പ്ലെയിന്‍ നിറത്തിലുള്ള സാരികളെ അല്പം ക്രിയേറ്റിവിറ്റി ഉണ്ടെങ്കില്‍ ഒന്നു രൂപമാറ്റം ചെയ്‌തെടുക്കാം. അല്പം ക്ഷമയും ഇത്തിരി ചെലവും കൊണ്ട് ഒരു പുത്തന്‍ സാരി നിങ്ങള്‍ക്ക് സ്വന്തമാക്കാം. മാത്രമല്ല സിഗ്നേച്ചര്‍ സ്റ്റൈലായി മാറ്റുകയും ചെയ്യാം. 

പ്ലെയിന്‍ സാരി ആകര്‍ഷകമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി വ്യത്യസ്തങ്ങളായ ബ്ലൗസുകള്‍ പരീക്ഷിക്കുന്നതാണ്. ഹൈനെക്കും ഫുള്‍ സ്ലീവും ബോട്ട് നെക്കും, ഡിസൈനര്‍ ബ്ലൗസുകളും സാരിക്കൊപ്പം പരീക്ഷിക്കാം. 

പ്ലെയിന്‍ സാരിക്കൊപ്പം കോണ്‍ട്രാസ്റ്റ് കളറിലുള്ള കലംകാരി, ഫ്‌ലോറല്‍ ഡിസൈനിലുളള ബ്ലൗസ് അണിഞ്ഞുനോക്കൂ. സംഗതി എലഗന്റാണെന്ന് മാത്രമല്ല നിങ്ങളും ഫാഷനൊപ്പം സഞ്ചരിക്കുകയാണ് എന്ന് സ്വയം ഉറപ്പിക്കാം. റാണി പിങ്ക് നിറത്തിലുള്ള സാരിക്ക് ഓറഞ്ചും പിങ്കും ഫ്‌ലോറല്‍ ഡിസൈന്‍ വരുന്ന  വരുന്ന ബ്ലൗസ് അണിഞ്ഞുനോക്കൂ. ഇനി ബ്ലഡ് റെഡ് സാരിയാണെങ്കില്‍ നീലനിറത്തിലുള്ള കലംകാരി ബ്ലൗസ് ആകട്ടെ. ഓഫ് വൈറ്റ് കളറിലുള്ള പ്ലെയിന്‍ ജൂട്ട് സാരിയാണെങ്കില്‍ കറുത്ത കലംകാരി ബ്ലൗസ് നന്നായി ചേരും. ഫുള്‍ സ്ലീവ് ബ്ലൗസാണെങ്കില്‍ സംഗതി കുറക്കൂടി ഉഷാറാകും.

സാരിയുടെ അതേ നിറത്തിലുള്ള ബ്രൊക്കേഡ്, നെറ്റ് പീസുകള്‍ സ്ലീവിന് മാത്രം നല്‍കി ബോഡിയില്‍ സാരിയുടെ അതേ കളര്‍ നിലനിര്‍ത്തി ബ്ലൗസ് ആകര്‍ഷകമാക്കി സാരി ധരിച്ചുനോക്കൂ. 

സാരിക്ക് അതേ നിറത്തിലുള്ള നല്ല ക്വാളിറ്റി നെററ് ബ്ലൗസ് അണിയാം, ബോളിവുഡ് ഹീറോയിനെ പോലെ സുന്ദരിയാകാം. 

സാരി ചോക്ലേറ്റ് ബ്രൗണ്‍ ആണെങ്കില്‍ ഗോള്‍ഡന്‍ നെറ്റ് എടുത്ത് ചോക്ലേറ്റ് ബ്രൗണ്‍ ലൈനിങ് കൊടുക്കാം. വേണെങ്കില്‍ സ്ലീവ് ചോക്ലേറ്റ് ബ്രൗണില്‍ തീര്‍ക്കാം. 

ഇനി സാരിയെ വ്യത്യസ്തമാക്കണമെങ്കില്‍ അതിനും വഴിയുണ്ട്. സാരിക്ക് ബോര്‍ഡറായി മിറര്‍ ലേസ് കൊടുക്കാം. സാരിയുടെ അതേ നിറത്തില്‍ തന്നെയുള്ള ബ്ലൗസിന് ബോട്ട് നെക്ക് കൊടുത്ത് നെക്കിലും മിറര്‍ വര്‍ക്ക് ചെയ്യാം. സംഗതി കിടുക്കും.

ഇളംനീല കളറിലുള്ള സാരിയില്‍ അല്പം കടുത്ത നീലനിറമുള്ള ക്രേപ്പ് തുണി ഉപയോഗിച്ച് ബോര്‍ഡറുകളില്‍ പൈപ്പിങ് നല്‍കാം. 

പോളി സില്‍ക്ക് പ്ലെയിന്‍ സാരിയാണെങ്കില്‍ ആന, ജിമുക്കി, സംഗീതോപകരണങ്ങള്‍ എന്നീ ആകൃതിയിലുള്ള അച്ചുകള്‍ വാങ്ങി ഗോള്‍ഡന്‍ കളര്‍ ഫാബ്രിക് പെയിന്റില്‍ മുക്കി സാരിയുടെ ബോഡിയില്‍ പതിപ്പിച്ചുനോക്കൂ. നല്ല ക്ലാസി ലുക്ക് ചുളുവില്‍ കിട്ടും. 

സാരിയുടെ കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള ഫ്‌ലോറല്‍ ഡിസൈനിലുളള തുണി ഉപയോഗിച്ച് സാരിക്ക് ബോര്‍ഡര്‍ നല്‍കി നോക്കു. അതിനൊപ്പം ഗോള്‍ഡന്‍ ലേസും പിടിപ്പിക്കാം. 

സാരിയുടെ അതേ നിറത്തിലോ അല്ലെങ്കില്‍ അതിന്റെ ഡാര്‍ക്ക് ഷേഡിലുള്ളതോ ആയ വെല്‍വെറ്റ് സാരിക്ക് ബോര്‍ഡറായി നല്‍കാം. അതിനൊപ്പം ഡബിള്‍ ലെയര്‍ സ്‌റ്റോണ്‍ ലേസ് കൂടി നല്കിയാല്‍ സാരി മനോഹരമാകും 

ഇനി രണ്ടു നിറത്തിലുള്ള പ്ലെയിന്‍ സാരി ഇരിക്കുന്നുണ്ടെങ്കില്‍ മടിക്കേണ്ട കോണ്‍ട്രാസ്റ്റ് നിറത്തിലുള്ളതാണെങ്കില്‍ ബോഡിക്ക് ഒരു നിറവും പ്ലീറ്റ്‌സിനും മുന്താണിക്കും രണ്ടാമത്തെ നിറവും വരുന്ന രീതിയില്‍ വെട്ടി അടിച്ച് പുതിയൊരു സാരി ഉണ്ടാക്കാം.

Content Highlights: Plain Saree, New Trends in Saree, Reusing Saree