നാല് പതിറ്റാണ്ടിന് ശേഷം ഡയാന രാജകുമാരി അണിഞ്ഞ ബ്ലാക്ക ഷീപ്പ് സ്വെറ്റർ ഡിസൈനുകള്‍ വീണ്ടും വിപണിയിലെത്തുന്നു. ചുവന്ന നൂലില്‍ നെയ്ത ഈ സ്വെറ്ററില്‍ വെള്ള ആടുകളുടെ ചിത്രമാണ് നിറയെ, മുന്‍ഭാഗത്ത് ഒരു കറുത്ത ആടിന്റെ ചിത്രവും. 

വൂളില്‍ നെയ്‌തെടുത്ത ഈ സ്വെറ്ററിന് ക്രൂ നെക്കാണ് നല്‍കിയിരിക്കുന്നത്. 1979 ല്‍ ബ്രിട്ടീഷ് ഡിസൈനേഴ്‌സായ വാം ആന്‍ഡ് വണ്ടര്‍ഫുള്‍ ആയിരുന്നു ഈ സ്വെറ്റര്‍ ഡയാനയ്ക്കു വേണ്ടി ഒരുക്കിയത്. ഡയാനയുടെ ഈ സ്വെറ്റര്‍ ധരിച്ച ചിത്രം പുറത്തിറങ്ങിയതോടെ ബ്ലാക്ക് ഷീപ്പ് സ്വെറ്ററിന് ആവശ്യക്കാര്‍ ഏറെ എത്തി. വെള്ള ആടുകളില്‍ നിന്ന് ഒറ്റതിരിഞ്ഞു നില്‍ക്കുന്ന കറുത്ത ആട് ഡയാന രാജകുമാരിയാണെന്ന് വരെയായിരുന്നു പലരുടെയും കണ്ടെത്തല്‍. 

ഡയാനയുടെ ഒറിജിനല്‍ സ്വെറ്റര്‍ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ദി ക്രൗണ്‍ പുറത്തിറങ്ങിയതോടെയാണ് വീണ്ടും ആളുകള്‍ ഈ സ്വെറ്റര്‍ അന്വേഷിച്ചു തുടങ്ങിയതെന്നാണ് ഡിസൈനേഴ്‌സ് പറയുന്നത്. 1977 മുതല്‍ 1990 വരെയുള്ള ഡയാന രാജകുമാരിയുടെ ജീവിതകഥയാണ് സീരീസിന്റെ വിഷയവും. 

ആവശ്യക്കാര്‍ ഏറെ എത്തിയതോടെ 22,000 രൂപ($ 295) യ്ക്ക് സ്വെറ്റര്‍ മുന്‍കൂറായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഡിസൈനേഴ്‌സ് ഒരുക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ മാത്രമല്ല ലോകം മുഴുവന്‍ തങ്ങളുടെ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ എത്തിക്കാനാണ് ഇവരുടെ പ്ലാന്‍.

Content Highlights: Princess Diana's 'black sheep' sweater is back on sale