പാരമ്പര്യത്തനിമയും സംസ്‌കാരവൈവിധ്യവും കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. ഭാഷയിലും ജീവിതശൈലിയിലും തുടങ്ങി ധരിക്കുന്ന വസ്ത്രങ്ങളില്‍ വരെ പ്രകടമാണ് ഈ വൈവിധ്യം. ഇന്ത്യന്‍ സ്ത്രീയുടെ പരമ്പരാഗത വസ്ത്രം സാരിയാണെന്ന്  പറയുമ്പോഴും ഏത് സാരി എന്ന് ഉറപ്പിച്ച് പറയാന്‍ നമുക്കാവാത്തതിന് കാരണവും മറ്റൊന്നല്ല. ഇന്ത്യയിലെമ്പാടും നിന്ന് നിരവധി തരത്തിലുള്ള സാരികളാണ് സ്ത്രീകളെ സുന്ദരികളാക്കാന്‍ വിപണിയിലെത്തുന്നത്. 

സാരിയോടുള്ള പെണ്ണിന്റെ പ്രേമം പറഞ്ഞാലും പറഞ്ഞാലും തീരാത്തതുമാണ്. വിവാഹം മുതല്‍ മരണം വരെയുള്ള പെണ്ണിന്റെ ജീവിതത്തോട് വൈകാരികമായി ഏറ്റവുമടുത്ത് നില്‍ക്കുന്ന വേഷവും സാരി തന്നെ. സാരിയോട് ഇഷ്ടം കൂടാന്‍ കടകളില്‍ കയറിയിറങ്ങുമ്പോള്‍ കണ്ണിലുടക്കുന്ന സാരികള്‍ ഏതൊക്കെയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. 

ടാന്റ് സാരി

tant saree
courtesy:pinterest

പശ്ചിമബംഗാളില്‍ നിന്നാണ് ടാന്റ്  സാരികളുടെ വരവ്. കോട്ടണ്‍ സാരിയാണിത്. കാഷ്വല്‍ വെയറുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ സാരി ഭാരക്കുറവ് കൊണ്ട് ശ്രദ്ധേയമാകുന്നതാണ്. അണിയാനും എളുപ്പമാണ്. കട്ടിയുള്ള ബോര്‍ഡറും സാരിയിലെ മനോഹരമായ പ്രിന്റുകളുമാണ് മറ്റൊരു പ്രത്യേകത.

കസവ് സാരി

kasav saree
courtesy:pinterest

കേരളത്തിന്റെ കസവ് സാരിയില്ലാതെ ഇന്ത്യയുടെ സാരി പുരാണം പൂര്‍ണമാകുന്നതെങ്ങനെ. സ്വര്‍ണനിറത്തിലുള്ള കസവോട് കൂടിയ സാരി ഫാഷനിലും ട്രെന്‍ഡിലും കലംകാരിക്കും എംബ്രോയിഡറിക്കുമൊക്കെ ഒപ്പം ചേരുമെങ്കിലും കസവ് സാരിയുടെ പ്രൗഢി എക്കാലത്തും നിലനിര്‍ത്തുന്നതാണ്. ഓണം,വിഷു പോലെയുള്ള ഉത്സവാവസരങ്ങളിലാണ് കസവ് സാരിക്ക് ഡിമാന്‍ഡ് കൂടുക.

കാഞ്ചീപുരം പട്ട്

kanjivaram
courtesy:historyofkanjivaram

സാരികളില്‍ രാജ്ഞി കാഞ്ചീവരം തന്നെ. തമിഴ്‌നാട്ടിലെ കാഞ്ചീവരത്ത് നിന്നുള്ള പരമ്പരാഗത സില്‍ക് സാരിയോട് കിട പിടിക്കാന്‍ മറ്റൊന്നില്ല എന്ന് തന്നെ പറയാം. നിറത്തിലും ഇഴയടുപ്പത്തിലുമുള്ള സമ്പന്നതയാണ് കാഞ്ചീവരത്തിന്റെ മുഖമുദ്ര. 

ബോംകായി സാരി

bomkai saree
courtesy:peacockclours

സോനാപൂരി സില്‍ക് എന്നും അറിയപ്പെടുന്ന ബോംകായി സാരികളുടെ ജന്മദേശം ഒഡീഷയാണ്. ഇക്കട്ട്, എംബ്രോയിഡറി ഡിസൈനുകളാണ് ഇവയുടെ പ്രത്യേകത. സില്‍ക് കോട്ടണ്‍ തുണിത്തരങ്ങളില്‍ ബോംകായി സാരി നിര്‍മ്മിക്കുന്നു. ഉത്സവാഘോങ്ങള്‍ക്കായാണ് ഇവ കൂടുതലായും അണിയുക.

സമ്പല്‍പുരി സാരി

sambalpuri saree
courtesy:pinterest

ഒഡീഷയുടെ പാരമ്പര്യത്തനിമയില്‍ പിറവിയെടുത്തതാണ് പരമ്പരാഗത കൈത്തറി സാരിയായ സമ്പല്‍പുരി. തറികളില്‍ നെയ്യുന്നതിനു മുമ്പേ നൂലുകള്‍ നിറത്തില്‍ മുക്കിയെടുക്കുന്നതിനാല്‍ ഒരിക്കലും മങ്ങാത്ത നിറമാണ് ഇതിന്റെ പ്രത്യേകത.

