പ്ലസ് സൈസ് ശരീരപ്രകൃതിയുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയ സ്റ്റോക്കിങ്‌സിന്റെ പരസ്യത്തിന് മെലിഞ്ഞ മോഡലുകളെ ഉപയോഗിച്ചെടുത്ത ചിത്രങ്ങള്‍ വിവാദത്തിലേക്ക്. മറ്റൊരാളുടെ രൂപത്തിനും നിറത്തിനും ലിംഗത്തിനും അല്ല പ്രാധാന്യം എന്ന വലിയൊരു മുന്നേറ്റത്തിലേക്ക് ലോകം പ്രവേശിച്ചുകഴിഞ്ഞ പുതിയ കാലത്ത് കാഴ്ചപ്പാടുകളെ പിറകോട്ട് വലിക്കുന്നതാണ് ഇത്തരത്തിലുള്ള പരസ്യങ്ങളെന്നാണ് വിമര്‍ശകരുടെ ആക്ഷേപം.
അഴകളവുകള്‍ക്കും നിറത്തിനും അതീവ പ്രാധാന്യം നല്‍കിയിരുന്ന പരസ്യലോകം പോലും ഒരു ഗ്ലാമര്‍ വസ്തുവില്‍ നിന്ന് വിവേകമുള്ള വ്യക്തിയായി സ്ത്രീയെ കാണാന്‍ തുടങ്ങിയ കാലത്തും സ്ത്രീ ശരീരത്തെ ആക്ഷേപിക്കുന്നതരത്തിലുള്ള ഇത്തരം പരസ്യങ്ങള്‍ പിന്തിരിപ്പനാണെന്നാണ് വെര്‍ച്വല്‍ ലോകം അഭിപ്രായപ്പെടുന്നത്.
വിഷ് ഡോട് കോം എന്ന ഫാഷന്‍ സൈറ്റാണ് ഈ പുതിയ പരസ്യത്തിന് പിറകില്‍. പ്ലസ് സൈസ് സ്റ്റോക്കിങ്ങിന്റെ ഒരു കാലിനുള്ളില്‍ മോഡല്‍ തന്റെ രണ്ടു കാലുകളുമിട്ട് നില്‍ക്കുന്ന ചിത്രം, ഒരു കാലിനുള്ളില്‍ മുഴുവനായി കയറി നില്‍ക്കുന്ന മോഡല്‍ തുടങ്ങിയ ചിത്രങ്ങളാണ് സ്‌റ്റോക്കിങ്ങിന്റെ പരസ്യത്തിന് വേണ്ടി ഇവര്‍ ഉപയോഗിച്ചത്. ഇതാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയത്.

എന്നാല്‍ ഈ ചിത്രങ്ങള്‍ മറ്റൊരു കമ്പനിക്കാരുടേതാണെന്ന വാദവും ശക്തമാകുന്നുണ്ട്. എത്ര വലിച്ചാലും കീറുകയോ കേടുവരികയോ ചെയ്യാത്ത ഉല്പന്നമെന്ന പേരില്‍ മാജിക് ടൈറ്റ്‌സ് തങ്ങളുടെ പ്രൊഡക്ടിന് വേണ്ടി നിര്‍മിച്ച പരസ്യചിത്രമാണ് പ്ലസ് സൈസുകാര്‍ക്കുള്ള സ്റ്റോക്കിങ്ങിന്റെ പരസ്യത്തിനായി വിഷ് ഡോട് കോം ഉപയോഗിക്കുന്നതത്രേ.

മോഷണം, സ്ത്രീ ശരീരത്തെ അപമാനിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് വിഷ് ഡോട് കോം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.