യാന രാജകുമാരിയുടെ വസ്ത്രങ്ങള്‍ കാലമിത്രയും കഴിഞ്ഞിട്ടും ഫാഷന്‍ ആരാധകരുടെ ഇഷ്ടവിഷയമാണ്. ഇപ്പോഴിതാ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം പൊതുജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുകയാണ് കിങ്‌സ്ടണ്‍ പാലസ്. വെസ്റ്റ് ലണ്ടനില്‍ ഡയാന അവസാനമായി ജീവിച്ചിരുന്ന വസതിയിലാണ് വസ്ത്രം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ഹിസ്റ്റോറിക്ക് റോയല്‍ പാലസ് വെബ്‌സൈറ്റിലാണ് പ്രദര്‍ശന വിവരം പുറത്തുവിട്ടിരിക്കുന്നത്. 

ഇതിനൊപ്പം എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണസമയത്തെ ഗൗണും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹാരി രാജകുമാരന്റെയും വില്യം രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് ഗൗണുകള്‍ പ്രദര്‍ശനത്തിനായി വിട്ടുകൊടുത്തിരിക്കുന്നതെന്നും വെബ്‌സൈറ്റ് പറയുന്നു. 

വസ്ത്രത്തെ പറ്റിയുള്ള വിവരണവും വെബ്‌സൈറ്റ് നല്‍കുന്നുണ്ട്. ഗൗണിന്റെ മധ്യഭാഗത്തായി ഫിറ്റഡ് ബോഡീസ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വിലയേറിയ കാരിക്ക്മാക്രോസ് (നെറ്റില്‍ പ്രത്യേക രീതിയില്‍ എംബ്രോയിഡറി ചെയ്‌തെടുക്കുന്ന ലേസുകള്‍) ആന്റിക്ക് പാനലുകളാണ് ഗൗണിന്റെ മുന്‍വശത്തെയും പിന്‍ഭാഗത്തെയും അലങ്കരിക്കുന്നത്. വരന്റെ മുതുമുത്തശ്ശിയായ ക്വീന്‍ മേരിയുടേതാണ് ഈ ഗൗണ്‍. വിവാഹ ദിനത്തില്‍ ഡയാന ഈ ഗൗണ്‍ അണിഞ്ഞ് നടക്കുമ്പോള്‍ സെന്റ്.പോള്‍സ് കത്തീഡ്രലില്‍ നടവഴിയില്‍ 25 അടി ദൂരത്തോളം ഗൗണിന്റെ പിന്‍ഭാഗം നീണ്ട് കിടന്നതായാണ് വെബ്‌സൈറ്റ് പറയുന്നത്. കൊട്ടാരത്തിന്റെ ചരിത്രത്തില്‍ ഇത്ര മനോഹരമായ വിവാഹവസ്ത്രം ആദ്യത്തേതായിരുന്നു എന്നും സൈറ്റില്‍ വിവരിക്കുന്നുണ്ട്.

Content Highlights: Princess Diana's wedding gown will be on display for the first time in 25 years