പോകുന്ന വേഷത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സമൂഹ മാധ്യമങ്ങള്‍. ഇന്ത്യന്‍ വംശജയായ കമല ചരിത്ര മുഹൂര്‍ത്തത്തില്‍  ഇന്ത്യയുടെ പാരമ്പര്യവേഷമായ സാരി ധരിക്കുമോ എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കമല നല്‍കിയ ഒരു ഉത്തരത്തിന്റെ ചുവടുപിടിച്ചാണ് ഈ ഊഹാപോഹങ്ങള്‍. 

2019 ല്‍ ഏഷ്യന്‍-അമേരിക്കന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ കമലാ ഹാരിസിനോട് ഒരു ചോദ്യമുയര്‍ന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ വേഷമായ സാരി ധരിക്കുമോ എന്നായിരുന്നു ചോദ്യം. വിജയിക്കട്ടെ എന്നിട്ടു നോക്കാമെന്നായിരുന്നു അന്ന് കമല നല്‍കിയ മറുപടി.  ''ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഞങ്ങള്‍ അറിഞ്ഞ് വളരണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സംസ്‌കാരത്തിന്റെ ഭംഗി അതാത് രാജ്യത്തിന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തന്നെയാണ്.' കമല കൂട്ടിച്ചേര്‍ത്തു. 

കമലാ ഹാരിസിന്റെ അമ്മ ശ്യാമള തമിഴ്‌നാട്ടിലാണ് ജനിച്ചതും വളര്‍ന്നതും. പിന്നീടാണ് യുഎസിലെ കലിഫോര്‍ണിയയിലേക്കു കുടിയേറുന്നത്. പിതാവ് ജമൈക്കന്‍ വംശജനാണ്.

 കമല സാരി ധരിക്കുകയാണെങ്കില്‍ അതു ബൈഡന്‍- ഹാരിസ് ഭരണം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തെ കൂടി പ്രതിനിധീകരിക്കുമെന്നാണ് ഈ ചര്‍ച്ചയില്‍ ചിലരുടെ അഭിപ്രായം. ബനാറസി സാരിയായിരിക്കും കമലയ്ക്ക് നന്നായി ചേരുന്നതെന്നാണ് ഫാഷന്‍ ഡിസൈനറായ ബിഭു മഹാപത്ര സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കമലാ ഹാരിസ് ബന്ധുക്കള്‍ക്കൊപ്പം ഇരിക്കുന്ന ഒരു ചിത്രവും ട്വിറ്ററില്‍ വൈറലാകുന്നുണ്ട്. ചുവന്ന സാരിയാണ് ഇതില്‍ കമലയുടെ വേഷം. 

കമല സാരി ധരിച്ചാല്‍ നന്നായിരിക്കുമെങ്കിലും അവര്‍ സ്യൂട്ട് ധരിക്കാനാണ് എല്ലാ സാധ്യതയുമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയുണ്ട്.

Content Highlights: Sari Or Suit What Kamala Harris Will Wear On Inauguration