പൈത്താനി സാരി

paithani
courtesy:101fashion

മഹാരാഷ്ട്രയുടെ അഭിമാനമായ പൈത്താനിയുടെ വരവ് ഔറംഗബാദില്‍ നിന്നാണ്. കൈ കൊണ്ട് തുന്നിയെടുക്കുന്ന ഈ സില്‍ക് സാരി രാജകീയ പ്രൗഢിയുള്ളതാണ്. മയില്‍ രൂപങ്ങളോട് കൂടിയ സാരി ബോര്‍ഡറാണ് പ്രധാന പ്രത്യേകത.

ബന്ധാനി സാരി

bandani saree
courtesy:gravityfashion

ഗുജറാത്താണ് ബന്ധാനിയുടെ സ്വദേശം. ബന്ധന്‍ എന്ന വാക്കില്‍ നിന്നാണ് ബന്ധാനിയുടെ ഉദ്ഭവം. നൂലിഴകളുടെ അടുപ്പവും നിറവും തമ്മിലുളള ബന്ധമാണ് ബന്ധാനിയുടെ ശക്തി. രാജസ്ഥാനില്‍ നിന്നും ബന്ധാനി സാരികള്‍ വിപണിയിലെത്താറുണ്ടെങ്കിലും ഗുജറാത്തിലെ ഖാത്രി വിഭാഗമാണ് ബന്ധാനി സാരി നിര്‍മ്മാണത്തില്‍ പേരു കേട്ടവര്‍.

മുഗാ പട്ട്

 

mugasilk
cortesy:silkmark


അസ്സമില്‍ നിന്നുള്ളവയാണ് മുഗാ സില്‍ക് സാരികള്‍. പ്രത്യേക തരം പട്ട്‌നൂല്‍ പുഴുവില്‍ നിന്നുള്ള നൂലുകളുപയോഗിച്ചാണ് സാരി നിര്‍മ്മാണം. തിളക്കവും കാലങ്ങളോളം തിളക്കം നഷ്ടപ്പെടില്ല എന്നതുമാണ് മുഗാ സില്‍ക് സാരികളുടെ പ്രത്യേകത. സ്വര്‍ണനിറത്തിലുള്ള മുഗാ പട്ട് നൂലുകള്‍ അസ്സമില്‍ മാത്രമേ കാണാന്‍ പറ്റൂ.

ബനാറസി പട്ട്

banarasi
cortesy:pinterest

സ്വര്‍ണ്ണവും വെള്ളിയും നിറങ്ങളിലുള്ള അലങ്കാരപ്പണികളാണ് ബനാറസി പട്ടിനെ ശ്രേഷ്ഠമാക്കുന്നത്. യഥാര്‍ത്ഥ സ്വര്‍ണം വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ് സാരി നിര്‍മ്മാണം. ഒരുവര്‍ഷത്തിലധികം സമയമെടുത്താണ് പണ്ട്കാലത്തൊക്കെ ബനാറസി സാരികള്‍ നിര്‍മ്മിച്ചിരുന്നത്. രാജകീയപ്രൗഢി എന്നതാണ് ബനാറസി സാരിക്ക് ഏറ്റവുമധികം ചേരുന്ന വിശേഷണം.

പോച്ചംപള്ളി സാരി

pochampalli
courtesy:pinterest

തെലങ്കാനയുടെ സ്വന്തം സാരിയാണിത്. ജ്യാമിതീയ ഇക്കട്ട് രൂപങ്ങളും നിരവധി അലങ്കാരപ്പണികളുമാണ് സാരിയുടെ പ്രത്യേകത. കോട്ടണിലും സില്‍കിലും ഇവ നിര്‍മ്മിക്കുന്നു.

ഛന്ദേരി സാരി

chanderi
courtesy:pinterest

ഛന്ദേരി സാരിയില്ലാതെ എന്ത് ഇന്ത്യന്‍ സാരി. തൂവലിനേക്കാള്‍ മാര്‍ദ്ദവമുള്ളത് എന്നാണ് ഛന്ദേരി സാരിയുടെ വിശേഷണം. സാരിപ്രേമികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ഛന്ദേരി സാരി. കോട്ടണിലും പട്ടിലും ഇവ നിര്‍മ്മിക്കപ്പെടുന്നു.

ഫൂല്‍കാരി സാരി

phoolkari
courtesy:pinterest

പഞ്ചാബിന്റെ സ്വന്തമാണ് ഫൂല്‍കാരി. പേരില്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ പൂക്കളുടെ മനോഹാരിത നിറഞ്ഞ ഡിസൈനാണ് സാരിയുടെ പ്രത്യേകത. കോട്ടണ്‍ ഖാദി തുണികളിലാണ് സാരി ഉണ്ടാക്കുന്നത്.

ഇവിടെ തീരുന്നതല്ല ഇന്ത്യയുടെ സാരിക്കഥകള്‍. ലക്‌നൗവിന്റെ ചിക്കന്‍കാരി, രാജസ്ഥാന്റെ ലെഹരിയ തുടങ്ങി സാരിയിലെ ഇന്ത്യന്‍ പെരുമ ഇനിയും നിരവധിയുണ്ട്.